കര്ഷകരില് നിന്നും സപ്ലൈകോ സംഭരിക്കുന്ന നെല്ലിന്റെ പരിധി ഏക്കറിന് 2200 കിലോയില് നിന്നും 2700 കിലോയായി ഉയര്ത്തണമെന്ന് കെ.വി.വിജയദാസ് എം.എല്.എ ജില്ലാ വികസന സമിതി യോഗത്തില് ആവശ്യപ്പെട്ടു. ജില്ലാ കലക്ടര് ഡി.ബാലമുരളി അധ്യക്ഷനായ ജില്ലാ വികസന സമിതി യോഗത്തിലാണ് ഇതു സംബന്ധിച്ച് എം.എല്.എ പ്രമേയം ആവതരിപ്പിച്ചത്. നിലവില് കര്ഷകരില് നിന്നും ഒരേക്കറില് നിന്ന് 2200 കിലോഗ്രാം നെല്ലാണ് സംഭരിക്കുന്നത്. ഇതില് കൂടുതല് സംഭരിക്കണമെങ്കില് കൃഷി ഓഫീസറുടെ ശുപാര്ശ ആവശ്യമുണ്ട്. എന്നാല് ജില്ലയില് കര്ഷകര്ക്ക് ഏക്കറില് 3000 കിലോ നെല്ല് വരെ ലഭിക്കുന്ന സാഹചര്യമുള്ളതിനാല് പരിധി ഉയര്ത്തണമെന്ന് എം.എല്.എ ആവശ്യപ്പെട്ടു. ജില്ലയില് ഇതുവരെ നെല്കര്ഷകരില് നിന്നും 21800 ടണ് നെല്ല് സംഭരിച്ചതായി പാഡി മാര്ക്കറ്റിംഗ് ഓഫീസര് അറിയിച്ചു.

ജില്ലയില് വിവിധ താലൂക്കാശുപത്രികള് കേന്ദ്രീകരിച്ച് നടത്തുന്ന മെഡിക്കല് ക്യാമ്പുകള് വിപുലപ്പെടുത്തണമെന്ന് ജില്ലാ കലക്ടര് ജില്ലാ മെഡിക്കല് ഓഫീസര്ക്ക് നിര്ദ്ദേശം നല്കി. നിലവില് വിദ്യാര്ത്ഥികള്ക്ക് ഡിസെബിലിറ്റി സര്ട്ടിഫിക്കറ്റുകള് ലഭ്യമാക്കുന്നതിനായാണ് ക്യാമ്പുകള് സംഘടിപ്പിക്കുന്നത്. ക്യാമ്പുകള് എല്ലായിടത്തും സജീവമാക്കാന് വി.ടി.ബല്റാം എം.എല്.എ ആവശ്യപ്പെട്ടു. ആവശ്യമായവര്ക്ക് സര്ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിനും മെഡിക്കല് ക്യാമ്പിന്റെ വിശദാംശങ്ങള് സമര്പ്പിക്കുന്നതിനും ജില്ലാ കലക്ടര് നിര്ദ്ദേശിച്ചു.

* ഹരിതകേരളം

ജില്ലയില് ഉറവിട മാലിന്യ സംസ്‌ക്കരണം, ബയോ വേസ്റ്റ് മാനേജ്‌മെന്റ് എന്നിവ പുരോഗമിക്കുന്നതായി ജില്ലാ ശുചിത്വ മിഷന് കോര്ഡിനേറ്റര് ടി.ജി.അഭിജിത്ത് അറിയിച്ചു. 249 കിണര് റീചാര്ജ്ജിംഗും 397 കിണറുകളുടെ നിര്മാണവും ഹരിതകേരളം മിഷനിലൂടെ പൂര്ത്തിയാക്കിയിട്ടുണ്ട്. കൂടാതെ 272 കുളങ്ങളും 843 മഴക്കുഴികളും നിര്മിച്ചു.

* പൊതുവിദ്യാഭ്യാസം

കിഫ്ബി ഫണ്ടുപയോഗിച്ച് സ്‌കൂളുകളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിനായി തെരഞ്ഞെടുത്ത 12 വിദ്യാലയങ്ങളില് 11 എണ്ണം പണി പുരോഗമിക്കുന്നതായി പൊതുവിദ്യാഭ്യാസം ജില്ലാ കോര്ഡിനേറ്റര് അറിയിച്ചു. ഒരെണ്ണം പൂര്ത്തിയായിട്ടുണ്ട്. മൂന്നു കോടി രൂപയുടെ ഫണ്ടുപയോഗിച്ച് നിര്മിക്കുന്നതില് രണ്ട് സ്‌കൂളുകള് പണി പൂര്ത്തിയായി. ഒരെണ്ണം പുരോഗമിക്കുന്നു. ഇതിനു പുറമെ കിഫ്ബി ഫണ്ടില് നിന്നും പ്ലാന് ഫണ്ടില് നിന്നും നിര്മിക്കുന്ന മറ്റ് വിദ്യാലയങ്ങളുടെ പണികള് ഉടന് ആരംഭിക്കും.

* ലൈഫ്

ലൈഫ് ഭവനപദ്ധതിയില് ഒന്നാംഘട്ടം 94 ശതമാനവും രണ്ടാംഘട്ടം 91 ശതമാനവും പൂര്ത്തിയായതായി ലൈഫ് മിഷന് ജില്ലാ കോര്ഡിനേറ്റര് അറിയിച്ചു. ലൈഫ് മിഷന് മൂന്നാംഘട്ടത്തില് ഉള്്‌പ്പെട്ട ചിറ്റൂര് വെള്ളപ്പന കോളനി, കൊടുമ്പ് എന്നിവിടങ്ങളിലെ പാര്പ്പിട സമുച്ചയങ്ങള് എന്നിവയുടെ പ്രവര്ത്തനങ്ങള് പുരോഗമിക്കുന്നതായും ജില്ലാ കോര്ഡിനേറ്റര് അറിയിച്ചു.

* സുഭിക്ഷ കേരളം

സുഭിക്ഷ കേരളം പദ്ധതി പ്രകാരം ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്ക്ക് തരിശ് നിലകൃഷിക്കായി 51.9 കോടിയുടെയും സാധാരണ കൃഷികള്ക്കായി 47.6 കോടിയുടേയും പദ്ധതികള്ക്ക് അംഗീകാരം ലഭിച്ചു. 2973 കര്ഷകരാണ് 856 ഹെക്ടര് സ്ഥലത്ത് തരിശുനില കൃഷി ചെയ്യുന്നത്. വീട്ടുവളപ്പിലെ പച്ചക്കറികൃഷിക്കായുള്ള വിത്തു പാക്കറ്റുകളുടെയും ഫലവര്ഗ വിളകളുടേയും വിതരണം പൂര്ത്തിയായി. ഇതിനു പുറമെ 882 യൂണിറ്റുകളില് സംയോജിത കൃഷി നടപ്പിലാക്കുന്നുണ്ട്. ജനപങ്കാളിത്തം ഉറപ്പാക്കുന്നതിനായി 217 കാര്ഷിക വികസന സമിതികളും 865 വാര്ഡ്തല കമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ട്.

കളലക്ടറേറ്റ് കോണ്ഫറന്സ് ഹാളില് ഓണ്ലൈനായി സംഘടിപ്പിച്ച ജില്ലാ വികസന സമിതി യോഗത്തില് കെ.ബാബു എം.എല്.എ, ജില്ലാ പ്ലാനിംഗ് ഓഫീസര് ഏലിയാമ്മ നൈനാന്, വകുപ്പു മേധാവികള് എന്നിവര് പങ്കെടുത്തു.