തിരുവനന്തപുരം: പാറശ്ശാല മണ്ഡലത്തില്‍ സമാനതകളില്ലാത്ത വികസന പ്രവര്‍ത്തനങ്ങളാണു സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍.  പാറശ്ശാല പഞ്ചായത്ത് കല്യാണമണ്ഡപത്തിന്റെയും (ഇ.എം.എസ് ഹാള്‍) ശാന്തിനിലയം പഞ്ചായത്ത് ശ്മശാനത്തിന്റെയും, പാറശ്ശാല താലൂക്ക് ആസ്ഥാന ആശുപത്രിയിലെ സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെയും ഉദ്ഘാടനം വിഡിയോ കോണ്‍ഫറന്‍സിങിലൂടെ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

പാറശ്ശാലക്കാരുടെ ചിരകാല അഭിലാഷമായിരുന്ന രണ്ടു പദ്ധതികളാണ് യാഥാര്‍ഥ്യമായത്.  പാറശ്ശാല പഞ്ചായത്തിന്റെ തനത് ഫണ്ട് ഉപയോഗിച്ച് പല ഘട്ടങ്ങളിലായാണ് പുത്തന്‍കട കല്യാണമണ്ഡപത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. പഴയ കല്യാണമണ്ഡപം പരിഷ്‌കരിച്ച് താഴത്തെ നിലയില്‍ മിനി ഓഡിറ്റോറിയവും ഒന്നാം നിലയില്‍ കല്യാണമണ്ഡപവും സജ്ജീകരിച്ചു.  1.5 കോടി രൂപ പദ്ധതിക്കായി ചെലവഴിച്ചു.  ഒന്നര കോടി രൂപയോളം ചെലവഴിച്ചാണ് ശാന്തിനിലയം ശ്മശാനവും നിര്‍മിച്ചത്.

സി.കെ.ഹരീന്ദ്രന്‍ എംഎല്‍എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കു സജീവ പിന്തുണ നല്‍കിയ എം.എല്‍എ.യെ ചടങ്ങില്‍ ആദരിച്ചു.  കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരെയും സന്നദ്ധസേനാ പ്രവര്‍ത്തകരെയും ആദരിച്ചു.  കഴിഞ്ഞ അഞ്ചുവര്‍ഷക്കാലത്തെ പാറശ്ശാല ഗ്രാമ പഞ്ചായത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള വികസന രേഖയും ചടങ്ങില്‍ പ്രകാശനം ചെയ്തു.

പുത്തന്‍കട കല്യാണമണ്ഡപത്തില്‍ നടന്ന ചടങ്ങില്‍ പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആര്‍. സലൂജ, പാറശ്ശാല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.സുരേഷ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍. സുകുമാരി, ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, എല്‍.എസ്.ജി.ഡി അസിസ്റ്റന്റ് എഞ്ചിനീയര്‍ ക്ലമന്റ്, പഞ്ചായത്ത് സെക്രട്ടറി ജി.എസ്.ഹരി, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി അജിതകുമാരി, രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍, സന്നദ്ധ സേനാ പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.