കൊരട്ടി പോളിടെക്‌നിക്കിൽ 1.17 കോടി രൂപ ചിലവിൽ നിർമ്മിച്ച രജത ജൂബിലി സ്മാരക അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീൽ ഓൺലൈനായി നിർവഹിച്ചു. 38.5 ലക്ഷം രൂപ ചിലവിൽ പൂർത്തീകരിച്ച ക്യാമ്പസ് റിങ് റോഡിന്റെയും 5 ലക്ഷം രൂപ ചിലവിൽ പണി പൂർത്തീകരിച്ച വനിതാ വിശ്രമ മുറിയുടെയും ഉദ്ഘാടനം മന്ത്രി നിർവഹിച്ചു. സാങ്കേതിക വിദ്യാഭ്യാസ രംഗത്തു കേരളം വലിയ മുന്നേറ്റമാണ് കാഴ്ചവെക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

പോളിടെക്‌നിക്കിന്റെ സൗകര്യങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി നിർമ്മിച്ച രജതജൂബിലി സ്മാരക അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് കെട്ടിടം ഇരുനിലകളിലായി 4368.56 ചതുരശ്ര അടി വിസ്തീർണത്തിലാണ് പണി പൂർത്തീകരിച്ചത്. ഓഫീസ് റൂം, പ്രിൻസിപ്പൽ റൂം, റെക്കോർഡ് റൂം, ബോർഡ് റൂം, ഡൈനിങ് ഹാൾ, കോൺഫ്രൻസ് ഹാൾ,ശുചിമുറി എന്നിവ അഡ്മിനിസ്‌ട്രേറ്റിവ് ബ്ലോക്കിലുണ്ട്. പോളിടെക്‌നിക്ക് സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി ക്യാമ്പസിനകത്തു റിങ് റോഡുകൾ കോൺക്രീറ്റ് കട്ട വിരിച്ച് മനോഹരമാക്കി. വനിതകൾക്കായുള്ള വിശ്രമ കേന്ദ്രവും സജ്ജമാക്കിയിട്ടുണ്ട്. 1964 ൽ ജൂനിയർ ടെക്‌നിക്കൽ സ്‌കൂളായിട്ടാണ് കൊരട്ടി പോളിടെക്‌നിക്ക് പ്രവർത്തനം ആരംഭിച്ചത്. ഇൻസ്ട്രുമെന്റെഷൻ എൻജിനീയറിങ്ങ്, പോളിമർ ടെക്‌നോളജി, ടെക്സ്റ്റയിൽ ടെക്‌നോളജി എന്നി ഡിപ്ലോമ കോഴ്‌സുകളാണ് നിലവിലുള്ളത്. വിവിധ ബ്രാഞ്ചുകളിലായി 576 വിദ്യാർഥികൾക്ക് പരിശീലനം നൽകുന്നതിനുള്ള മികച്ച സൗകര്യം ഇവിടെയുണ്ട്.