ഭാഗ്യക്കുറി വകുപ്പിന് പുതിയ വെബ്‌സൈറ്റും മൊബൈൽ ആപ്ലിക്കേഷനും

അഞ്ച് പേർക്ക് ഒരു കോടി രൂപ വീതം ഒന്നാം സമ്മാനമായി നൽകുന്ന പുതിയ ഭാഗ്യമിത്ര ഭാഗ്യക്കുറി ധനകാര്യ മന്ത്രി ഡോ.ടി.എം.തോമസ് ഐസക് തിരുവനന്തപുരത്ത് പ്രകാശനം ചെയ്തു. വി.കെ.പ്രശാന്ത് എം.എൽ.എ ടിക്കറ്റ് ഏറ്റുവാങ്ങി. 100 രൂപ വിലയുള്ള ലോട്ടറി അടുത്ത മാസം ആറിന് നറുക്കെടുക്കും. എല്ലാ മാസവും ആദ്യ ഞായറാഴ്ച നറുക്കെടുക്കുന്ന വിധത്തിലാണ് ഭാഗ്യമിത്ര പ്രതിമാസ ഭാഗ്യക്കുറി രൂപകൽപ്പന ചെയ്തിട്ടുള്ളത്. ഒന്നാം സമ്മാനം ഒന്നിലധികം പേർക്ക് നൽകുന്ന വിപണിയിലുള്ള ഏക ടിക്കറ്റാണ് ഇത്.
ഭാഗ്യക്കുറി വകുപ്പിന്റെ പുതിയ വെബ്‌സൈറ്റ് www.statelottery.kerala.gov.in, പുതിയ മൊബൈൽ ആപ്ലിക്കേഷനായ ഭാഗ്യകേരളം പുതിയ സോഫ്റ്റ് വെയർ  LOTIS എന്നിവയും മന്ത്രി ഉദ്ഘാടനം ചെയ്തു.

കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയിൽ നിന്നും ഭാഗ്യക്കുറി മേഖല പുറത്തുകടക്കുകയാണെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ ധനകാര്യ വർഷം ആദ്യ പകുതിയിൽ അയ്യായിരം കോടിയോളം രൂപയുടെ വിറ്റുവരവുണ്ടായിരുന്നിടത്ത് നടപ്പ് സാമ്പത്തിക വർഷം ആദ്യ പകുതിയിൽ 1300 കോടിയായി കുറഞ്ഞു. ഭാഗ്യക്കുറിയിൽ നിന്നുള്ള വരുമാനത്തിലും വൻ കുറവുണ്ടായിട്ടുണ്ട്. ഭാഗ്യക്കുറി നറുക്കെടുപ്പ് ആഴ്ചയിൽ മൂന്നായി കുറച്ചു. എന്നാൽ ഓരോ ഭാഗ്യക്കുറിക്കും അച്ചടിക്കുന്ന 90 ലക്ഷം ടിക്കറ്റുകൾ പൂർണമായും വിറ്റഴിയുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ അടിയന്തിരമായി ലോട്ടറി ടിക്കറ്റുകളുടെ എണ്ണം വർധിപ്പിക്കുന്നതും നറുക്കെടുപ്പ് നാലായി വർധിപ്പിക്കുന്നതും ബന്ധപ്പെട്ടവരുമായി ആലോചിച്ച് നടപ്പാക്കും. ഇതിനുപുറമെയാണ് ഭാഗ്യമിത്ര പ്രതിമാസ ഭാഗ്യക്കുറി കൂടി ആരംഭിച്ചിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു.
പുതിയ വെബ്‌സൈറ്റിനൊപ്പം നിലവിലെ വെബ്‌സൈറ്റായ www.keralalotteries.com കുറച്ചുനാൾകൂടി പ്രവർത്തിക്കും. ഭാവിയിൽ നറുക്കെടുപ്പ് ഫലം തൽസമയം ലഭ്യമാകുന്ന സംവിധാനം പുതിയ വെബ്‌സൈറ്റിൽ ഉൾപ്പെടുത്തും.

ടിക്കറ്റിലെ ക്യൂ.ആർ കോഡ് സ്‌കാൻ ചെയ്ത് ടിക്കറ്റ് ഒറിജിനലാണോ എന്ന് തിരിച്ചറിയാനും നറുക്കെടുപ്പ് ഫലം അറിയുവാനും സാധിക്കുന്ന ഭാഗ്യകേരളം മൊബൈൽ ആപ്ലിക്കേഷൻ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യാം. മൊബൈൽ ആപ്പ്, സോഫ്റ്റ് വെയർ എന്നിവ എൻഐസിയും വെബ്‌സൈറ്റ് കെൽട്രോണുമാണ് തയ്യാറാക്കിയത്.
ചടങ്ങിൽ ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ അമിത് മീണ, ക്ഷേമനിധി ബോർഡ് ചെയർമാൻ പി.ആർ.ജയപ്രകാശ്, വകുപ്പ് ജോയിന്റ് ഡയറക്ടർമാരായ എസ്.ജി.ശർമ്മ, എം.ആർ.സുധ, പബ്ലിസിറ്റി ഓഫീസർ അനിൽ ഭാസ്‌കർ, എൻഐസി സ്റ്റേറ്റ് ഇൻഫർമാറ്റിക്‌സ് ഓഫീസർ മോഹൻദാസ് എന്നിവർ പങ്കെടുത്തു.