സ്വന്തമായി ഒരുതൂണ്ട് പോലും ഭൂമിയില്ലാത്ത 69 പട്ടികവര്‍ഗ്ഗക്കാര്‍ക്ക് 18.22 ഏക്കര്‍ ഭൂമി വിതരണം ചെയ്യും.അര്‍ഹരായ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് ജില്ലാകളക്ടര്‍ ഡോ ഡി സജിത് ബാബുവിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ നടത്തി. പട്ടികവര്‍ഗ്ഗകാര്‍ക്കുള്ള ആശിക്കും ഭൂമി ആദിവാസിക്ക് സ്വന്തം,ലാന്റ് ബാങ്ക് പദ്ധതി എന്നിവ പ്രകാരം ഭൂമിക്കായി അപേക്ഷ സമര്‍പ്പിച്ച 1686 പട്ടികവര്‍ഗ്ഗകാരില്‍ നിന്നുമാണ് സ്വന്തമായി ഒരു തുണ്ട് ഭൂമി പോലുമില്ലാത്ത 206 പേരുടെപട്ടിക തയ്യാറാക്കി,നറുക്കെടുപ്പിലൂടെ 69 പേരെ തെരഞ്ഞെടുത്തത്.ഇവരില്‍ 67 പേര്‍ക്ക് 25 സെന്റ് വീതം സ്ഥലവും ഒരാള്‍ക്ക് 20.5 സെന്റ് സ്ഥലവും മറ്റൊരാള്‍ക്ക് 20 സെന്റ് സ്ഥലവും ലഭിക്കും.കാസര്‍കോട് ,വെള്ളരിക്കുണ്ട് താലൂക്കുകളിലെ ബേളൂര്‍,പനത്തടി ,കോടോത്ത്,പാലാവയല്‍,കുറ്റിക്കോല്‍,മുന്നാട്,കരിവേടകം,കള്ളാര്‍ വില്ലേജുകളിലാണ് ഇവര്‍ക്ക് ഭൂമി ലഭിക്കുക.ഇവര്‍ക്ക് ഭൂമി വാങ്ങുന്നതിനായി 2.16 കോടി രൂപയാണ് പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ചെലവഴിച്ചത്.

നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ട ഈ 69 പേര്‍ മാറാട്ടി,മലവേട്ടുവ,മാവിലന്‍ വിഭാഗങ്ങളില്‍ പെട്ടുന്നവരാണ്.കളക്ടറേറ്റില്‍ സംഘടിപ്പിച്ച നറുക്കെടുപ്പ് ജനപ്രതിനിധികള്‍ക്ക് വീഡിയോ കോണ്‍ഫറന്‍സിങ് വഴി വീക്ഷിക്കുന്നതിന് സൗകര്യം ഒരുക്കിയിരുന്നു.ഭൂമി ആവശ്യമുണ്ടെന്ന് അപേക്ഷ ക്ഷണിച്ച് ,അപേക്ഷ സമര്‍പ്പിച്ച 242 ഭൂയുടമകളില്‍ നിന്നും ഫീല്‍ഡ്-ജില്ലാതല പരിശോധനയുടെ അടിസ്ഥാനത്തില്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ട എട്ടു പേരുടെ കൈകളില്‍ നിന്ന് വാങ്ങിയ 18.22 ഏക്കര്‍ ഭൂമിയാണ് നറുക്കെടുപ്പിലൂടെ വിതരണം ചെയ്യുന്നത്.

കളക്ടറേറ്റില്‍ നടന്ന നറുക്കെടുപ്പില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍, ജില്ലാപട്ടികവര്‍ഗ്ഗ വികസന ഓഫീസര്‍ ഷമീന എന്നിവര്‍ പങ്കെടുത്തു.കെ കുഞ്ഞിരാമന്‍ എം എല്‍ എ,മുന്‍ എം എല്‍ എ നാരായണന്‍,പഞ്ചായത്ത്തല ജനപ്രതിനിധികള്‍ എന്നിവര്‍ വീഡിയോ കോണ്‍ഫറന്‍സിങ് വഴി നറുക്കെടുപ്പ് വീക്ഷിച്ചു.