നെന്മാറ ബ്ലോക്ക് പഞ്ചായത്ത് 2020-21 വാര്ഷിക പദ്ധതിയിലുള്പ്പെടുത്തി ബ്ലോക്ക് പരിധിയിലെ 13 അങ്കണവാടികളെ ‘സ്മാര്ട്ട് ‘ ആക്കുന്നു. നെന്മാറ, അയിലൂര്, പല്ലശ്ശന, എലവഞ്ചേരി, മേലാര്കോട്, വണ്ടാഴി, നെല്ലിയാമ്പതി എന്നിങ്ങനെ ഏഴു പഞ്ചായത്തുകളിലായി അങ്കണവാടികളെ സ്മാര്ട്ട് ആക്കുന്നതിനായി 17 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. നെല്ലിയാമ്പതിയില് ഒരു അങ്കണവാടിയും മറ്റു പഞ്ചായത്തുകളില് രണ്ട് അങ്കണവാടികള് വീതവുമാണ് സ്മാര്ട്ടായി മാറുന്നത്.
അങ്കണവാടികള് സ്മാര്ട്ട് ആക്കുന്നതിന്റെ ഭാഗമായി ചുമര്ച്ചിത്രങ്ങള്, പുറംവാതില് കളിയുപകരണങ്ങള്, ബീന് ആകൃതിയിലുള്ള ഇരിപ്പിടങ്ങള്, ആകര്ഷകമായ ബോര്ഡുകള്, പല നിറങ്ങളിലുള്ള ഇംഗ്ലീഷ്, മലയാളം അക്ഷരമാലകള്, ഗണിതം എന്നിങ്ങനെയാണ് സജ്ജീകരണം.
ആദ്യഘട്ടത്തില് അയിലൂര് പഞ്ചായത്തിലെ തിരുവഴിയാട് ഏഴാം വാര്ഡ് 42-ാം നമ്പര് അങ്കണവാടി സ്മാര്ട്ടാക്കിയതിന്റെ പ്രവര്ത്തനോദ്ഘാടനം നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി.രാമകൃഷ്ണന് നിര്വഹിച്ചു. അയിലൂര് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.സുകുമാരന് അധ്യക്ഷനായി. വാര്ഡ് മെമ്പര് എം. പത്മഗിരീശന്, ബ്ലോക്ക് സെക്രട്ടറി കെ.സി. ജിനീഷ്, ഐ.സി.ഡി.എസ് ഓഫീസര് ജി. ജയശ്രീ, സൂപ്പര്വൈസര് എം.സുഭാഷിണി, കെ. സിന്ധു എന്നിവര് പങ്കെടുത്തു