ഒല്ലൂര്‍ നിയോജക മണ്ഡലത്തിലെ പുത്തൂര്‍ സെന്ററിന്റെ വികസനവുമായി ബന്ധപ്പെട്ട് നടന്നു കൊണ്ടിരിക്കുന്ന സര്‍വേ നടപടികള്‍ നവംബര്‍ 15 നകം പൂര്‍ത്തിയാക്കുമെന്ന് ലാന്റ് അക്വിസിഷന്‍ (എല്‍ എ), സര്‍വേ വിഭാഗങ്ങള്‍ ഗവ. ചീഫ് വിപ്പ് കെ രാജന്‍, ജില്ലാ കലക്ടര്‍ എസ് ഷാനവാസ് എന്നിവരെ അറിയിച്ചു. കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തിലാണ് ഉദ്യോഗസ്ഥര്‍ ഇക്കാര്യം ഇരുവരേയും അറിയിച്ചത്.

3.7 കി.മീറ്റര്‍ റോഡിന് ഇരുവശത്തുമുള്ള സര്‍വേ യാണ് ഇപ്പോള്‍ ആരംഭിച്ചിട്ടുള്ളത്. പുറമ്പോക്ക് ഭൂമി ഏറ്റെടുക്കുന്ന നടപടിയും ഇതിന്റെ ഭാഗമായി നടക്കുന്നുണ്ട്. നിശ്ചിത സ്ഥലം വരെ നേര്‍രേഖയിലാണ് സര്‍വേ.

7 ദിവസം കൊണ്ട് ഇവിടുത്തെ ഹിയറിങ് പൂര്‍ത്തിയാക്കും. ഏറ്റെടുക്കുന്ന സ്ഥലങ്ങളില്‍ കല്ലുകൊണ്ടും കടകള്‍, വീടുകള്‍, മറ്റ് കെട്ടിടങ്ങള്‍ എന്നിവ പുറമ്പോക്കിലാണെങ്കില്‍ അവിടെ അടയാളമിട്ടും സ്ഥലം ഏറ്റെടുക്കും. സ്ഥലമേറ്റെടുക്കുമ്പോഴുള്ള സാമൂഹിക ആഘാത പഠനവും വേഗം പൂര്‍ത്തീകരിക്കും. ഏറ്റെടുത്ത പുറമ്പോക്ക് സ്ഥലത്തിന്റെ വിവരങ്ങള്‍ പൊതുമരാമത്ത് സെക്രട്ടറിയെ അറിയിക്കാനും തീരുമാനിച്ചു.

പുറമ്പോക്ക് സ്ഥലങ്ങളിലെ നിര്‍മാണ പ്രവൃത്തികള്‍ പൊളിക്കുന്നതിനായി നോട്ടീസ് നല്‍കും. കയ്യേറിയ സ്ഥലമുണ്ടെങ്കില്‍ കണ്ടെത്തി തിരിച്ചുപിടിക്കും. തദ്ദേശ തിരഞ്ഞെടുപ്പ് ചട്ടം പാലിച്ച് വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കത്തു നല്‍കുമെന്നും അതിനാല്‍ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടില്ലെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി.

സര്‍വേ നടപടികള്‍ കഴിഞ്ഞാലുടന്‍ ഗവ. വിജ്ഞാപനം നടത്തുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. ലാന്റ് അക്വിസിഷന്‍ തഹസില്‍ദാര്‍, സര്‍വേ സൂപ്രണ്ട് എന്നിവരുടെ നേതൃത്വത്തിലാണ് പ്രവൃത്തികള്‍ പുരോഗമിക്കുന്നത്.