എറണാകുളം : ചേന്ദമംഗലം പഞ്ചായത്തിന്റെ വെബ്സൈറ്റ് ഉദ്‌ഘാടനം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ടി.ജി.അനൂപ് നിർവ്വഹിച്ചു.
ജില്ലയിൽ ആദ്യമായിട്ടാണ് ഒരു പഞ്ചായത്ത് ടൂറിസം , പരമ്പരാഗത വ്യവസായം എന്നിവയുടെ വികസനം മുൻനിറുത്തി കൊണ്ട് ഇത്തരത്തിൽ ഒരു വെബ്സൈറ്റ് രൂപകൽപ്പന ചെയ്തിട്ടുള്ളത്.

ജനന മരണ രജിസ്ട്രേഷൻ , വിവാഹ രജിസ്ട്രേഷൻ ,വിവിധ തരം പെൻഷനുകൾ തുടങ്ങി പഞ്ചായത്തിന്റെ എല്ലാ വിധ അപേക്ഷാ ഫോമുകളും വെബ്സൈറ്റിൽ നിന്നും നേരിട്ട് ഡൗൺ ലോഡ് ചെയ്തെടുത്ത് ഉപയോഗിക്കാൻ കഴിയും. വാർഡുകൾ തിരിച്ചുള്ള ഏറ്റവും പുതിയ വോട്ടർ പട്ടിക വെബ്സൈറ്റ് വഴി കാണാനും ഡൗൺലോഡ് ചെയ്തെടുക്കാനും കഴിയുന്ന വിധമാണ് വെബ്‌സൈറ്റ് രൂപ കൽപ്പന ചെയ്തിരിക്കുന്നത്. ചേന്ദമംഗലം പഞ്ചായത്തു പ്രദേശത്തിന്റെ മനോഹരമായ ആകാശക്കാഴ്ചയുടെ വിഡിയോയും വെബ്സൈറ്റിലൂടെ കാണുവാൻ സാധിക്കും. പഞ്ചായത്തിൽ നടക്കുന്ന വാർത്തകൾ ദിനംപ്രതി വെബ് സൈറ്റ് വഴി അറിയാം. പഞ്ചായത്തിൽ നടക്കുന്ന പ്രധാന പരിപാടികളുടെ തത്സമയ സംപ്രേക്ഷണവും വെബ്‌സൈറ്റിലൂടെ കാണുവാൻ സാധിക്കുന്ന വിധമാണ് ഒരുക്കിയിരിക്കുന്നത്. അതാതു നിർവ്വഹണ വിഭാഗത്തിലെ ഉദ്യോഗസ്ഥർ ആരൊക്കെ എന്നറിയുവാനും പഞ്ചായത്തിലെ ജന പ്രതിനിധികളെ ഫോണിൽ ബന്ധപ്പെടുവാനുള്ള നമ്പറുകളും വെബ്‌സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. www.chendamangalampanchayath.com എന്നതാണ് വെബ്‌സൈറ്റിന്റെ വിലാസം. പാലാരിവട്ടത്തെ കണക്ട് കേരള പി ആർ ആണ് വെബ്‌സൈറ്റിന്റെ സാങ്കേതിക പ്രവർത്തനങ്ങൾ നിർവ്വഹിച്ചത്.