എറണാകുളം: പറവൂര്‍ താലൂക്കില്‍ പുത്തൻവേലിക്കര താഴഞ്ചിറയില്‍ വര്‍ഷങ്ങളായി തരിശായി കിടന്ന 95 ഏക്കര്‍ മിച്ച ഭൂമിയില്‍ സുഭിക്ഷ കേരളം പദ്ധതി പ്രകാരം വിത്തിറക്കാന്‍ ജില്ല കളക്ടര്‍ എസ് സുഹാസ് അനുമതി നല്‍കി. സുഭിക്ഷ കേരളം പദ്ധതി പ്രകാരം കൃഷി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ജില്ല കളക്ടര്‍ മിച്ച ഭൂമിയില്‍ നെ‍ല്‍കൃഷി നടത്താൻ പ്രിൻസിപ്പല്‍ കൃഷി ഓഫീസര്‍ക്ക് അനുമതി നല്‍കിയത്.

സംസ്ഥാനത്തെ ഭക്ഷ്യോത്പാദനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തില്‍ മെയ് മാസത്തിലാണ് സംസ്ഥാനത്ത് സുഭിക്ഷ കേരളം പദ്ധതി ആരംഭിക്കുന്നത്. സുഭിക്ഷ കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഈ തരിശു ഭൂമിയില്‍ കൃഷി ആരംഭിക്കാൻ അനുവദിക്കണമെന്ന് പുത്തൻവേലിക്കര ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍ കളക്ടറോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഭൂരേഖ വിഭാഗം തഹസില്‍ദാറും അഡീഷണല്‍ ജില്ല മജിസ്ട്രേറ്റും ഈ ഭൂമി നെല്‍കൃഷിക്ക് അനുയോജ്യമാണെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

ഈ സ്ഥലത്ത് കൃഷി സാധ്യമായാല്‍ ജില്ലയുടെ ഭക്ഷ്യോത്പാദന പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ നേട്ടമാവുമെന്ന് ജില്ല കളക്ടര്‍ വിലയിരുത്തി. ഒരു വര്‍ഷം കൃഷി നടത്താനുള്ള അനുമതിയാണ് നിലവില്‍ നല്‍കിയിരിക്കുന്നത്. കാര്‍ഷികേതര പ്രവര്‍ത്തനങ്ങള്‍ക്ക് ഈ സ്ഥലം ഉപയോഗിക്കാൻ പാടില്ല എന്നും സ്ഥാപനങ്ങള്‍ക്കോ സംഘടനക്കോ ഭൂമി കൈവശം വെക്കാൻ അവകാശമുണ്ടാവില്ലെന്നും കളക്ടര്‍ വ്യക്തമാക്കിയിട്ടുണ്ട്.