തൃശ്ശൂര്‍: ഇരുപത് വര്‍ഷത്തെ അലച്ചിലിനൊടുവില്‍ ‘പുനര്‍ഗേഹം’ പദ്ധതിയിലൂടെ റഹ്‌മാന്‍ പഴൂപ്പറമ്പില്‍ സാക്ഷാത്ക്കരിച്ചത് വീടെന്ന സ്വപ്നം. തീരദേശ മേഖലയിലെ കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനുളള ഫിഷറീസ് വകുപ്പിന്റെ പുനര്‍ഗേഹം പദ്ധതിയിലെ ജില്ലയിലെ ആദ്യത്തെ വീടാണ് അഴീക്കോട് സ്വദേശിയായ റഹ്‌മാന്‍ പഴൂപ്പറമ്പില്‍ സ്വന്തമാക്കിയത്. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടന വേദിയില്‍ വീടിന്റെ താക്കോല്‍ ഇ ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ കൈമാറി.
എറിയാട് പഞ്ചായത്തിലെ ഇടിയന്‍ചാല്‍ കരയില്‍ കടപ്പുറത്ത് നാല് സെന്റ് ഭൂമിയുടെ ഉടമയായിരുന്നു റഹ്‌മാന്‍. എന്നാല്‍ കടല്‍ഭിത്തിയോട് ചേര്‍ന്നുള്ള സ്ഥലമായതിനാല്‍ രണ്ട് സെന്റ് ഭൂമി കടലെടുത്തു. തീരദേശ നിയമം വന്നതോടെ ഭൂമി ഉപയോഗ യോഗ്യമല്ലാതായി. തുടര്‍ന്നങ്ങോട്ട് വാടക വീടുകളിലായിരുന്നു റഹ്‌മാനും ഭാര്യ ഫസീലയും രണ്ടു മക്കളുമടങ്ങുന്ന കുടുംബം ജീവിച്ചത്.
ഇടയ്ക്ക് ഉപജീവനമാര്‍ഗ്ഗത്തിനായി കടല്‍കടന്നെങ്കിലും ഒരു വശം തളര്‍ന്നതോടെ നാട്ടിലേക്ക് തിരികെ പോരേണ്ടി വന്നു. ചികിത്സയ്ക്കിടയിലും സ്വന്തമായി ഒരു കൂര എന്ന സ്വപ്നം എംഎല്‍എയുടെ ശ്രദ്ധയില്‍പ്പെടുത്തിയതോടെ, ആഗ്രഹത്തിന് ആക്കം കൂടി. പുനര്‍ഗേഹം പദ്ധതിയില്‍ ഉള്‍പ്പെട്ടതോടെ അഴീക്കോട് മേനോന്‍ ബസാറില്‍ മൂന്ന് സെന്റ് സ്ഥലം കണ്ടെത്തി വീട് പണി ആരംഭിച്ചു. സര്‍ക്കാര്‍ 10 ലക്ഷം മൂന്നു ഗഡുക്കളായി നല്‍കി. ചില സുമനസ്സുകള്‍ കൂടി സഹായം നല്‍കിയതോടെ 700 ചതുരശ്ര അടിയില്‍ രണ്ടു മുറി, ഒരു ബാത്‌റൂം, അടുക്കള, വരാന്ത എന്നിവയടങ്ങുന്ന മനോഹരമായ വീട് യാഥാര്‍ത്ഥ്യമായി.