ജില്ലാപഞ്ചായത്ത് വിഷന്‍ 2025  വികസന സെമിനാര്‍ നടന്നു

പ്രകൃതി-മനുഷ്യ വിഭവങ്ങള്‍ ഉറങ്ങിക്കിടക്കുന്നത് ഗ്രാമങ്ങളിലാണെന്നും  അതിന്റെ  സാധ്യതകളെ പ്രയോജനപ്പെടുത്തിയാല്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്ന്  ജില്ലാ പഞ്ചായത്ത് തെളിയിച്ചിരിക്കുകയാണെന്നും  തുറമുഖ-പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ വിഷന്‍ 2025 വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാങ്കേതിക ശാസ്ത്രീയ, ഭൗതിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി ആധുനിക വല്‍ക്കരണത്തിലൂടെ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച് മുന്നോട്ട് കുതിക്കുകയാണ് ജില്ലാപഞ്ചായത്ത്. ദീര്‍ഘ വീക്ഷണത്തോടെയുള്ള ആസൂത്രണവും പ്രവര്‍ത്തനങ്ങളും കക്ഷിരാഷ്ട്രീയത്തിന് അതീതമായ കൂട്ടായ്മയുമാണ് ജില്ലാപഞ്ചായത്തിനെ ഈ വിജയം കൈവരിക്കാന്‍ പ്രാപ്തമാക്കിയതെന്നും മന്ത്രി പറഞ്ഞു. പ്രായോഗികതയും, കാര്യക്ഷമതയും, സുതാര്യതയും, പ്രയോജനക്ഷമതയും കൂടി സംഗമിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ  പഞ്ചായത്ത് നേതൃത്വം കൊടുക്കുന്നതിനാലാണ് ഇന്ന് കാണുന്ന അഭൂതപൂര്‍വ്വമായ മാറ്റം കൈവരിക്കാനായതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സാങ്കേതിക വിദ്യയുടെ വളര്‍ച്ച വികസന പ്രവര്‍ത്തനത്തിലും ഭരണസംവിധാനത്തിലും നടപ്പിലാക്കാനുള്ള ശ്രമമാണ് ജില്ലാ പഞ്ചായത്ത് നടത്തിയതെന്നും അതൊരു വിജയമായിരുന്നുവെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യയുടെ പ്രയോഗം ആസൂത്രണ പ്രക്രിയയില്‍ ഉണ്ടാവണം എന്ന കാഴ്ചപ്പാടാണ് ജില്ലാ പഞ്ചായത്തിന് ഉണ്ടായിരുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെട്ട നിലയിലേക്ക് മാറി. സ്വയം പര്യാപ്തമായ കാര്‍ഷിക ഗ്രാമങ്ങള്‍ എന്ന ആശയം മുന്നോട്ട് വെച്ചുള്ള പ്രവര്‍ത്തനങ്ങള്‍ കാര്‍ഷിക മേഖലയില്‍ വന്‍ മുന്നേറ്റത്തിന് കാരണമായി. വിവിധ പദ്ധതികളുടെ ഭാഗമായി ഓരോ മേഖലകളിലും മണ്ണിന്റെ സ്വഭാവം അനുസരിച്ച്  കൃഷികള്‍ ഇറക്കാനും 43 പഞ്ചായത്തുകളില്‍ വിവിധ ധാന്യങ്ങളുടെയും പച്ചക്കറി കൃഷിയുടെയും കാര്യത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചതും കാര്‍ഷിക മേഖലയിലെ ശ്രദ്ധേയമായ നേട്ടമാണ്. തരിശുനിലം കൃഷി യോഗ്യമാക്കാന്‍ ഗ്രാമപഞ്ചായത്തുകളുമായി സഹകരിച്ച് നടപ്പിലാക്കിയ പദ്ധതികളും ഫലപ്രദമായി. കാര്‍ഷിക മേഖല അഭിമുഖീകരിച്ച വലിയൊരു പ്രതിസന്ധിയായിരുന്നു കാര്‍ഷികവൃത്തി ചെയ്യുന്ന ആളുകളുടെ കുറവ്. ആ ഘട്ടത്തിലാണ് യന്ത്രവല്‍കൃത കൃഷിരീതിയെ ആശ്രയിച്ചത്. മികച്ച പ്രതികരണമാണ് ഇതിന് ലഭിച്ചത്. പഞ്ചായത്തുകളില്‍ നടപ്പിലാക്കിയ പൂക്കൃഷിയാണ് നൂതനമായ മറ്റൊരു വ്യത്യസ്തമായ ആശയം. ഇതിന്റെ 15 ലക്ഷം രൂപയോളം ലാഭം ഉണ്ടാക്കിയ സംഘങ്ങള്‍ ഈ രംഗത്തുണ്ട്. വളരെ മെച്ചപ്പെട്ട രീതിയില്‍ മുന്നോട്ട് പോകുന്ന മേഖലയാണ് ഇത്. ഇത്തരത്തില്‍ കാര്‍ഷിക മേഖലയില്‍ വ്യത്യസ്തമായ ആശയങ്ങള്‍ നടപ്പിലാക്കിയതിലൂടെ കൃഷിയില്‍ ഉണര്‍വുണ്ടാക്കാന്‍ സാധിച്ചു.
ജില്ലാ പഞ്ചായത്ത് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ വിദ്യാലയങ്ങളിലെ ശൗചാലയങ്ങളുടെ ശോച്യാവസ്ഥ മനസ്സിലാക്കുകയും അതിന് പരിഹാരം കാണുന്നതിനായി രണ്ട്  കോടി ചെലവില്‍ ശുചീകരണ കിറ്റുകളും, വാട്ടര്‍ ജെറ്റ് ക്ലീനറുകളും ലഭ്യമാക്കുകയും ചെയ്തു. ഏറ്റവും ശോച്യാവസ്ഥയിലായിരുന്ന 25 സ്‌കൂളുകളില്‍ അഞ്ച്  മോഡുലാര്‍ ടോയ്‌ലെറ്റുകള്‍ വീതം ലഭ്യമാക്കി. സ്‌കൂളുകളില്‍ സിസിടിവി സംവിധാനങ്ങളും നടപ്പിലാക്കി. ജില്ലാ പഞ്ചായത്തിന്റെ സോളാര്‍ പ്രൊജക്റ്റിന്റെ ഭാഗമായി സ്‌കൂളുകളിലും അനുബന്ധ സ്ഥാപനങ്ങളിലും സ്ഥാപിച്ച സോളാര്‍ പാനലുകളില്‍ നിന്ന് അഞ്ച് മെഗാ വാട്ട് വൈദ്യുതിയാണ് ലഭ്യമാകുന്നത്.
സ്‌കൂളുകളുടെ അക്കാദമിക് നിലവാരം മെച്ചപ്പെടുത്തുന്നതിനായി ജില്ലാ പഞ്ചായത്ത് നടപ്പിലാക്കിയ ബി പോസിറ്റീവ് പദ്ധതി വഴി  കുട്ടികളുടെ കുടുംബാന്തരീക്ഷവും പഠനവൈകല്യങ്ങളും ശാസ്ത്രീയമായി പഠിക്കാനും വിജയശതമാനത്തില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കാനും സാധിച്ചു. സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തോടൊപ്പം ജില്ലാപഞ്ചായത്ത് കൂടി ചേര്‍ന്നപ്പോള്‍ ജില്ലയിലെ സര്‍ക്കാര്‍-എയ്ഡഡ് വിദ്യാഭ്യാസം സ്ഥാപനങ്ങളിലെ  പഠനനിലവാരം മെച്ചപ്പെടുത്താനും അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും സാധിച്ചു. കഴിഞ്ഞ നാല് വര്‍ഷം കൊണ്ട് ജില്ലാ ആശുപത്രിയിലും ശ്രദ്ധേയമായ വികസനപ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കിയത്. ജില്ലാ ആശുപത്രിയെ ആശ്രയിക്കുന്ന രോഗികളുടെ എണ്ണത്തില്‍ പതിന്മടങ്ങ് വര്‍ധനവുണ്ടായി. സാധാരണക്കാരന് ധൈര്യപൂര്‍വ്വം കടന്നു ചെല്ലാന്‍ കഴിയുന്ന ഒന്നായി ആശുപത്രി സംവിധാനം മാറ്റുക എന്ന ലക്ഷ്യമാണുള്ളത്. 76 കോടി രൂപ ചെലവില്‍ നടക്കുന്ന സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടി പൂര്‍ത്തിയാകുന്നതോടെ ജില്ലയിലെ ഏറ്റവും മികച്ച ചികിത്സാകേന്ദ്രമായി ജില്ലാ ആശുപത്രി മാറുമെന്നും അദ്ദേഹം പറഞ്ഞു.
ക്ഷേമകാര്യത്തില്‍ പട്ടിക ജാതി- പട്ടിക വര്‍ഗ്ഗ മേഖലയിലെ പഠനനിലവാരം ഉയര്‍ത്താന്‍ ജില്ലാ ഭരണകൂടത്തിന്റെ സഹായത്തോടെ വലിയ ശ്രമങ്ങളാണ് നടത്തിയത്. ആറളം ഫാം സ്‌കൂളില്‍ ഉണ്ടായ മാറ്റം ഇതില്‍ എടുത്തുപറയേണ്ടതാണ്. ഗ്രാമീണ റോഡുകളുടെ കണക്ടിവിറ്റി മാപ്പുകള്‍ തയ്യാറാക്കാന്‍ കഴിഞ്ഞതും ആധുനിക ശ്മശാനങ്ങളുടെ നിര്‍മ്മാണങ്ങളും,  ബഡ്സ് സ്‌കൂളുകളുടെ വികസനങ്ങളും   ജില്ലാപഞ്ചായത്തിന്റെ വികസന നേട്ടങ്ങളില്‍ പ്രാധാനപ്പെട്ടതാണ്. വിവിധ വകുപ്പുകളുടെ സഹകരണത്തോടെ കാലത്തിനനുസൃതമായ വികസനപ്രവര്‍ത്തനങ്ങള്‍  നടത്താന്‍ സാധിച്ചതായും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കൂട്ടിച്ചേര്‍ത്തു.