ആലപ്പുഴ: ഏറ്റവും വലിയ ജനകീയ ആവശ്യങ്ങളിലൊന്നായ പട്ടയ വിതരണം കേരള സമൂഹത്തിന് ആഗ്രഹമുള്ളതും താല്പര്യമുള്ളതുമായ പദ്ധതിയാണെന്നും ഈ സർക്കാരിന്റെ കാലയളവിൽ 1,63, 610 പട്ടയമാണ് വിതരണം നടത്തിയതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പുതുതായി നിര്‍മിക്കുന്ന സ്മാർട്ട്‌ വില്ലേജ് ഓഫീസുകളുടെ സംസ്ഥാന തല നിർമാണ ഉദ്ഘാടനവും 6526 കുടുംബങ്ങൾക്കുള്ള പട്ടയ വിതരണ ഉദ്ഘാടനവും നിർവഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

റവന്യൂ വകുപ്പിന്റെ വികസനത്തിന്റെ ഭാഗമായി മുഴുവൻ ഓഫീസുകളിലും കടലാസുരഹിതമാക്കുന്നതിന്റെ ആദ്യപടിയായി താലൂക്ക് ഓഫീസ്, കളക്ടറേറ്റ്, റവന്യൂ ഓഫീസ് എന്നിടങ്ങളിൽ പദ്ധതി ആരംഭിച്ചു .റവന്യൂ വകുപ്പ് ആധുനികവത്കരണത്തിന് തുടക്കമിട്ടു . പൊതുജനങ്ങൾക്ക് നൽകി വരുന്ന 25 ഇനം സർഫിക്കറ്റുകൾ ഈ- ഡിസ്ട്രിക്ട് ആപ്പ് വഴി ഓൺലൈൻ ആയാണ് നൽകി വരുന്നു. സംസ്ഥാനത്തു 1644 വില്ലേജുകളിൽ പോക്കുവരവ് ഓൺലൈൻ ഈ പേയ്‌മെന്റ് സംവിധാനം നടപ്പിലാക്കി. 1218 വില്ലേജുകളിൽ ഈപോസ് മെഷീൻ സ്ഥാപിച്ചതായും ഇതിലൂടെ കറൻസിരഹിതമായി പണം സ്വീകരിക്കുന്ന രീതി നിലവിൽ വന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ചടങ്ങിൽ റവന്യൂ ഭവന നിർമാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. റവന്യൂ വകുപ്പിൽ അടിസ്ഥാന സൗകര്യ വികസനങ്ങൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായി വില്ലേജ് ഓഫീസുകളുടെ സ്ഥിതി മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തിൽ സ്മാർട്ട്‌ വില്ലേജ് ഓഫീസുകൾ യാഥാർഥ്യമാക്കാൻ സർക്കാരിന് സാധിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
വിവിധ വകുപ്പ് മന്ത്രിമാർ, എംഎൽഎമാർ, റവന്യൂ പ്രിൻസിപ്പാൾ സെക്രട്ടറി എ ജയതിലക്, ലാൻഡ് റവന്യൂ കമ്മീഷണർ കെ ബിജു എന്നിവർ ഓൺലൈനിൽ ആശംസകൾ അറിയിച്ചു.

സിവില്‍സ്റ്റേഷനിലെ ആസൂത്രണ സമിതി ഹാളിൽ നടന്ന ചടങ്ങിൽ ജില്ല കളക്ടർ എ അലക്സാണ്ടർ പട്ടയ മേളയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു. കൈനകരി ആലുംതറ ചിറയിലെ വാസന്തി, തിരുവമ്പാടി പൊഴിക്കടവിൽ ഗോപാലകൃഷ്ണൻ, കടക്കരപ്പള്ളി മഞ്ചാടിക്കൽ ലക്ഷം വീട്ടിൽ സ്നേഹലാൽ &അൽഫോൻസാ, പാണാവള്ളി ലക്ഷ്മി ഭവനത്തിൽ ലക്ഷ്മി, തൈക്കാട്ടുശ്ശേരി മേക്കര നികത്ത് സുമേഷ്, പാതിരപ്പള്ളി കോളഭാഗത്തിൽ ലത തുടങ്ങിയ 6 പേർക്കും കളക്ടർ ചടങ്ങിൽ പട്ടയം വിതരണം ചെയ്തു.

ജില്ലയിൽ അമ്പലപ്പുഴ താലൂക്കിൽ 15 പേർക്കും ചേർത്തല താലൂക്കിൽ 3 പേർക്കും കുട്ടനാട് താലൂക്കിൽ 6 പേർക്കും കാർത്തികപ്പള്ളി താലൂക്കിൽ 6 പേർക്കും മാവേലിക്കര താലൂക്കിൽ 4 പേർക്കും ചെങ്ങന്നൂർ താലൂക്കിൽ 11 പേർക്കും 3 ദേവസ്വം പട്ടയവും ഉൾപ്പടെ ജില്ലയിൽ 48 പട്ടയങ്ങളാണ് വിതരണം ചെയ്തത്. ഈ സർക്കാർ കാലയളവിൽ ജില്ലയിൽ 1016 പട്ടയങ്ങളും 106 കൈവശരേഖയും വിതരണം ചെയ്തിട്ടുണ്ട്.
പുന്നപ്ര, വയലാർ കിഴക്ക്, ചേപ്പാട്, ആറാട്ടുപുഴ, തെക്കേക്കര, എണ്ണയ്‌ക്കാട്‌, കുരട്ടിശ്ശേരി തുടങ്ങിയ 7 വില്ലേജ് ഓഫീസുകളാണ് ജില്ലയിൽ സ്മാർട്ട്‌ വില്ലേജ് ഓഫീസുകളാകുന്നത്.