വന്യജീവി ആക്രമണം: നഷ്ടപരിഹാരം വർദ്ധിപ്പിച്ചു
വന്യജീവി ആക്രമണം മൂലമുളള ജീവഹാനിക്കും പരിക്കിനും കൃഷിനാശത്തിനുമുളള നഷ്ടപരിഹാരം ഗണ്യമായി വർദ്ധിപ്പിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. ഇതിനുവേണ്ടി ബന്ധപ്പെട്ട ചട്ടങ്ങളിൽ ഭേദഗതി വരുത്തും. ആക്രമണത്തിൽ മരണപ്പെടുന്ന വ്യക്തികളുടെ കുടുംബത്തിനുളള നഷ്ടപരിഹാരം അഞ്ചുലക്ഷം രൂപയിൽനിന്ന് പത്തു ലക്ഷം രൂപയായി വർദ്ധിപ്പിക്കും. വനത്തിനു പുറത്ത് പാമ്പുകടിയേറ്റ് മരിച്ചാൽ കുടുംബത്തിനുളള നഷ്ടപരിഹാരം ഒരു ലക്ഷം രൂപയിൽനിന്ന് രണ്ടു ലക്ഷം രൂപയായി വർദ്ധിപ്പിക്കും.
മൃഗങ്ങളുടെ ആക്രമണത്തിൽ സ്ഥിരമായി അംഗവൈകല്യം സംഭവിക്കുന്നവർക്ക് രണ്ടു ലക്ഷം രൂപവരെ നഷ്ടപരിഹാരം അനുവദിക്കും. ഇപ്പോൾ എഴുപത്തയ്യായിരം രുപവരെയാണ് അനുവദിക്കുന്നത്.
വീടുകൾ, കുടിലുകൾ, കൃഷി, കന്നുകാലികൾ എന്നിവയ്ക്കുണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് നൽകുന്ന ധനസഹായം പരമാവധി ഒരു ലക്ഷം രൂപയായി ഉയർത്തി. ഇപ്പോൾ പരമാവധി എഴുപത്തയ്യായിരും രൂപയാണ് നൽകിവരുന്നത്. വ്യക്തികൾക്കുണ്ടാകുന്ന പരിക്കിന് നൽകുന്ന സഹായം പരമാവധി എഴുപത്തയ്യായിരം രൂപ എന്നത് ഒരു ലക്ഷം രൂപയായി വർദ്ധിപ്പിക്കും. പട്ടികവർഗ്ഗക്കാരുടെ കാര്യത്തിൽ ചികിത്സയ്ക്കു ചെലവാകുന്ന മുഴുവൻ തുകയും അനുവദിക്കും.
പിരപ്പൻകോട് നീന്തൽകുളത്തിൽ മുങ്ങിമരിച്ച നെടുമങ്ങാട് മുക്കംപാലമൂട് കുന്നൂർകോണത്തു വീട്ടിൽ ശ്രീജിത്തിന്റെ കുടുംബത്തിന് രണ്ടു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്നും ധനസഹായം അനുവദിച്ചു.
2007-ലെ സ്‌പെഷ്യൽ ഓളിമ്പിക്‌സിൽ രാജ്യത്തിനു വേണ്ടി മികച്ച പ്രകടനം നടത്തിയ ഇ.ബി. ഷൈഭന് (കോട്ടയം) പ്രത്യേക കേസായി പരിഗണിച്ച് സ്‌പോർട്‌സ് ക്വാട്ടയിൽ ചൗക്കിദാർ, ഗാർഡനർ എന്നീ തസ്തികകളിൽ ഏതെങ്കിലും ഒന്നിൽ നിയമനം നൽകാൻ തീരുമാനിച്ചു.
കിഫ്ബി ഫണ്ട് ഉപയോഗിച്ച് 131 കോടി രൂപ ചെലവ് വരുന്ന അഞ്ച് കുടിവെളള വിതരണ പദ്ധതികൾ നടപ്പാക്കാൻ തീരുമാനിച്ചു. കുഞ്ഞിമംഗലം ചെറുതാഴം (കണ്ണൂർ – 44 കോടി രൂപ), മുവാറ്റുപുഴ പൈങ്ങോട്ടൂർ (23 കോടി), കൊഴിഞ്ഞാമ്പാറ വടകരപതി എരുത്തംപതി (29 കോടി), പെരുമാട്ടി, പട്ടണച്ചേരി, എലപ്പുളളി, നല്ലേപ്പളളി (25 കോടി), അമ്പലപ്പാറ (10 കോടി).
കൊച്ചി കപ്പൽനിർമ്മാണശാലയിൽ നിന്ന് 3 മറൈൻ ആംബുലൻസുകൾ നിർമ്മിച്ചു വാങ്ങാൻ തീരുമാനിച്ചു. ഇതിന് 18.24 കോടി രൂപ ചെലവ് വരും. ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. ബി.പി.സി.എൽ, കൊച്ചി കപ്പൽനിർമ്മാണശാല എന്നീ സ്ഥാപനങ്ങളുടെ സംഭാവന കൂടി ഉപയോഗിച്ചാണ് ആംബുലൻസുകൾ വാങ്ങുന്നത്.
പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിന് പ്രത്യേക നിയമനം നടത്തുന്നതിന് വ്യവസായ പരിശീലന വകുപ്പിൽ രണ്ട് എൽ.ഡി.ടൈപ്പിസ്റ്റുമാരുടെയും തസ്തികകൾ സൂപ്പർന്യൂമററിയായി സൃഷ്ടിക്കും.
പാലിയം ഈസ്വരസേവ ട്രസ്റ്റിന് 11 അക്കൗണ്ടുകളിലായി നൽകിവരുന്ന പൊളിറ്റിക്കൽ പെൻഷൻ 1000 രൂപയിൽ നിന്ന് 3000 രൂപയായി വർദ്ധിപ്പിക്കാൻ തീരുമാനിച്ചു.
സംസ്ഥാന സർക്കാരിന്റെയോ കേന്ദ്രസർക്കാരിന്റെയോ പദ്ധതികൾക്ക് വേണ്ടി രാഷ്ട്രപതിയുടെയോ ഗവർണറുടെയോ പേരിൽ എഴുതി നൽകുന്ന ദാനാധാരങ്ങൾക്ക് രജിസ്‌ട്രേഷൻ ഫീസ് ഒഴിവാക്കി പൊതു ഉത്തരവ് പുറപ്പെടുവിക്കാൻ തീരുമാനിച്ചു.
ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസർ വി. രതീശന് നഗരകാര്യവകുപ്പ് ഡയറക്ടറുടെ അധിക ചുമതല നൽകാൻ തീരുമാനിച്ചു. അവധികഴിഞ്ഞ് വന്ന നവജോത് ഖോസയെ ആരോഗ്യകുടുംബക്ഷേമ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയായി നിയമിക്കാൻ തീരുമാനിച്ചു. ആയൂഷ് വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയുടെ അധിക ചുമതലയും അവർക്കുണ്ടാവും.
അസാപ് സി.ഇ.ഒ ഡി. സജിത് ബാബുവിനെ സഹകരണ രജിസ്ട്രാർ ആയി നിയമിക്കും. നഗരകാര്യ വകുപ്പ് ഡയറക്ടർ ഹരിത വി കുമാറിനെ അസാപ് സി.ഇ.ഒ. ആയി മാറ്റി നിയമിക്കും.