പുനലൂരിലെ നവീകരിച്ച ആറ് റിങ് റോഡുകള്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നാടിനു സമര്‍പ്പിച്ചു. തമിഴ്‌നാടിനോട് ഏറ്റവും അടുത്തുകിടക്കുന്ന ജില്ലയിലെ ഏകപട്ടണമാണ് പുനലൂര്‍. ഇവിടുത്തെ എല്ലാ റോഡുകളും അത്യാധുനിക രീതിയില്‍ സംരക്ഷണഭിത്തി ഉള്‍പ്പെടെയുള്ള സംവിധാനത്തോട് കൂടി പൂര്‍ത്തീകരിച്ചു സഞ്ചാരയോഗ്യമാക്കി. പൊതുമരാമത്ത് വകുപ്പ് മുഖേന റോഡ് വികസനത്തിനായി നിരവധി പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തിവരുന്നതെന്നും അദ്ദേഹം പറഞ്ഞു.
വനം-വന്യജീവി വകുപ്പ് മന്ത്രി കെ രാജു ശിലാഫലകം അനാച്ഛാദനം ചെയ്തു. പുനലൂര്‍ നഗരത്തിന്റെ ഹൃദയ ഭാഗത്ത് കൂടി കടന്നുപോകുന്ന എല്ലാ റോഡുകളും നവീകരിച്ച സഞ്ചാരയോഗ്യമാക്കി. ഇരുവശങ്ങളിലും ഓട ഉള്‍പ്പെടെ നഗരത്തിന്റെ മുഖച്ഛായ തന്നെ മാറ്റുന്നതരത്തിലാണ് റോഡ് വികസനം നടത്തിയിട്ടുള്ളതെന്നും  അദ്ദേഹം പറഞ്ഞു.
പുനലൂര്‍ നഗരസഭാ പരിധിയില്‍ വരുന്ന പുനലൂര്‍-നെടുങ്കയം, പേപ്പല്‍മില്‍-സര്‍ക്കാര്‍മുക്ക്, പുനലൂര്‍ മാര്‍ക്കറ്റ്-പുനലൂര്‍ സത്രം, പുനലൂര്‍ ടൗണ്‍-ശിവന്‍കോവില്‍, വെട്ടിപ്പുഴ-കുതിരച്ചിറ എം എല്‍ എ റോഡുകളുടെ നവീകരണത്തിനായി കിഫ്ബിയില്‍ നിന്നും 15.15 കോടി രൂപയാണ് അനുവദിച്ചത്. പൊതുമരാമത്ത് വകുപ്പ് മുഖേന ആധുനിക രീതിയിലാണ് റോഡുകളുടെ നവീകരണം പൂര്‍ത്തികരിച്ചത്.