ആലപ്പുഴ :കേരള സർക്കാരിന്റെ നൂറ് ദിനകർമ്മ പദ്ധതികളുടെ ഭാഗമായി ജില്ലയിൽ പട്ടയ വിതരണവും 7 വില്ലേജ് ഓഫീസുകളുടെ നിർമ്മാണോദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. കളക്ട്രേറ്റില്‍ നാളെ (നവംബര്‍ 4)ന് ഉച്ചയ്ക്ക് 12 മണിക്ക് കോവിഡ് 19 പ്രോട്ടോകോൾ പാലിച്ചായിരിക്കും പട്ടയവിതരണം.

ഇന്റർനെറ്റ് സാങ്കേതിക വിദ്യയുടെ സാധ്യതകൾ പ്രയോജനപെടുത്തി മികച്ചരീതിയിൽ സേവനങ്ങൾ അതിവേഗം ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ജില്ലയിലെ ഏഴ് വില്ലേജ് ഓഫീസുകൾ സ്മാർട്ട്‌ വില്ലേജ് ഓഫീസുകളാക്കുന്നത്.

ചടങ്ങിൽ റവന്യു ഭവന നിർമാണവകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരൻ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ ജി സുധാകരൻ, ഡോ. തോമസ് ഐസക്ക്, പി.തിലോത്തമന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എം പി മാരായ കൊടികുന്നിൽ സുരേഷ്, എ എം ആരിഫ്, എം എൽ എ മാരായ ആർ. രാജേഷ്, യൂ പ്രതിഭ, ഷാനിമോൾ ഉസ്മാൻ, സജി ചെറിയാൻ, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ജി.വേണുഗോപാല്‍, ജില്ലാ കളക്ടർ എ. അലക്സാണ്ടർ, റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.ജയതിലക്, ലാന്റ് റവന്യു കമ്മീഷണർ കെ. ബിജു എന്നിവർ പങ്കെടുക്കും.