പത്തനംതിട്ട: കുറ്റൂര്‍ പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന പനച്ചമൂട്ടില്‍ കടവ് പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായതോടെ തെങ്ങേലി, വെണ്‍പാല നിവാസികളുടെ ദീര്‍ഘകാലത്തെ സ്വപ്നമാണ് യാഥാര്‍ഥ്യമായതെന്ന് പൊതുമരാമത്ത് രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. തിരുവല്ല നിയോജക മണ്ഡലത്തില്‍ മണിമലയാറിനുകുറുകെ നിര്‍മ്മിച്ചിരിക്കുന്ന പനച്ചമൂട്ടില്‍കടവ് പാലത്തിന്റെ ഉദ്ഘാടനം തെങ്ങേലി ഈരാടിച്ചിറ സാംസ്‌കാരിക നിലയത്തില്‍ ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

കുറ്റൂര്‍, തെങ്ങേലി, തിരുവന്‍വണ്ടൂര്‍, വെണ്‍പാല, ചക്രശാലകടവ് എന്നീ പ്രദേശങ്ങളുടെ അടിസ്ഥാന സൗകര്യമേഖലയിലും കാര്‍ഷിക മേഖലയിലും ഒരു കുതിച്ചുചാട്ടം ഈ പാലം നിര്‍മ്മാണത്തോടൂകൂടി സാധ്യമായിട്ടുണ്ട്. പരുമല ഉപദേശികടവ് പാലംകൂടി പൂര്‍ത്തിയാകുമ്പോള്‍ പനച്ചമൂട്ടില്‍കടവ്, ഇരമല്ലിക്കര, ഉപദേശിക്കടവ് എന്നീ പാലങ്ങളിലൂടെ എം.സി റോഡില്‍ നിന്നും തിരുവല്ല -കായകുളം സംസ്ഥാന പാതയിലെ മാന്നാറില്‍ എത്തിച്ചേരാവുന്നതും പ്രധാന ജില്ലാ പാതയായ ചെങ്ങന്നൂര്‍ മാന്നാര്‍ റോഡിന് ഒരു സമാന്തരപാത തുറക്കപ്പെടുന്നതുമാണ്.
നബാര്‍ഡ് ഫണ്ടില്‍ 4.1 കോടി രൂപയില്‍ പൂര്‍ത്തിയാക്കിയ പാലത്തിന് മൂന്ന് സ്പാനുകളാണുള്ളത്. പാലത്തിന് 71.4 മീറ്റര്‍ നീളവും, 8.45 മീറ്റര്‍ വീതിയുമാണുള്ളത്. അപ്രോച്ച് റോഡിന്റെ നിര്‍മ്മാണത്തിനായി സൗജന്യമായി സ്ഥലം ലഭ്യമായതിനെ തുടര്‍ന്ന് പനച്ചമൂട്ടില്‍കടവ് പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മ്മാണത്തിനായി രണ്ടു കോടി രൂപയുടെ ഭരണാനുമതിയും ലഭിച്ചിരുന്നു. അപ്രോച്ച് റോഡിന് തെങ്ങേലി ഭാഗത്ത് 17 മീറ്ററും വെണ്‍പാല ഭാഗത്ത് 93 മീറ്ററും നീളമുണ്ട്. റോഡിന്റെ ശരാശരി വീതി 7.30 മീറ്ററാണ്. പാലത്തിനിരുവശവും കോണ്‍ക്രീറ്റ് സംരക്ഷണ ഭിത്തി നിര്‍മ്മിച്ച്, മണ്ണ് ഫിലിംഗ് ചെയ്ത്, ജിഎസ്ബി, ഡബ്ല്യുഎംഎം ലെയറുകള്‍ വിരിച്ച് ഉപരിതല ടാറിംഗ് പൂര്‍ത്തീകരിച്ചു.
സുരക്ഷിതമായ വാഹനഗതാഗതത്തിനായി ബ്രോക്കണ്‍ പാരപെറ്റുകളും സൗജന്യമായി സ്ഥലം വിട്ട് നല്‍കിയ ഭൂവുടമകള്‍ക്ക് വീടുകളിലേക്ക് ഇറങ്ങുന്നതിന് റാമ്പുകളും നിര്‍മ്മിച്ച് നല്‍കി. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഈ പ്രദേശത്ത് തുടര്‍ച്ചയായി ഉണ്ടായ വെള്ളപ്പൊക്കവും അപ്രോച്ച് റോഡിന്റെ സ്ഥലമേറ്റെടുക്കല്‍ സംബന്ധിച്ച തര്‍ക്കങ്ങളും പദ്ധതിയുടെ പുരോഗതിയെ സാരമായി ബാധിച്ചെങ്കിലും പാലവും അപ്രോച്ച് റോഡും പൂര്‍ത്തീകരിക്കാന്‍ സാധിച്ചു. ഇതുപോലെ തിരുവല്ല, ചെങ്ങന്നൂര്‍, കുട്ടനാട്, അമ്പലപ്പുഴ പ്രദേശങ്ങളില്‍ നിരവധി പാലങ്ങളാണ് ഈ സംസ്ഥാന സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം നിര്‍മ്മിച്ചതെന്നും മന്ത്രി പറഞ്ഞു.