>> ജില്ലയിലെ മലയോര മേഖലയിലെ ആദ്യ ഹൈടെക് കായിക സംരംഭം പെരിങ്ങമ്മലയില്‍

>> മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

മലയോര മേഖലയിലെ ആദ്യ ഹൈടെക് കായിക സംരംഭമായ പെരിങ്ങമ്മല സ്‌പോര്‍ട്‌സ് ഹബ്ബിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു.  ആരോഗ്യമുള്ള ജനതയാണ് നാടിന്റെ ശക്തിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യം ഉറപ്പാക്കുന്നതിന് സ്പോര്‍ടിസിനോളം ഫലപ്രദമായ മറ്റൊന്നില്ല.  ഇത് തിരിച്ചറിഞ്ഞ് കായികമേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കിയത്. കുട്ടികളുടെ കായിക ഭാവിക്കു വേണ്ടി ധാരാളം കായിക സംരംഭങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്. തദ്ദേശസ്ഥാപനങ്ങള്‍ കൂടി കായിക വികസനത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കിയാല്‍ ഈ മേഖലയില്‍ കണ്ണഞ്ചിപ്പിക്കുന്ന വികസനം സാധ്യമാകും.  കേരളത്തിന്റെ വികസനം കായിക മേഖലയുടേത് കൂടിയാണെന്നും അദ്ദേഹം പറഞ്ഞു.

കായികമേഖലയ്ക്ക് ഊന്നല്‍ നല്‍കിയുള്ള തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച് വ്യവസായ മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞു.  കായികരംഗം പരിപോഷിപ്പിക്കുന്നതിനായി ജില്ലയില്‍ മാത്രം അഞ്ച് സ്പോര്‍ട്സ് ഹബ്ബുകളാണ് പുതുതായി ആരംഭിച്ചത്.  ഇതില്‍ പെരിങ്ങമ്മല, പള്ളിക്കല്‍, ഉഴമലയ്ക്കല്‍, പ്ലാമൂട്ടുകട എന്നിവിടങ്ങളിലായി നാലെണ്ണത്തിന്റെ ഉദ്ഘാടനം കഴിഞ്ഞിട്ടുണ്ട്.  അഞ്ചാമത്തെ സ്്പോര്‍ട്സ് ഹബ്ബായ മിതൃമല ഇന്‍ഡോര്‍ സ്റ്റേഡിയം പൂര്‍ത്തീകരണ ഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

കായികം, വിദ്യാഭ്യാസം, കാര്‍ഷിക, ആരോഗ്യ രംഗങ്ങളിലടക്കം ജില്ലയിലെ സര്‍വ്വമേഖലകളിലും വികസനമെത്തിക്കാന്‍ ജില്ലാ പഞ്ചായത്തിനു കഴിഞ്ഞതായി സ്‌പോര്‍ട്‌സ് ഹബ്ബിലെ മിനി ജിംനേഷ്യത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.  ക്രിക്കറ്റ് നെറ്റ്സിന്റെ ഉദ്ഘാടനം ഡി. കെ മുരളി എം.എല്‍.എയും നിര്‍വഹിച്ചു.

ജില്ലാ പഞ്ചായത്തിന്റെ ഫണ്ടില്‍നിന്നും മൂന്നു കോടി രൂപ ചെലവഴിച്ചാണ് സ്‌പോര്‍ട്‌സ് ഹബ്ബും ഇന്‍ഡോര്‍ സ്റ്റേഡിയവും യാഥാര്‍ത്ഥ്യമാക്കിയത്.  പെരിങ്ങമ്മല ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള മാര്‍ക്കറ്റിനോട് ചേര്‍ന്ന് 50 സെന്റ് സ്ഥലത്ത് എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടി അന്താരാഷ്ട്ര നിലവാരത്തിലാണ് ഹൈടെക് സ്‌പോര്‍ട്‌സ് ഹബ്ബിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.  പി.വി.സി ഫ്േളാറിങ് ചെയ്ത ബാഡ്മിന്റണ്‍ കോര്‍ട്ട്, ടെന്നീസ് കോര്‍ട്ട്, തടി പാകിയ വോളിബോള്‍ കോര്‍ട്ട്, ബാസ്‌ക്കറ്റ്‌ബോള്‍, കബഡി കോര്‍ട്ടുകള്‍, അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്രിക്കറ്റ് നെറ്റ്‌സ്, വീഡിയോ കോണ്‍ഫറന്‍സിംഗ് ഹാള്‍, ജിംനേഷ്യം തുടങ്ങിയ സൗകര്യങ്ങള്‍ ഇവിടെയുണ്ട്.


ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു സ്വാഗതം ആശംസിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജ ബീഗം, വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ചന്ദ്രന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍ എന്നിവരും സംബന്ധിച്ചു.