മൊട്ടക്കുന്നില്‍ പച്ച പുതച്ച ക്യാമ്പസിനെ ഒരുക്കി തീര്‍ത്ത് നാടിന് മാതൃകയാവുകയാണ് പുല്ലൂര്‍.ഐ.ടി.ഐ. 2018 നവംബര്‍ ഒന്നു മുതല്‍ പെരിയയിലെ ചെങ്കല്‍ പാറ നിറഞ്ഞ പ്രദേശത്ത് പ്രവര്‍ത്തിച്ചു വരുന്ന പുല്ലൂര്‍ ഐ.ടി.ഐ സംസ്ഥാന സര്‍ക്കാറിന്റെ ഹരിത ക്യാമ്പസ് പദവി ഏറ്റു വാങ്ങിയിരിക്കുകയാണ്. ക്യാമ്പസിന്റെ സൗന്ദര്യം വര്‍ധിപ്പിക്കാനായി ട്രെയ്നികളും ജീവനക്കാരും ചേര്‍ന്ന് നേരത്തേ തന്നെ ഫലവൃക്ഷ തൈകളും പച്ചക്കറി തോട്ടവും നിര്‍മ്മിച്ച് പരിപാലിച്ചു പോരുന്നതിനിടെയാണ് ഹരിത കേരളമിഷന്റെ ഹരിത ക്യാമ്പസ് പദ്ധതി ആരംഭിക്കുന്നത്.
ഐ.ടി.ഐയില്‍ നിന്നും നല്‍കിയ മാസ്റ്റര്‍ പ്ലാനില്‍ പ്രധാനമായും നടപ്പിലാക്കേണ്ട ഒന്‍പത് പദ്ധതികളുടെ അടിസ്ഥാനത്തില്‍ പുല്ലൂര്‍ ഐ.ടി.ഐ ഹരിത വത്ക്കരണത്തിനായി 4,75000 രൂപ കേരള സര്‍ക്കാര്‍ അനുവദിച്ചു. മാസ്റ്റര്‍ പ്ലാനില്‍ പ്രധാനമായി പറഞ്ഞ ഫലവൃക്ഷ തൈകള്‍ വെച്ചു പിടിപ്പിക്കല്‍ പദ്ധതിയില്‍ മാവ്, പ്ലാവ്, തെങ്ങ് തുടങ്ങിയവ പ്രധാനമായും നട്ടു പിടിപ്പിച്ചു. ഈ തൈകള്‍ ഐ.ടി.ഐ ജീവനക്കാരും ട്രെയ്നികളും പരിപാലിച്ചു വരുന്നു. കൃഷിഭവനില്‍ നിന്നും ഫലവൃക്ഷ തൈകള്‍ ശേഖരിച്ച് പദ്ധതി നടപ്പിലാക്കി. പദ്ധതി നിര്‍വ്വഹണ ചുമതല വഹിച്ചത് ജില്ലാ നിര്‍മ്മിതി കേന്ദ്രമാണ്.
പുല്ലൂര്‍. ഐ.ടി.ഐയുടെ മെയിന്‍ ബ്ലോക്കില്‍ പോര്‍ച്ചിന് ഇരു വശത്തുമായി പുല്‍ത്തകിടിയും പൂച്ചെടികളും ഭംഗിയായി ഒരുക്കിയ പൂന്തോട്ടം ക്യാമ്പസിന്റെ ഹരിത സൗന്ദര്യത്തിന് മാറ്റു കൂട്ടും. മാലിന്യ സംസ്‌ക്കരണത്തിന് വളരെ പ്രയാസം അനുഭവിക്കുന്ന ഈ കാലത്ത് ശാസ്ത്രീയമായി മാലിന്യ നിര്‍മ്മാര്‍ജ്ജനം നടത്തി വളം ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പദ്ധതി ആരംഭിച്ചു. ഈ രീതിയില്‍ ക്യാമ്പസിലെ മാലിന്യങ്ങളെ വളമാക്കി പുനരുപയോഗിക്കാവുന്ന രീതിയില്‍ സംസ്‌ക്കരിച്ചെടുക്കുന്നു.
എത്രമാത്രം ഹരിതമാക്കിയാലും തീരെ ഒഴിവാക്കാനാകാത്തതോ, എല്ലാവരുടേയും ശ്രദ്ധ എളുപ്പത്തില്‍ പതിയാത്തതോ ആയ ചില പ്ലാസ്റ്റിക്ക് ഉത്പന്നങ്ങള്‍ പിന്നേയും ഉപയോഗിക്കേണ്ടി വന്നപ്പോള്‍, സമ്പൂര്‍ണ്ണ ശുചിത്വ ക്യാമ്പസ് സാക്ഷാത്ക്കരിക്കാന്‍ അത്തരം സാധനങ്ങളും അജൈവ മാലിന്യങ്ങളും സംസ്‌ക്കരിക്കാന്‍ ആവശ്യമായ പാത്രങ്ങല്‍ വാങ്ങി കൃത്യമായി ഉപയോഗിച്ചു വരികയാണ്. ഉപയോഗശൂന്യമായ പേനകള്‍ നിക്ഷേപിക്കാന്‍ പെന്‍ ബോക്സ്, മിഠായി കടലാസുകളും പേപ്പറുകളും ശേഖരിക്കാന്‍ കങ്കാരു ബോക്സുകള്‍ തയ്യാറാക്കി. മാലിന്യ സംസ്‌ക്കരണത്തിനായി ക്യാമ്പസിനകത്ത് ക്യാമ്പയിനുകളും ശില്‍പശാലകളും സംഘടിപ്പിച്ചു.
ഫലവൃക്ഷ തൈകളും പച്ചത്തുരുത്തും പച്ചക്കറിതോട്ടവുമെല്ലാം പരിപാലിക്കാനായുള്ള ഉപകരണങ്ങളും ഈ ഫണ്ട് ഉപയോഗിച്ച് ഐ.ടി.ഐ സ്വന്തമാക്കി.വിശാലമായ ക്യാമ്പസിലെ വിവിധ ഇടങ്ങളില്‍ നട്ടു വളര്‍ത്തുന്ന വിളകളുടെ പരിപാലനത്തിന് ജലസേചന സൗകര്യം ഒരുക്കിയത് ഐ.ടി.ഐ ഇന്‍സ്ട്രക്ടര്‍മാരും ട്രെയ്നികളും ചേര്‍ന്നായിരുന്നു. പ്ലംബിങ് ജോലിക്കായി തൊഴിലാളികളെ ആവശ്യം വന്നതേയില്ല. പെരിയ കൃഷിഭവന്റെ സഹായത്തോടെ കെട്ടിടത്തിന്റെ ടെറസില്‍ തിരിനന സമ്പ്രദായത്തില്‍ ഗ്രോബാഗ് ജൈവ പച്ചക്കറി കൃഷി ഒരുക്കി. തക്കാളി, കോളി ഫ്ലവര്‍, പച്ചമുളക്, പയര്‍, ചീര തുടങ്ങിയ വിളകളാണ്, കൃഷി ചെയ്തത്. പെരിയ അഗ്രോസര്‍വ്വീസ് സെന്റര്‍ ആവശ്യമായ വളം വിതരണം ചെയ്തു.
പുല്ലൂര്‍ ഐ.ടി.ഐയുടെ അഭിമാനമാണ് അഞ്ച് സെന്റ് സ്ഥലത്ത് നിര്‍മ്മിച്ച മനോഹരമായ പച്ചത്തുരുത്ത്. പുല്ലൂര്‍ പെരിയ പഞ്ചായത്തിന്റെ സഹകരണത്തോടെ നിര്‍മ്മിച്ച പച്ചത്തുരുത്തില്‍ 300ഓളം വൃക്ഷ തൈകളാണ് നട്ട് പരിപാലിക്കുന്നത്. പച്ചിലക്കൂട് എന്ന് നാമകരണം ചെയ്ത പച്ചത്തുരുത്ത് ജൈവ വേലി കെട്ടി സംരക്ഷിച്ചു വരുന്നു. ബുള്‍ബുള്‍, കാക്കതമ്പുരാട്ടി, ആനറാഞ്ചി, തിത്തിരി പക്ഷി, ചിന്നക്കുട്ടുറുവന്‍, മയിലുകള്‍ തുടങ്ങിയ പക്ഷികള്‍ ക്യാമ്പസിലെ സന്ദര്‍ശകരാണ്.
മണ്ണിട്ട് നിരപ്പാക്കിയ 15 സെന്റ് സ്ഥലത്ത് ജീവനക്കാരും ട്രെയ്നികളും ചേര്‍ന്ന് മരച്ചീനി, വാഴ, തക്കാളി, വെണ്ട, പയര്‍. വഴുതിന, വെള്ളരി, പച്ചമുളക്, ചീര തുടങ്ങിയ വിളകള്‍ പരിപാലിക്കുന്നു. 2019 ല്‍ 1.5 ക്വിന്റല്‍ മരച്ചീനിവിളവെടുത്തിരുന്നുവെന്നും ഇത്തവണയും മികച്ച വിളവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പുല്ലൂര്‍ഐ.ടി.ഐ എന്നും ഹരിത കേരളം നോഡല്‍ ഓഫീസര്‍ കെ. ഹരികുമാര്‍ പറഞ്ഞു.