തൃശ്ശൂര്‍:  ചെന്ത്രാപ്പിന്നിയിലെ വ്യാപാരികള്‍ക്കും നാട്ടുകാര്‍ക്കുമായി ശുദ്ധജല എ ടി എം സംവിധാനമൊരുക്കി എടത്തിരുത്തി പഞ്ചായത്ത്. പഞ്ചായത്ത് കിണറ്റില്‍ നിന്നുള്ള വെള്ളം ശുദ്ധീകരിച്ച് വാട്ടര്‍ കിയോസ്‌കിലൂടെ ലഭ്യമാക്കുന്ന പദ്ധതി നടപ്പാക്കിയാണ് പുതിയ ശുദ്ധജല സംവിധാനത്തിന് പഞ്ചായത്ത് തുടക്കമിട്ടത്.

വര്‍ഷങ്ങളോളം ഉപയോഗശൂന്യമായി കിടന്നിരുന്ന ചെന്ത്രാപ്പിന്നിയിലെ പൊതു കിണര്‍ നാല് വര്‍ഷം മുമ്പാണ് പഞ്ചായത്ത് അധികൃതര്‍ ശുചീകരിച്ചത്. കിണറ്റില്‍ നിന്നുള്ള വെള്ളം ശുദ്ധീകരിച്ചാണ് വാട്ടര്‍ കിയോസ്‌കിലൂടെ വിതരണം ചെയ്യുന്നത്. കിണറ്റില്‍ നിന്ന് മോട്ടോര്‍ വെച്ച് പമ്പ് ചെയ്ത വെള്ളം ആദ്യം ഫില്‍റ്റര്‍ വെച്ച് ശുദ്ധീകരിച്ച് വീണ്ടും രണ്ട് തവണ കൂടി ശുദ്ധീകരിച്ചതിന് ശേഷം 325 ലിറ്റര്‍ ശേഷിയുള്ള ടാങ്കില്‍ ശേഖരിക്കും. ഈ വെള്ളമാണ് ടാപ്പിലൂടെ വരിക. ആവശ്യക്കാര്‍ക്ക് ശുദ്ധജലം സൗജന്യമായി എടുക്കാം. വെള്ളം ശേഖരിക്കുന്നതും ശുദ്ധീകരിക്കുന്നതും പൂര്‍ണമായും ഓട്ടോമാറ്റിക്ക് സംവിധാനത്തിലാണ്.

അഞ്ച് ലക്ഷം രൂപയാണ് പത്താം വാര്‍ഡില്‍ സ്ഥാപിച്ച ഒരു കിയോസ്‌കിന് പഞ്ചായത്ത് ചെലവഴിച്ചത്. തൃശൂരിലുള്ള വാട്ടര്‍ വേള്‍ഡ് എന്ന സ്ഥാപനമാണ് വാട്ടര്‍ കിയോസ്‌ക് സ്ഥാപിച്ചത്. പഞ്ചായത്ത് 2020-21 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ട് വാര്‍ഡുകളില്‍ കൂടി ഇതേ രീതിയില്‍ വാട്ടര്‍ കിയോസ്‌കുകള്‍ സ്ഥാപിക്കും. കുടിവെള്ള ക്ഷാമം രൂക്ഷമായ പഞ്ചായത്തിലെ 4, 14 വാര്‍ഡുകളിലാണ് ഇവ സ്ഥാപിക്കുക.

വാട്ടര്‍ കിയോസ്‌കിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ബൈന പ്രദീപ് നിര്‍വഹിച്ചു. പഞ്ചായത്തംഗം ഗീത മോഹന്‍ദാസ് അധ്യക്ഷയായി. സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ രഞ്ജിനി സത്യന്‍, ടി വി മനോഹരന്‍, ബ്ലോക്ക് പഞ്ചായത്തംഗം ഷീന വിശ്വന്‍, പഞ്ചായത്തംഗങ്ങളായ ഉമറുല്‍ ഫാറൂഖ്, ഷിഹാസ് മുറിത്തറ, വ്യാപാരി വ്യവസായി ഏകോപന സമിതി ചെന്ത്രാപ്പിന്നി യൂണിറ്റ് പ്രസിഡന്റ് യു യു രവീന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.