ജില്ലയില്‍ പച്ചപ്പ് നിറയ്ക്കാന്‍ ‘ഗ്രീന്‍ കാര്‍പെറ്റ്’പരിശീലന പദ്ധതിയുമായി കുടുംബശ്രീ. പദ്ധതിയുടെ ഉദ്ഘാടനം
മണ്ണുത്തി കൃഷിവിജ്ഞാന കേന്ദ്രത്തില്‍ കൃഷി വകുപ്പ് മന്ത്രി അഡ്വ വി എസ് സുനില്‍ കുമാര്‍ നിര്‍വഹിച്ചു. ഗവ ചീഫ് വിപ്പ് അഡ്വ കെ രാജന്‍ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ മിഷന്‍, സമേതി, ആത്മ, കൃഷിവിജ്ഞാനകേന്ദ്രം എന്നീ സ്ഥാപനങ്ങളുടെ സംയുക്താഭിമുഖ്യത്തിലാണ് കുടുംബശ്രീ വനിതകള്‍ക്കായി 14 ദിവസത്തെ പൂന്തോട്ട പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.

പൂന്തോട്ട നിര്‍മ്മാണം, പരിപാലനം, മറ്റ് കാര്‍ഷിക വൃത്തികള്‍ എന്നിവയില്‍ വനിതകളെ സജ്ജമാക്കുകയാണ് പരിശീലനത്തിന്റെ ലക്ഷ്യം. സമൂഹ പൂന്തോട്ടം, മിനി ഗ്രീന്‍ ഹൗസ്, മഴമറകൃഷി, ഹാങ്ങിങ്, വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍, അക്വാപോണിക്‌സ്, ഓര്‍ണമെന്റല്‍ മത്സ്യകൃഷി, ഓമന മൃഗങ്ങളുടെ പരിപാലനം തുടങ്ങിയ വിഷയങ്ങളിലാണ് പ്രായോഗിക പരിശീലനം നല്‍കുക.

ഇതിനായി നാല് മുതല്‍ 10 വരെ അംഗങ്ങളുള്ള ടീമുകള്‍ രൂപീകരിക്കും. ഓരോ ജില്ലയിലും അഞ്ചു വീതം ഗ്രീന്‍ കാര്‍പെറ്റ് ടീമുകളാണ് ഉണ്ടാവുക. തിരഞ്ഞെടുത്ത ടീമംഗങ്ങള്‍ക്ക് പരിശീലനം നല്‍കും. സ്റ്റേറ്റ് അഗ്രികള്‍ച്ചറല്‍ മാനേജ്‌മെന്റ് എക്സ്റ്റന്‍ഷന്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് (സമേതി) മുഖേനയാണ് യൂണിറ്റുകള്‍ക്ക് പരിശീലനം നല്‍കുക. രണ്ട് ആഴ്ച നീണ്ടു നില്‍ക്കുന്ന ആദ്യ പരിശീലനം നവംബര്‍ 10 ന് തുടങ്ങും.

രണ്ടാഴ്ചത്തെ പരിശീലനത്തില്‍ വിത്തുല്പാദനം, പൂന്തോട്ടം, അടുക്കളത്തോട്ടം ഒരുക്കല്‍, ലാന്‍ഡ്‌സ്‌കേപ്പിങ് എന്നിങ്ങനെയുള്ള വിവിധ പ്രവര്‍ത്തനങ്ങളിലാണ് പരിശീലനം നല്‍കുക.ഗ്രീന്‍ കാര്‍പ്പറ്റ് യൂണിറ്റുകള്‍ സംരംഭ മാതൃകയിലാണ് പ്രവര്‍ത്തിക്കുക. വിവിധ ഗ്രീന്‍ കാര്‍പെറ്റ് യൂണിറ്റുകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ജില്ലയില്‍ കണ്‍സോര്‍ഷ്യം രൂപീകരിക്കും. ഒരു യൂണിറ്റിന് ലഭിക്കുന്ന ഓര്‍ഡര്‍ കണ്‍സോര്‍ഷ്യത്തിലെ മറ്റു ഗ്രൂപ്പുകളുമായി സംയോജിച്ച് പൂര്‍ത്തീകരിക്കും.

എല്ലാ യൂണിറ്റുകളും അതത് സി ഡി എസ്സുകളില്‍ 100 രൂപ അടച്ച് രജിസ്റ്റര്‍ ചെയ്യുകയും ഓരോ വര്‍ഷവും 100 രൂപ അടച്ച് രജിസ്‌ട്രേഷന്‍ പുതുക്കുകയും ചെയ്യണം. ഡിസംബര്‍ 1 മുതല്‍ ഗ്രീന്‍ കാര്‍പെറ്റ് ടീമുകള്‍ സജ്ജമാകും.