മുഴുവന്‍ ഓഫീസുകളും കടലാസ് രഹിതമാക്കി സ്മാര്‍ട്ടാക്കുവാനുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജില്ലയിലെ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടങ്ങളുടെ ഉദ്ഘാടനവും പുതിയ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടങ്ങളുടെ നിര്‍മാണോദ്ഘാടനവും പട്ടയവിതരണവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ജില്ലയില്‍ തലശ്ശേരി താലൂക്കിലെ  പടുവിലായി സ്മാര്‍ട്ട് വില്ലേജ് ഓഫീസ്, ഇരിട്ടി താലൂക്കിലെ  കേളകം വില്ലേജ് ഓഫീസിനോടനുബന്ധിച്ച്  നിര്‍മിച്ച സ്റ്റാഫ് ക്വാട്ടേഴ്സ് എന്നീ കെട്ടിടങ്ങളുടെ  ഉദ്ഘാടനവും കണ്ണൂര്‍ താലൂക്കിലെ  മുണ്ടേരി, ഇരിട്ടി താലൂക്കിലെ  മണത്തണ, തളിപ്പറമ്പ്  താലൂക്കിലെ ചുഴലി, പയ്യന്നൂര്‍ താലൂക്കിലെ  കുഞ്ഞിമംഗലം എന്നീ  വില്ലേജ് ഓഫീസുകള്‍ക്കായി നിര്‍മിക്കുന്ന  സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടങ്ങളുടെ  നിര്‍മാണോദ്ഘാടനവുമാണ് മുഖ്യമന്ത്രി നിര്‍വഹിച്ചത്. കേരളീയ സമൂഹത്തിനു താല്‍പര്യവും ഗുണകരവുമായ കാര്യങ്ങളാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ജനങ്ങള്‍ കൂടുതലായി ആശ്രയിക്കുന്ന ഭരണകേന്ദ്രമാണ് വില്ലേജ് ഓഫീസുകള്‍. അവിടെ വരുന്നവര്‍ക്ക് മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്തേണ്ടതുണ്ടെന്നും അതിന്റെ ഭാഗമായാണ് വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ടാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്താകെ 160 വില്ലേജ് ഓഫീസുകള്‍ക്കായാണ്  പുതിയ കെട്ടിടങ്ങള്‍ ഒരുങ്ങുന്നത്. പണി പൂര്‍ത്തിയാവുന്നതോടെ സംസ്ഥാനത്തെ 305 വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ടാവും. ഇതോടെ 25 ഇനം സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനായി ലഭ്യമാകും. റവന്യു ഭൂരേഖയുടെ ആധുനികവല്‍ക്കരണത്തിനും  തുടക്കമായി. 1633 വില്ലേജ് ഓഫീസുകളില്‍ അടിസ്ഥാന ഭൂനികുതി രജിസ്റ്റര്‍, 1644 ഇടങ്ങളില്‍ ഓണ്‍ലൈന്‍ പോക്കുവരവും ഇ പേയ്മെന്റ് സംവിധാനവും  നടപ്പിലാക്കി. 1218 വില്ലേജുകളില്‍ ഈ പോസ് മെഷീനുകളും സ്ഥാപിച്ചു. 12 ജില്ലകളിലായി 6526 പട്ടയങ്ങളാണ് വിതരണം ചെയ്തത്. നിയമക്കുരുക്കില്‍ പെട്ട് അര്‍ഹരായ നിരവധി പേര്‍ക്ക് പട്ടയം നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇച്ഛാശക്തിയോടെ നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഫലമായും  ചട്ട ഭേദഗതിയിലൂടെയും അര്‍ഹരായവര്‍ക്ക് പട്ടയം ലഭിച്ചു. കഴിഞ്ഞ നാലര വര്‍ഷക്കാലയളവില്‍ 1063610 എന്ന സര്‍വകാല റെക്കോര്‍ഡിലേക്ക് പട്ടയവിതരണം എത്തി. ജനങ്ങളെ മുന്നില്‍ കണ്ട് സര്‍ക്കാര്‍ നടത്തിയ കാര്യക്ഷമായ പ്രവര്‍ത്തനങ്ങളാണ് മികച്ച ഭരണനിര്‍വഹണത്തിനുള്ള ഒന്നാം സ്ഥാനം കേരളത്തിന് നേടി തന്നത് – മുഖ്യമന്ത്രി പറഞ്ഞു.
റവന്യൂ ഭവന നിര്‍മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ അധ്യക്ഷനായി.  മന്ത്രിമാരായ ടി എം തോമസ് ഐസക്, ജി സുധാകരന്‍, എ കെ ബാലന്‍,  കടകംപള്ളി സുരേന്ദ്രന്‍, എ സി  മൊയ്തീന്‍, കെ കെ ശൈലജ, ഇ പി ജയരാജന്‍, എ കെ ശശീന്ദന്‍,  പ്രൊഫ. സി  രവീന്ദ്രനാഥ്, ടി പി രാമകൃഷ്ണന്‍, ജെ മേഴ്‌സിക്കുട്ടിയമ്മ, എം എം മണി, കെ ടി ജലീല്‍, വി എസ് സുനില്‍ കുമാര്‍, പി തിലോത്തമന്‍, കെ കൃഷ്ണന്‍ കുട്ടി, രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ രാജു,  റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. എ ജയതിലക്, ലാന്റ് റവന്യു കമ്മീഷണര്‍ കെ ബിജു എന്നിവര്‍ പങ്കെടുത്തു.
പടുവിലായി വില്ലേജില്‍ മുഖ്യമന്ത്രിയുട മണ്ഡലം പ്രതിനിധി പി ബാലന്‍ ശിലാഫലകം അനാച്ഛാദനം ചെയ്തു. കുഞ്ഞിമംഗലത്ത് ടി വി രാജേഷ് എംഎല്‍എയും മണത്തണ വില്ലേജ് ഓഫീസില്‍ നടന്ന ചടങ്ങില്‍ പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി പ്രസന്നയും മുണ്ടേരിയില്‍ പഞ്ചായത്ത് പ്രസിഡണ്ട് എ പങ്കജാക്ഷനും, ചുഴലിയില്‍ ചെങ്ങളായി പഞ്ചായത്ത് പ്രസിഡണ്ട് കെ കെ രത്‌നകുമാരിയും ശിലാഫലകം അനാച്ഛാദനം ചെയ്തു.
ജില്ലയുടെ വിവിധയിടങ്ങളിലായി നടന്ന പരിപാടിയില്‍ കെ സുധാകരന്‍ എം പി, എ ഡി എം ഇ പി മേഴ്‌സി, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ബ്ലോക്ക് പഞ്ചായത്ത് പ്രഡിഡണ്ടുമാര്‍, പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, തഹസില്‍ദാര്‍മാര്‍, റവന്യൂ ഉദ്യോഗസ്ഥര്‍,  രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.