സംസ്ഥാനത്തെ ഐ.ടി.ഐ കാമ്പസുകള്‍ ഹരിത ക്യാമ്പസുകളാക്കുന്ന പദ്ധതിയുടെ ആദ്യഘട്ട പ്രഖ്യാപനം  തൊഴിലും നൈപുണ്യവും – എക്സൈസ് വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. ഹരിതകേരള മിഷന്റെ സഹകരണത്തോടെ വ്യാവസായിക പരിശീലന വകുപ്പിനു കീഴിലുള്ള തെരെഞ്ഞെടുക്കപ്പെട്ട 11 സര്‍ക്കാര്‍ ഐ.ടി.ഐകളെയാണ് ഹരിത ക്യാമ്പസ് ആയി പ്രഖ്യാപിച്ചത്. ഹരിതകേരളം മിഷന്‍ എക്‌സിക്യുട്ടീവ് വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ.ടി.എന്‍.സീമ അധ്യക്ഷയായിരുന്നു. വ്യാവസായിക പരിശീലന വകുപ്പ് ഡയറക്ടര്‍ ഡോ.എസ്.ചിത്ര, ഹരിതകേരളം മിഷന്‍ കൃഷി ഉപവിഭാഗം കണ്‍സള്‍ട്ടന്റ് എസ്.യു.സഞ്ജീവ്, വ്യാവസായിക വകുപ്പ് അഡീഷനല്‍ ഡയറക്ടര്‍ ജസ്റ്റിന്‍ രാജ് എന്നിവര്‍ പങ്കെടുത്തു.
പദ്ധതിയുടെ ജില്ലാതല പ്രഖ്യാപനവും അനുമോദനപത്ര വിതരണവും അരീക്കോട് ഗവ. ഐ.ടിഐ നടന്ന ചടങ്ങില്‍  പഞ്ചായത്ത് പ്രസിഡന്റ് എം.പി രമ നിര്‍വഹിച്ചു. അനുമോദനപത്രം ഐ.ടി.ഐ പ്രിന്‍സിപ്പല്‍ പി.വാസുദേവന്‍ ഏറ്റുവാങ്ങി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് ഷാഫി ഐ.ടി.ഐയില്‍ സ്ഥാപിച്ചിട്ടുള്ള അക്വാപോണിക്സ് കൃഷിരീതി ഉദ്ഘാടനം ചെയ്തു.
പദ്ധതിയുടെ ഭാഗമായി ജൈവ – അജൈവ മാലിന്യങ്ങള്‍ വേര്‍തിരിച്ച് സംസ്‌കരിക്കുന്നതിനായി മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി, ബയോ ഗ്യാസ് പ്ലാന്റ്,  ഇന്‍സിനിറേറ്റര്‍, പൂന്തോട്ടം, വാഴകൃഷി, അക്വാപോണിക്സ് സിസ്റ്റം,  സെന്‍ട്രല്‍ ഗ്രൗണ്ട് വാട്ടര്‍ ഡിപ്പാര്‍ട്മെന്റിന്റെ സഹായത്തോടെ കുഴല്‍ കിണര്‍, കൃഷിഭവന്റെ സഹായത്തോടെ മഴമറ, ജല ലഭ്യത ഉറപ്പ് വരുത്തുന്നതിനായി ഗ്രൗണ്ടിനോട് ചേര്‍ന്ന് കുളം എന്നിവ ക്യാമ്പസില്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്.