തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി

സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കാലാവധി 2020 നവംബർ 11-ന് അവസാനിക്കുന്ന സാഹചര്യത്തിലും പ്രസ്തുത തീയതിക്ക് മുമ്പ് തെരഞ്ഞെടുപ്പ് നടത്താൻ സാധിക്കാതെ വരുന്ന സാഹചര്യത്തിലും ഭരണസ്തംഭനം ഒഴിവാക്കുന്നതിന് 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ട്, വകുപ്പ് 151, ഉപവകുപ്പ് (2) പ്രകാരവും 1994 ലെ കേരള മുൻസിപ്പാലിറ്റി ആക്ട്, വകുപ്പ് 65, ഉപവകുപ്പ് (1) പ്രകാരവും അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി രൂപീകരിക്കുവാൻ തീരുമാനിച്ചു.

ജില്ലാ പഞ്ചായത്തിൽ – ജില്ലാ കളക്ടർ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി, ജില്ലാ പഞ്ചായത്ത് ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടർ, ബ്ലോക്ക് പഞ്ചായത്തിൽ – ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി, ബ്ലോക്ക് പഞ്ചായത്തിലെ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ, ബ്ലോക്ക് പഞ്ചായത്തിലെ കൃഷി അസിസ്റ്റന്റ് ഡയറക്ടർ, ഗ്രാമപഞ്ചായത്തിൽ – ഗ്രാമപഞ്ചായത്ത് സെക്രട്ടറി, ഗ്രാമപഞ്ചായത്തിലെ അസിസ്റ്റന്റ് എഞ്ചിനീയർ, ഗ്രാമപഞ്ചായത്തിലെ കൃഷി ഓഫീസർ, മുൻസിപ്പൽ കോർപ്പറേഷനിൽ – ജില്ലാ കളക്ടർ, മുൻസിപ്പൽ കോർപ്പറേഷൻ സെക്രട്ടറി, കോർപ്പറേഷൻ എഞ്ചിനീയർ, മുൻസിപ്പൽ കൗൺസിലിൽ – മുൻസിപ്പൽ കൗൺസിൽ സെക്രട്ടറി, മുൻസിപ്പൽ എഞ്ചിനീയർ, മുൻസിപ്പാലിറ്റിയിലെ സംയോജിത ശിശുവികസന പദ്ധതിയുടെ ചുമതലയുള്ള ഉദ്യോഗസ്ഥൻ എന്നിങ്ങനെയാണിത്.

ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥ പഠിക്കാൻ കമ്മീഷൻ

വിദ്യാഭ്യാസം, സാമ്പത്തികം, ന്യൂനപക്ഷം എന്നീ മേഖലകളിൽ ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥ സംബന്ധിച്ച പ്രശ്‌നങ്ങൾ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിന് കമ്മീഷൻ രൂപീകരിച്ചു. പട്‌ന ഹൈക്കോടതി റിട്ടയർഡ് ചീഫ് ജസ്റ്റിസ് ജെ.ബി. കോശി അധ്യക്ഷനും ഡോ. ക്രിസ്റ്റി ഫെർണാണ്ടസ് (റിട്ട. ഐ.എ.എസ്) ജേക്കബ് പുന്നൂസ് (റിട്ട. ഐ.പി.എസ്.) എന്നിവർ അംഗങ്ങളായുമാണ് കമ്മീഷൻ.

കലാകാരൻമാർക്ക് ധനസഹായം

കോവിഡ് നിയന്ത്രണങ്ങളാൽ ബുദ്ധിമുട്ട് അനുഭവിക്കുന്നതും ഇതുവരെ മറ്റു ധനസഹായങ്ങൾ ലഭിച്ചിട്ടില്ലാത്തതുമായ 30,000 കലാകാര•ാർക്കു കൂടി ആശ്വാസ ധനമായി 1,000 രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും വിതരണം ചെയ്യും.

ശമ്പളം മാറ്റിവെയ്ക്കാനെടുത്ത തീരുമാനം പിൻവലിച്ചു

കോവിഡ്-19ന്റെ പശ്ചാത്തലത്തിൽ സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് സെപ്തംബർ 1 മുതൽ 6 മാസത്തേക്കുകൂടി സർക്കാർ ജീവനക്കാരുടെ ശമ്പളം മാറ്റിവെയ്ക്കാനെടുത്ത തീരുമാനം പിൻവലിച്ചു.

ഇപ്പോൾ മാറ്റിവെച്ചിരിക്കുന്ന ലീവ് സറണ്ടർ ആനുകൂല്യം പി.എഫിൽ ലയിപ്പിക്കേണ്ടതാണ് എന്ന വ്യവസ്ഥയിൽ 2020 നവംബർ മാസം മുതൽ അനുവദിക്കും. ഇത് 2021 ജൂൺ 1 മുതൽ പിഎഫിൽ നിന്നും പിൻവലിക്കാം. എല്ലാ വിഭാഗം ജീവനക്കാരുടെയും അടുത്ത സാമ്പത്തിക വർഷത്തെ ലീവ് സറണ്ടർ 2021 ജൂൺ 1 മുതൽ മാത്രമേ അനുവദിക്കൂ. ഇപ്പോൾ മാറ്റിവെച്ചിരിക്കുന്ന ലീവ് സറണ്ടർ ആനുകൂല്യം പി.എഫ് ഇല്ലാത്ത ജീവനക്കാർക്ക് പണമായി അനുവദിക്കും.

ഹോണറേറിയം വ്യവസ്ഥയിൽ ജോലി ചെയ്യുന്ന ജീവനക്കാരിൽ നിന്നും 6 ദിവസത്തെ ശമ്പളം മാറ്റിവെച്ചെങ്കിൽ തിരികെ നൽകും.

ഒരു ഉദ്യോഗസ്ഥൻ മൂന്നു മാസത്തിനുമുകളിൽ അവധിയെടുത്താൽ പ്രമോഷൻ നൽകി ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്ന സമ്പ്രദായം ഒഴിവാക്കും. അധിക ചുമതല നൽകി കൃത്യനിർവഹണം നടത്തും.

ജീവനക്കാരെ പുനർവിന്യസിക്കും

പൊതുഭരണ സെക്രട്ടേറിയറ്റിലെ ജോലിഭാരം ക്രമീകരിക്കുന്നതുമായി ബന്ധപ്പെട്ട പ്രവൃത്തിപഠന റിപ്പോർട്ടിലെ ശുപാർശകൾ മന്ത്രിസഭ അംഗീകരിച്ചു. ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് നടത്തിയ ഫീൽഡ് പഠനത്തിനുശേഷം തയ്യാറാക്കിയ റിപ്പോർട്ടാണ് അംഗീകരിച്ചത്.

വിവിധ വകുപ്പുകൾ തമ്മിലും സെക്ഷനുകൾ തമ്മിലും ജോലിഭാരത്തിന്റെ കാര്യത്തിൽ അസന്തുലിതാവസ്ഥ ഉണ്ടായിരുന്നതു കാരണം ചില വകുപ്പുകളിൽ അമിത ജോലിഭാരവും മറ്റു ചിലതിൽ താരതമ്യേന കുറഞ്ഞ ജോലിഭാരവും നിലനിന്നിരുന്നു.

കമ്പ്യൂട്ടർ അസിസ്റ്റന്റ്, ഓഫീസ് അറ്റൻഡന്റ് തുടങ്ങിയ തസ്തികകളിൽ അധികമായി കണ്ടെത്തുന്ന തസ്തികകൾ ജീവനക്കാരുടെ സമ്മതപത്രത്തിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം ഒഴികെ മറ്റു ജില്ലകളിൽ വർക്കിംഗ് അറേഞ്ച്‌മെന്റ് വ്യവസ്ഥയിൽ നിയമിക്കും.

പൊതുഭരണ സെക്രട്ടേറിയറ്റിൽ നടത്തിയതിനു സമാനമായ പ്രവൃത്തിപഠനം നിയമവകുപ്പിലും ധനകാര്യവകുപ്പിലും നടത്തും.

സിബിഐയ്ക്ക് നൽകിയ പൊതുഅനുമതി പിൻവലിക്കും

ഡൽഹി സ്‌പെഷ്യൽ പോലീസ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് 1946 (ഡിഎസ്പിഇ) സെക്ഷൻ 6 പ്രകാരം വിജ്ഞാപനങ്ങളിലൂടെ സിബിഐയ്ക്ക് നൽകിയ പൊതുഅനുമതി പിൻവലിക്കാൻ തീരുമാനിച്ചു. ആവശ്യമെന്ന് കണ്ടെത്തുന്ന കേസുകളുടെ അന്വേഷണം അതതു അവസരങ്ങളിൽ സർക്കാരിന്റെ പ്രത്യേക അനുമതി പ്രകാരം മാത്രം സിബിഐയെ ഏൽപ്പിക്കും.

റീ-ബിൽഡ് പദ്ധതി

കേരള പുനർനിർമ്മാണ പദ്ധതി ഉന്നതാധികാര സമിതി ശുപാർശ ചെയ്ത പദ്ധതികൾ അംഗീകരിച്ചു. കൃഷി, വനിത-ശിശുവികസനം, പരിസ്ഥിതി, ജലവിഭവം എന്നീ നാലു വകുപ്പുകളുടെ വകുപ്പുകളുടെ പദ്ധതി നിർദ്ദേശങ്ങളാണ് റീ-ബിൽഡ് പദ്ധതിക്കു കീഴിൽ നടപ്പാക്കുന്നതിന് അംഗീകാരം നൽകിത്.

കോന്നി മെഡിക്കൽ കോളേജ്: 286 തസ്തികകൾ സൃഷ്ടിച്ചു
പത്തനംതിട്ട കോന്നി മെഡിക്കൽ കോളേജിൽ 286 പുതിയ തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭാ യോഗം അനുമതി നൽകി. 26 അധ്യാപക തസ്തികകളും 260 അനധ്യാപക തസ്തികകളുമാണ് സൃഷ്ടിച്ചത്. മെഡിക്കൽ കോളേജിലെ അക്കാഡമിക്, ഹോസ്പിറ്റൽ ബ്ലോക്ക് അന്തിമഘട്ടത്തിലാണ്. ഈ സാഹചര്യത്തിൽ മെഡിക്കൽ കോളേജിൽ എംബിബിഎസ് കോഴ്സിന്റെ ആദ്യ ബാച്ച് തുടങ്ങുന്നതിലേക്കും ആശുപത്രിയുടെ പ്രവർത്തനം സുഗമമാക്കുന്നതിനും വേണ്ടിയാണ് ഇത്രയും തസ്തികകൾ സൃഷ്ടിച്ചത്. ഇതോടെ കിടത്തി ചികിത്സ തുടങ്ങാൻ സാധിക്കും.
സംസ്ഥാനത്തെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിന് ഗ്രാമപഞ്ചായത്തുകളിലെ തദ്ദേശസ്വയംഭരണ വകുപ്പ് എഞ്ചിനീയറിംഗ് വിഭാഗത്തിൽ 195 ഓവർസിയർ തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു.

കാസർകോഡ് ജില്ലയിൽ പുതുതായി അനുവദിച്ച മോട്ടോർ ആക്‌സിഡന്റ് ക്ലെയിംസ് ട്രിബ്യൂണലിൽ 12 തസ്തികകൾ സൃഷിക്കും. ജൂനിയർ സൂപ്രണ്ട് 1, സീനിയർ ക്ലർക്ക് / ക്ലർക്ക് 5, കോർട്ട് കീപ്പർ 1, ഡഫേദാർ 1, ഓഫീസ് അറ്റന്റന്റ് / അറ്റന്റർ 3, പാർട്ട് ടൈം സ്വീപ്പർ 1 എന്നീ തസ്തികകളാണ് അനുവദിച്ചത്.

പാലക്കാട് വടക്കഞ്ചേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ 9 തസ്തികകൾ സൃഷ്ടിക്കും. മെഡിക്കൽ ഓഫീസർ 3, സ്റ്റാഫ് നഴ്‌സ് 2, നഴ്‌സിംഗ് അസിസ്റ്റന്റ് 2, രണ്ടാം ഗ്രേഡ് ഹോസ്പിറ്റൽ അറ്റന്റന്റ് 1, ഫാർമസിസ്റ്റ് 1 എന്നീ തസ്തികകളാണ് അനുവദിച്ചത്.

ശമ്പള പരിഷ്‌കരണം

സർക്കാർ, എയ്ഡഡ് ആയുർവേദ മെഡിക്കൽ കോളേജ് അധ്യാപകർക്ക് 7-ാം യു.ജി.സി സ്‌കീം അനുസരിച്ച് ശമ്പളപരിഷ്‌ക്കരണം അനുവദിക്കാൻ തീരുമാനിച്ചു.

യു.ജി.സി. സ്‌കീമിൽപ്പെട്ട പെൻഷൻകാരുടെ പെൻഷൻ ആനുകൂല്യങ്ങൾ പരിഷ്‌ക്കരിക്കും. പരിഷ്‌ക്കരണത്തിന്റെ സാമ്പത്തികാനുകൂല്യം 2020 നവംബർ മുതൽ നൽകും.

തിരുവനന്തപുരം സി.എച്ച്. മുഹമ്മദ് കോയ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി മെന്റലി ചലഞ്ച്ഡ് പാങ്ങപ്പാറയിലെ സ്ഥിര ജീവനക്കാർക്ക് ധനകാര്യവകുപ്പ് നിർദേശിച്ച വ്യവസ്ഥകൾക്ക് വിധേയമായി 20-01-2016 തീയതിയിലെ സ.ഉ (പി) നം. 7/16/ധന ശമ്പള പരിഷ്‌കരണ ഉത്തരവ് ബാധകമാക്കാൻ തീരുമാനിച്ചു.

ഒഡെപെക്കിലെ ജീവനക്കാർക്ക് പത്താം ശമ്പള പരിഷ്‌ക്കരണം അനുവദിക്കാൻ തീരുമാനിച്ചു.

ഭാരത് ഭവനിൽ പാർട്ട് ടൈം സ്വീപ്പർ ഒഴികെയുള്ള സർക്കാർ അംഗീകാരമുള്ള തസ്തികകളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് ധനകാര്യവകുപ്പിന്റെ വ്യവസ്ഥകൾക്ക് വിധേയമായി പത്താം ശമ്പള പരിഷ്‌കരണ ആനുകൂല്യം അനുവദിക്കാൻ തീരുമാനിച്ചു.

കേരള മിനറൽസ് ആന്റ് മെറ്റൽസ് ലിമിറ്റഡിലെ (കെ.എം.എം.എൽ) ഓഫീസർമാരുടെ ശമ്പളപരിഷ്‌കരണത്തിന് അംഗീകാരം നൽകി.

അസാപ് കമ്പനിയാക്കും

ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിൽ പ്രവർത്തിച്ചുവരുന്ന അസാപിനെ 2013 കമ്പനീസ് ആക്ട് സെക്ഷൻ 8 പ്രകാരം പരിവർത്തനം ചെയ്യാൻ തീരുമാനിച്ചു.

10 റോഡ് ഓവർബ്രിഡ്ജുകളുടെ ടെണ്ടർ അംഗീകരിച്ചു

കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മാണം നടത്തുന്ന 10 റോഡ് ഓവർബ്രിഡ്ജുകളുടെ നിർമ്മാണത്തിനുള്ള ടെണ്ടർ അംഗീകരിക്കാൻ തീരുമാനിച്ചു. ചിറയിൻകീഴ്, മാളിയേക്കൽ, ഇരവിപുരം, ഗുരുവായൂർ, ചിറങ്ങര, അകത്തേത്തറ, വാടാനംകുറിശ്ശി, താനൂർ തെയ്യാല, ചേലേരി ചെട്ടിപ്പടി, കൊടുവള്ളി എന്നീ ആർ.ഒ.ബികളുടെ നിർമ്മാണത്തിനാണ് ടെണ്ടർ അംഗീകരിച്ചത്.

പവർലൂം തൊഴിലാളികൾക്കും ക്ഷേമനിധി

പവർലൂം തൊഴിലാളികളെക്കൂടി കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി ബോർഡിൽ ഉൾപ്പെടുത്തുന്നതിന് 1989-ലെ കേരള കൈത്തറിത്തൊഴിലാളി ക്ഷേനിധി ആക്ട് ഭേദഗതി ചെയ്യും.

ഓർഡിനൻസ്

2018-ലെ കേരള ക്ലിനിക്കൽ സ്ഥാപനങ്ങൾ (രജിസ്‌ട്രേഷനും നിയന്ത്രണവും) ആക്ട് ഭേദഗതി ചെയ്യുന്നതിനുള്ള ഓർഡിനൻസ് പുറപ്പെടുവിക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാൻ തീരുമാനിച്ചു. കോവിഡ് കാരണം കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് നിയമ പ്രകാരം ക്ലിനിക്കൽ സ്ഥാപനങ്ങളുടെ താൽക്കാലിക രജിസ്‌ട്രേഷൻ സമയം ഒരു വർഷത്തേക്ക് നീട്ടുന്നതുമായി ബന്ധപ്പെട്ടാണ് ഓർഡിനൻസ്.

1979-ലെ കേരള കശുവണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി ആക്ട് പ്രകാരമുള്ള അംശദായം വർധിപ്പിക്കാൻ ഭേദഗതി കൊണ്ടുവരുന്നതിന് ഓർഡിനൻസ് പുറപ്പെടുവിക്കാൻ ഗവർണറോട് ശുപാർശ ചെയ്യാൻ തീരുമാനിച്ചു.

സ്റ്റാഫ് പാറ്റേൺ അംഗീകരിച്ചു

കേരള ലാൻഡ് ഡവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിലെ സ്റ്റാഫ് പാറ്റേൺ മന്ത്രിസഭ അംഗീകരിച്ചു.

നിയമനം

കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ നിയമ അംഗത്തിന്റെ തസ്തികയിലേക്ക് സെലക്ഷൻ കമ്മിറ്റി ശുപാർശ ചെയ്ത പാനലിൽ നിന്നും അഡ്വ. എ.ജെ. വിൽസനെ നിയമിക്കാൻ തീരുമാനിച്ചു.