തൃശ്ശൂര്‍: സമൂഹത്തിലെ എല്ലാ മേഖലകളിലും സ്ത്രീ പ്രാതിനിധ്യം ഉറപ്പു വരുത്താന്‍ ശ്രമിക്കുന്ന രാജ്യത്ത് സ്ത്രീകള്‍ ഏറ്റവുമധികം മുന്നിലുള്ളത് കേരളത്തിലാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീല്‍. കുട്ടനല്ലൂരില്‍ പുതുതായി നിര്‍മ്മിച്ച സെവന്‍ കേരള ഗേള്‍സ് ബറ്റാലിയന്‍ എന്‍സിസി ഓഫീസിന്റെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ച്സം സാരിക്കുകയായിരുന്നു അദ്ദേഹം. വനിതാ കേഡറ്റുകള്‍ ദേശീയ ശരാശരിയേക്കാള്‍ പത്തു ശതമാനത്തിലധികം കേരളത്തിലാണെന്നും മന്ത്രി പറഞ്ഞു. ഇന്ത്യയിലാകെ 33 ശതമാനം വനിതാ കേഡറ്റുകളാണുള്ളത്. എന്നാല്‍ കേരളത്തില്‍ 43 ശതമാനവും.
ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എന്‍സിസി കേരള ലക്ഷദ്വീപ് ഡയറക്ടറേറ്റ് പരിധിയില്‍ വരുന്ന സെവന്‍ കേരള ഗേള്‍സ് ബറ്റാലിയന്‍ ഓഫീസാണ് രണ്ടാംഘട്ടത്തില്‍ പുതുതായി നിര്‍മ്മിച്ചത്. നേരത്തെ തന്നെ ഇതേ ഡയറക്ടറേറ്റ് പരിധിയില്‍ വരുന്ന 23 കേരള ബറ്റാലിയന്‍, 24 കേരള ബറ്റാലിയന്‍ ഓഫീസുകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചിരുന്നു. ഈ മൂന്ന് ഓഫീസുകള്‍ക്ക് വേണ്ടി 63 സെന്റ് സ്ഥലമാണ് സര്‍ക്കാര്‍ അനുവദിച്ചത്. ഓരോ വര്‍ഷവും എറണാകുളം, തൃശൂര്‍ ജില്ലകളിലെ തിരഞ്ഞെടുത്ത സ്‌കൂള്‍/ കോളേജുകളില്‍ നിന്ന് 1300ല്‍ പരം ഗേള്‍സ് കേഡറ്റുകള്‍ക്ക് സൗജന്യമായി പരിശീലനം നല്‍കുന്നുണ്ട്. ഇന്ത്യന്‍ ആര്‍മിയുടെ പ്രാഥമിക പരിശീലനം, വാര്‍ഷിക ട്രെയിനിങ് ക്യാമ്പ്, നാഷണല്‍ ഇന്റഗ്രേഷന്‍ ക്യാമ്പ്, ബേസിക് ലീഡര്‍ഷിപ്പ് ക്യാമ്പ്, ആര്‍ഡി ക്യാമ്പ്, തല്‍സൈനിക ക്യാമ്പ്, സാഹസിക പരിശീലനങ്ങള്‍ക്കുള്ള ക്യാമ്പുകള്‍ തുടങ്ങി നിരവധി പരിശീലനങ്ങള്‍ ഗേള്‍സ് ബറ്റാലിയന് നല്‍കിവരുന്നു.
എന്‍സിസി കേഡറ്റുകളുടെ ഗാര്‍ഡ് ഓഫ് ഓണറോടു കൂടി ആരംഭിച്ച ചടങ്ങില്‍ എറണാകുളം എന്‍സിസി ഗ്രൂപ്പ് കമ്മേഡോര്‍ ആര്‍ ആര്‍ അയ്യര്‍, കേരള ലക്ഷദ്വീപ് ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ എന്‍ രാജ്കുമാര്‍, സെവന്‍ കേരള ഗേള്‍സ് ബറ്റാലിയന്‍ കമാന്‍ഡിങ് ഓഫീസര്‍ കേണല്‍ ജെ ആന്റണി, വിവിധ ബറ്റാലിയന്‍ കമാന്‍ഡിങ് ഓഫീസര്‍മാര്‍, എന്‍ സി സി സ്റ്റാഫ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.