ഐ ടി ഐ ഹരിത ക്യാമ്പസ് ജില്ലാതല പ്രഖ്യാപനം ചാലക്കുടി ഗവ വനിതാ ഐ ടി ഐയില്‍ ബി ഡി ദേവസ്സി എം എല്‍ എ നിര്‍വഹിച്ചു. ഐ ടി ഐകളെ പരിസ്ഥിതി സൗഹാര്‍ദ്ദവും ഹരിതാഭവുമാക്കി മാറ്റുന്നതിന്റെ ഭാഗമായി ഹരിത കേരള മിഷന്റെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതി ആസൂത്രണ മികവിലെ പുതുമകൊണ്ട് ശ്രദ്ധയാകര്‍ഷിക്കുന്നതായി എം എല്‍ എ പറഞ്ഞു. പ്രകൃതി സംരക്ഷണം മുന്നില്‍കണ്ട് നല്ല മണ്ണ്, വെള്ളം, വായു, ശരിയായ മാലിന്യ നിര്‍മാര്‍ജ്ജനം, ജൈവകൃഷി എന്നിവയെക്കുറിച്ചുള്ള ചിന്ത തൊഴില്‍ പരിശീലന കേന്ദ്രങ്ങളില്‍ തന്നെ വളര്‍ത്തിയെടുക്കാന്‍ ഈ പദ്ധതിയിലൂടെ കഴിയുന്നതായും എം എല്‍ എ പറഞ്ഞു.

അഞ്ചര ലക്ഷം രൂപ ചെലവില്‍ വ്യാവസായിക പരിശീലന വകുപ്പ് ജില്ലാ ഹരിത കേരള മിഷന്റെയും കോസ്റ്റ് ഫോര്‍ഡിന്റെയും സഹായത്തോടെയാണ് ഐ ടി ഐകള്‍ ഹരിത ക്യാമ്പസാക്കി മാറ്റുന്ന പദ്ധതി നടപ്പിലാക്കുന്നത്. ശുചിത്വം, ജല സംരക്ഷണം, കൃഷി, മലിനജല പുനരുപയോഗം തുടങ്ങിയ 14 പദ്ധതികളാണ് ഇതിന്റെ ഭാഗമായി ഓരോ ഐ ടി ഐ ക്യാമ്പസുകളിലും നടപ്പിലാക്കുക. കൂടാതെ ക്യാമ്പസില്‍ ചെടികളും മരങ്ങളും നട്ടുപിടിപ്പിക്കും. ജൈവ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മാതൃകാ കൃഷിതോട്ടം നിര്‍മിക്കും.

ജില്ലയിലെ ആദ്യത്തെ ഐ ടി ഐ ഹരിത ക്യാമ്പസായി തിരഞ്ഞെടുത്തതിന്റെ അനുമോദന പത്രം നഗരസഭ ചെയര്‍പേഴ്‌സണ്‍ ജയന്തി പ്രവീണ്‍ കുമാര്‍ ഐ ടി ഐ പ്രിന്‍സിപ്പല്‍ പി എ സെബാസ്റ്റ്യന് നല്‍കി. ഹരിത കേരള മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി എസ് ജയകുമാര്‍ പദ്ധതി വിശദീകരണം നടത്തി.