അംബേദ്കര്‍ ഗ്രാമങ്ങളിലൂടെ പട്ടികവിഭാഗങ്ങളുടെ സാമൂഹിക, സാമ്പത്തിക പുരോഗതി ഉറപ്പുവരുത്താന്‍ കഴിഞ്ഞതായി പട്ടികജാതി, പട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു. പണി പൂര്‍ത്തീകരിച്ച 15 അംബേദ്കര്‍ ഗ്രാമങ്ങളുടെ ഉദ്ഘാടനവും ഒന്‍പത് അംബേദ്കര്‍ ഗ്രാമങ്ങളുടെ നിര്‍മാണോദ്ഘാടനവും വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം 273 കോളനികളെയാണ് പദ്ധതിയുടെ ഭാഗമായി ഏറ്റെടുത്തത്. ഇതില്‍ 52 എണ്ണത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി. 221 എണ്ണത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണ്. പദ്ധതിയുടെ ഭാഗമായി ഒരുകോടി രൂപ വരെയുള്ള വികസന പ്രവര്‍ത്തനങ്ങളാണ് വിവിധ കോളനികളില്‍ നടന്നതെന്നും എല്ലാവര്‍ക്കും ഭൂമിയും വീടും ലഭ്യമാക്കുകയെന്നത് സര്‍ക്കാരിന്റെ നയമാണെന്നും അദ്ദേഹം പറഞ്ഞു.

പാറശ്ശാല മണ്ഡലത്തിലെ പുല്ലച്ചല്‍കോണം, പള്ളിത്തറ, ആറ്റിങ്ങല്‍ മണ്ഡലത്തിലെ തെന്നൂര്‍ ഈന്തന്നൂര്‍ വാഴ് വേലി, കാട്ടാക്കട മണ്ഡലത്തിലെ നിലമേല്‍, വാമനപുരം മണ്ഡലത്തിലെ ഏരുമല, നേമം മണ്ഡലത്തിലെ ആഴാങ്കല്‍ 44 ാം നഗര്‍, പൂഴിക്കുന്നില്‍ പറങ്കിമാംവിള എന്നിങ്ങനെ ഏഴു കോളനികളുടെ പണികളാണ് തിരുവനന്തപും ജില്ലയില്‍ പൂര്‍ത്തിയായത്. ആറ്റിങ്ങല്‍ മണ്ഡലത്തിലെ പറണ്ടക്കുഴി കോളനിയുടെ നിര്‍മാണം ആരംഭിച്ചിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി ഭവനങ്ങളുടെ പുനരുദ്ധാരണം, റോഡ് ടാറിംഗ്, റീടെയിനിംഗ് വാള്‍ നിര്‍മാണം, കോളനികളിലേക്കുള്ള ചെറു റോഡുകളുടെ നിര്‍മാണം, വൈദ്യുതീകരണം, മാലിന്യ സംസ്‌കരണം എന്നീ പ്രവര്‍ത്തികളാണ് കോളനികളില്‍ നടത്തിയത്.

ചടങ്ങില്‍ കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ മുഖ്യ അതിഥിയായിരുന്നു. പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍ പി. ശ്രീവിദ്യ, സി.കെ ഹരീന്ദ്രന്‍ എം.എല്‍.എ, ജനപ്രതിനിധികള്‍, ഉദ്യാഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു. ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍ പ്രത്യേക യോഗങ്ങളും ചേര്‍ന്നു.