തില്ലങ്കേരി ഗ്രാമപഞ്ചായത്തിലെ പൊതുശൗചാലയവും ടേക്ക് എ ബ്രേക്ക് വിശ്രമകേന്ദ്രവും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് ഉദ്ഘാടനം ചെയ്തു. തികച്ചും മാതൃകാപരവും ജനങ്ങള്‍ക്ക് ഉപകാരപ്രദവുമായ ഒരു പദ്ധതിയാണ് തില്ലങ്കേരി ഗ്രാമപഞ്ചായത്ത് നടപ്പാക്കിയതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് പറഞ്ഞു. പഞ്ചായത്ത് ഭരണസമിതി ചെയ്ത ഏറ്റവും മികച്ച പ്രവര്‍ത്തനമായി ഭാവിയില്‍ ഇതിനെ വിലയിരുത്തും. ജില്ലയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച പഞ്ചായത്തുകളില്‍ ഒന്നാണ് തില്ലങ്കേരി. പഞ്ചായത്തിനെ സംബന്ധിച്ച് അഭിമാനകരമായ നേട്ടങ്ങളില്‍ ഒന്നാണിതെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു.
തില്ലങ്കേരിയിലെ ജനങ്ങളുടെ ദീര്‍ഘകാലമായുള്ള വികസന സ്വപ്നങ്ങളിലൊന്നായിരുന്നു പൊതു ശൗചാലയം. വര്‍ഷങ്ങളായി പഞ്ചായത്ത് ഭരണസമിതിയുടെ ചര്‍ച്ചകളില്‍ ഉയര്‍ന്നു വന്ന ഈ ആവശ്യം പല കാരണങ്ങളാല്‍ നീണ്ടു പോയെങ്കിലും ജനകീയ കൂട്ടായ്മയുടെയും നാട്ടുകാരുടെയും സഹകരണത്തോടെ പൊതു ശൗചാലയവും ടേക്ക് എ ബ്രേക്ക് വിശ്രമകേന്ദ്രവും ഒരുക്കാന്‍ പഞ്ചായത്തിന് സാധിച്ചു. സര്‍ക്കാരിന്റെ പന്ത്രണ്ടിന പരിപാടിയില്‍ ഉള്‍പ്പെട്ട പദ്ധതി ഒന്നേ മുക്കാല്‍ സെന്റ് സ്ഥലത്ത് 15 ലക്ഷം രൂപ ചെലവിലാണ് പൂര്‍ത്തിയാക്കിയത്. ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ സ്ഥലം ഏറ്റെടുക്കാനുള്ള ഫണ്ട് സമാഹരിച്ച് മൂന്ന് മാസം കൊണ്ട് പണി പൂര്‍ത്തിയാക്കി. തില്ലങ്കേരി ടൗണിലാണ് കേന്ദ്രം സ്ഥിതി ചെയ്യുന്നത്.
ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി സുഭാഷ് അധ്യക്ഷനായി. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ വി കെ കാര്‍ത്ത്യായനി, അംഗം പ്രശാന്തന്‍ മുരിക്കോളി, തില്ലങ്കേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി ഷൈമ, സ്ഥിരം സമിതി അധ്യക്ഷന്മാരായ പി കെ ശ്രീധരന്‍, പി വി കാഞ്ചന, അംഗങ്ങളായ ടി സതി, മിനി, കെ വി ആശ, ഹരിതകേരള മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഇ കെ സോമശേഖരന്‍, ജില്ലാ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡണ്ട് ടി കൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.