ആലപ്പുഴ:  പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ജില്ലയിൽ 5 കോടി കിഫ്ബി ഫണ്ടും, ഒരു കോടി, രണ്ടു കോടി രൂപ പ്ലാൻഫണ്ടും ഉപയോഗിച്ചു നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായ പുതിയ കെട്ടിടങ്ങളുടെ മൂന്നാം ഘട്ട ഉദ്ഘാടനവും, പുതുതായി നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ പോകുന്ന സ്കൂൾ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും നവംബർ 4 ന് വൈകുന്നേരം 3ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും.

വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് അധ്യക്ഷത വഹിക്കും. കയർ- ധനകാര്യ വകുപ്പ് മന്ത്രി ഡോ.തോമസ് ഐസക് മുഖ്യ പ്രഭാഷണം നടത്തും. ചടങ്ങിൽ അതത് നിയോജകമണ്ഡലത്തിലെ എം.എൽ.എ. മാർ, എം.പി.മാർ, തദ്ദേശസ്വയംഭരണ സ്ഥാപന മേധാവികൾ തുടങ്ങിയവർ മുഖ്യാതിഥികൾ ആകും.

ജില്ലയിൽ മൂന്നു പുതിയ സ്കൂൾ കെട്ടിടങ്ങൾ ആണ് ഉദ്ഘാടനം ചെയ്യുന്നത്.  ചേർത്തല നിയോജകമണ്ഡലത്തിലെ 5 കോടി കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മാണ പ്രവർത്തനം പൂർത്തിയായ ഗവ.ഗേൾസ്.ഹയർ സെക്കൻഡറി സ്കൂൾ ചേർത്തലയിലെ സി.ബ്ലോക്ക് കെട്ടിടം, മാവേലിക്കര നിയോജകമണ്ഡലത്തിലെ പ്ലാൻ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ഗവ.എൽ.പി.എസ്.കണ്ണനാംകുഴിയിലെ പുതിയ കെട്ടിടം , കുട്ടനാട് നിയോജകമണ്ഡലത്തിലെ അന്തരിച്ച എം.എൽ.എ. തോമസ് ചാണ്ടിയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കരുമാടി കെ.കെ. കുമാരപിളള സ്മാരക ഗവ.ഹൈസ്കൂളിലെ പുതിയ കെട്ടിടം എന്നിവയാണവ.

പുതുതായി നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനായി ശിലാസ്ഥാപന കർമ്മം നിർവ്വഹിക്കുന്ന 8 സ്കൂളുകൾ ആണുള്ളത്. സ്കൂളുകൾ- ആലപ്പുഴ നിയോജകമണ്ഡലത്തിലെ ഗവ.യൂ.പി.എസ്.പൂന്തോപ്പിൽ ഭാഗം, ഗവ.യൂ.പി.എസ്.തമ്പകചുവട്, ഗവ.എൽ.പി.എസ്- മാരാരിക്കുളം, എസ്.സി.എം.വി.യൂ.പി.എസ്. പൂങ്കാവ്, ഗവ.എൽ.പി.എസ്. കലവൂർ, വി.വി.എസ്.ഡി.യൂ.പി.എസ്. പാതിരപ്പള്ളി, ഗവ.യൂ.പി.എസ്.ആര്യാട് നോർത്ത്, ചെങ്ങന്നൂർ നിയോജകമണ്ഡലത്തിലെ ഹരിജനോദ്ധാരണി ഗവ.എൽ.പി.എസ്.ചെന്നിത്തല എന്നിവയാണ് ശിലാസ്ഥാപനം നടക്കുന്ന സ്കൂൾ കെട്ടിടങ്ങൾ.