എറണാകുളം: കേരള ഓട്ടോമൊബൈല്‍ ലിമിറ്റഡിന്റെ ഇലക്ട്രിക്ക് ഓട്ടോ റിക്ഷകളുടെ വ്യാപനം ലക്ഷ്യമിട്ട് ആദ്യഘട്ടത്തിൽ ഇ-ഓട്ടോ റിക്ഷകൾക്ക് സബ്സിഡി നൽകുമെന്ന് വ്യവസായവകുപ്പ് മന്ത്രി ഇ.പി ജയരാജൻ അറിയിച്ചു. വ്യവസായ, ഗതാഗത വകുപ്പുകൾ സംയുക്തമായി ആദ്യം രജിസ്റ്റർ ചെയ്യുന്ന 500 പേർക്കാണ് സബ്സിഡി നൽകുന്നത്. പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈല്‍ ലിമിറ്റഡിന്റെ ഇലക്ട്രിക് ഓട്ടോ ‘നീം ജി’യുടെ എറണാകുളത്തെ ആദ്യ ഷോറൂം കലൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇലക്ട്രിക്ക് ഓട്ടോ റിക്ഷകളുടെ ഏജൻസികൾ അനുവദിക്കും. വൈദ്യുതി വകുപ്പുമായി ചേർന്ന് ചാർജ്ജിംഗ് സ്റ്റേഷനുകൾ നിർമിക്കും.

നഷ്ടത്തിലായിരുന്ന കേരള ഓട്ടോമൊബൈല്‍ ലിമിറ്റഡിന് കഴിഞ്ഞ നാല് വർഷത്തെ പ്രവർത്തന ഫലമായി മികച്ച പുരോഗതി നേടാനായി. രാജ്യത്തിനകത്തും പുറത്തും ഇ- ഓട്ടോറിക്ഷകൾ കയറ്റുമതി ചെയ്യുന്ന മികച്ച സ്ഥാപനമായി മാറുവാൻ കെ.എ.എല്ലിന് സാധിച്ചു. നേപ്പാളിന് പുറമേ ശ്രീലങ്ക, ബംഗ്ലാദേശ്, വിവിധ ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്കും ഇ- ഓട്ടോകൾ കയറ്റുമതി ചെയ്യുന്നതിനായുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇലക്ട്രിക് വാഹനങ്ങൾക്കായി തിരുവനന്തപുരത്ത് ഗവേഷണകേന്ദ്രം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

വാഹനത്തിന്റെ ആദ്യ വില്പനയും സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ വാങ്ങുന്ന 100 ഇ-ഓട്ടോകളുടെ ആദ്യ കൈമാറ്റവും മന്ത്രി നിർവഹിച്ചു. ഇ- ഓട്ടോയുമായി ബന്ധപ്പെട്ട മാര്‍ക്കറ്റിംഗ് സര്‍വീസ് ആവശ്യങ്ങള്‍ വിളിക്കാവുന്ന ടോള്‍ ഫ്രീ നമ്പർ 18008917227 ചടങ്ങിൽ മന്ത്രി പ്രകാശനം ചെയ്തു.

കേരള ഓട്ടോമൊബൈല്‍ ലിമിറ്റഡ് ചെയർമാൻ കരമന ഹരി അധ്യക്ഷത വഹിച്ച ചടങ്ങിൽ പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ എം.ഡി എം.എ നാസർ, കേരള ഓട്ടോമൊബൈല്‍ ലിമിറ്റഡ് എം.ഡി എ. ഷാജഹാൻ എന്നിവർ പങ്കെടുത്തു.

ഡ്രൈവറടക്കം നാല് പേർക്ക് സഞ്ചരിക്കാൻ സൗകര്യമുള്ള ‘നീം ജി’ ഒറ്റത്തവണ ചാർജ്ജ് ചെയ്താൽ 90 മുതൽ 100 കിലോമീറ്റർ വരെ സഞ്ചരിക്കും. 5.4 കിലോവാട്ട് ലിഥിയം അയേൺ ബാറ്ററിയാണ് വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്നത്. ബാറ്ററി പൂർണമായി ചാർജ്ജ് ചെയ്യുവാൻ മൂന്ന് മണിക്കൂർ സമയം മാത്രം മതി.