മലപ്പുറം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ സര്‍ക്കാറിന്റെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങളും പ്രധാന അറിയിപ്പുകളും ജനങ്ങളിലെത്തിക്കാന്‍ തയ്യാറാക്കിയ ഇ-പേപ്പര്‍ ‘മലപ്രം വാര്‍ത്ത’യുടെയും വികസന മുന്നേറ്റങ്ങള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ  ഹ്രസ്വചിത്ര പരമ്പരയുടെയും പ്രകാശനം നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ തിരുവനന്തപുരത്ത് സ്പീക്കറുടെ ചേംബറില്‍ വെച്ച് ഓണ്‍ലൈനായി  നിര്‍വഹിച്ചു. ചരിത്രപരമായി നിരവധി സവിശേഷതകളുള്ള മലപ്പുറം വലിയ വളര്‍ച്ചയിലേക്ക് കുതിക്കുകയാണെന്ന് സ്പീക്കര്‍ പറഞ്ഞു. വികസന വാര്‍ത്തകള്‍ ജനങ്ങളിലെത്തിക്കാനുള്ള ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ ആശംസകളും നേരുന്നതായി അദ്ദേഹം പറഞ്ഞു.

വാര്‍ത്തകള്‍ കൃത്യതയോടെയും ആധികാരികതയോടെയും ഡിജിറ്റല്‍ രൂപത്തില്‍ ലഭ്യമാക്കാനാണ് ‘മലപ്രം വാര്‍ത്ത’ എന്ന പേരില്‍ ഇ പേപ്പര്‍  തയ്യാറാക്കിയിട്ടുള്ളത്. ജില്ലയിലെ പ്രധാന വാര്‍ത്തകള്‍, അറിയിപ്പുകള്‍ തുടങ്ങിയവ ഒറ്റ നോട്ടത്തില്‍ മനസിലാക്കാനും മറ്റുള്ളവര്‍ക്ക് ഷെയര്‍ ചെയ്യാനും ‘മലപ്രം വാര്‍ത്ത’ ഫോളോ ചെയ്യുന്നതിലൂടെ സാധിക്കും.കഴിഞ്ഞ നാല് വര്‍ഷത്തിനിടെ സര്‍ക്കാര്‍ കൈവരിച്ച നേട്ടങ്ങള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കുന്ന ഹ്രസ്വചിത്ര പരമ്പരയുടെ ഭാഗമായുള്ള ആദ്യത്തെ ഹ്രസ്വ ചിത്രമാണ്  സ്പീക്കര്‍ പ്രകാശനം ചെയ്തത്. തീരദേശ വികസനം സംബന്ധിച്ചാണ് ആദ്യത്തെ ഹ്രസ്വ ചിത്രം. നിലമ്പൂര്‍ മുതല്‍ പൊന്നാനി  വരെയുള്ള വികസനത്തെ കുറിക്കുന്ന ഹ്രസ്വ ചിത്ര പരമ്പര കൂടാതെ ഒരു ഡോക്യുമെന്ററിയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് തയ്യാറാക്കി വരുന്നുണ്ട്.