കാക്കനാട്: നോക്കുകൂലിയും വിവിധ മേഖലകളില്‍ തൊഴിലാളി സംഘടകള്‍ തൊഴിലാളികളെ വിതരണം ചെയ്യുന്നതും അവസാനിപ്പിക്കുന്നതിനുള്ള സര്‍ക്കാര്‍ നടപടികള്‍ക്ക് ജില്ലയിലെ തൊഴിലാളി യൂണിയനുകളുടെ പൂര്‍ണ്ണ പിന്തുണ. നോക്കുകൂലി സംബന്ധിച്ച് മുഖ്യന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തിന്റെ തീരുമാനങ്ങള്‍ ജില്ലാതലത്തില്‍ തൊഴിലാളി യൂണിയനുകളെ അറിയിക്കുന്നതിന് ജില്ല കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ളയുടെയും ജില്ല ലേബര്‍ ഓഫീസര്‍ മുഹമ്മദ് സിയാദിന്റെയും അധ്യക്ഷതയില്‍ വിളിച്ച യോഗത്തിലാണ് വിവിധ തൊഴിലാളി യൂണിയന്‍ നേതാക്കള്‍ പിന്തുണ അറിയിച്ചത്.
ജില്ലയില്‍ നോക്കുകൂലി, തൊഴിലാളികളെ വിതരണം ചെയ്യല്‍ തുടങ്ങിയ അനാരോഗ്യ പ്രവണതകള്‍ക്ക് മെയ് ഒന്നു മുതല്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും. തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകില്ലെന്നും കളക്ടര്‍ പറഞ്ഞു. ജില്ലയില്‍ നിരവധി നൂതന സംരംഭങ്ങളാണ് ആരംഭിക്കുന്നത്. ജില്ലയുടെ വ്യാവസായിക വളര്‍ച്ചയില്‍ തൊഴിലാളികളുടെ സഹകരണം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
എല്‍പിജി പ്ലാന്റ് മേഖലയിലുണ്ടാകുന്ന സമരങ്ങളുമായി ബന്ധപ്പെട്ട് എല്‍പിജി വിതരണക്കാരുടെയും ലോറു ഉടമകളുടെയും സംസ്ഥാന തല യോഗം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരാന്‍ തീരുമാനിച്ചതും യോഗത്തില്‍ അറിയിച്ചു.
അതേസമയം യന്ത്രവത്കരണം മൂലം തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നതിലുള്ള ആശങ്ക തൊഴിലാളി നേതാക്കള്‍ പങ്കുവെച്ചു. തൊഴിലെടുക്കാതെ കൂലി വാങ്ങുന്നതിനോട് യോജിപ്പില്ല. ടിപ്പറിലും ലോറിയിലും മറ്റും തൊഴിലാളിയുടെ സഹായമില്ലാതെ യന്ത്രവത്കൃത രീതിയില്‍ ലോഡ് ഇറക്കുമ്പോള്‍ ഇറക്കു കൂലി കൂടി ഇടനിലക്കാര്‍ ഈടാക്കുന്നുണ്ടെന്നും അത് അനുവദിക്കരുതെന്നും യൂണിയന്‍ നേതാക്കള്‍ പറഞ്ഞു. തൊഴിലുടമകളുമായി കരാറിലേര്‍പ്പെട്ടിട്ടുള്ള തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടരുത്. നിലവിലെ കരാര്‍ വ്യവസ്ഥകള്‍ ലംഘിക്കപ്പെടരുത്. ഉടമകളുടെ ആളുകള്‍ ചേര്‍ന്ന് ലോഡ് ഇറക്കുന്ന സ്ഥിതി അനുവദിക്കരുതെന്നും നേതാക്കള്‍ പറഞ്ഞു.
കണ്‍ട്രോള്‍ റൂം എസിപി എസ്.ടി. സുരേഷ് കുമാര്‍, ആലുവ ഡിവൈഎസ്പി എന്‍.ആര്‍. ജയരാജ്, സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി, എന്‍എല്‍സി, ബിഎംഎസ് തുടങ്ങി വിവിധ തൊഴിലാളി യൂണിയന്‍ പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.