തൃശ്ശൂര്‍:  സ്വന്തമായൊരു വീട് എന്ന സ്വപ്നം വിളിപ്പാടകലെ എത്തിയതിന്റെ ആശ്വാസത്തിലാണ് പഴയന്നൂര്‍ കുമ്പളകോട് മേക്കോണത്ത് സുരേഷ് കുമാര്‍. 16 വര്‍ഷങ്ങള്‍ക്ക് മുമ്പ് പുഴയില്‍ കുളിക്കുന്നതിനിടെ മണല്‍തിട്ട വീണ് സുരേഷിന്റെ അരക്ക് താഴെ തളര്‍ന്നുപോയി. ഇലക്ട്രീഷ്യനായിരുന്ന സുരേഷിന് അന്ന് 19 വയസ്സ് മാത്രമായിരുന്നു പ്രായം. അമ്മൂമ്മയുടെ പൊട്ടിപ്പൊളിഞ്ഞ കൂരയാണ് സുരേഷ്‌കുമാറിനും അമ്മയ്ക്കും ഇന്ന് ആശ്രയം. 60 വയസ്സുള്ള അമ്മ തൊഴിലുറപ്പ് ജോലിചെയ്താണ് ഇപ്പോള്‍ ഈ കുടുംബം പുലരുന്നത്.

ജില്ലാ പഞ്ചായത്ത് ഇദ്ദേഹത്തിന് നല്‍കിയ മുച്ചക്ര വാഹനം ഇന്ന് പ്രവര്‍ത്തനക്ഷമമല്ല. സഹോദരങ്ങളുടെ സഹായത്തോടെ വാങ്ങിയ സ്ഥലത്ത് വീടിനുള്ള തറ കെട്ടാന്‍ മാത്രമേ സാമ്പത്തികസ്ഥിതി ഇവരെ അനുവദിച്ചുള്ളൂ. ഇവിടെയാണ് സര്‍ക്കാര്‍ ആശ്വാസത്തിന്റെ കരം നീട്ടുന്നത്.ജില്ലാ കളക്ടര്‍ എസ് ഷാനവാസ്, കുടുംബശ്രീ കോഡിനേറ്റര്‍ ജ്യോതിഷ് കുമാര്‍, ലൈഫ്മിഷന്‍ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ലിന്‍സ് ഡേവിഡ് എന്നിവരുടെ മേല്‍നോട്ടത്തിലാണ് വീട് പണിക്കുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നത്.