മലപ്പുറം: ദേശീയ പാതാ വികസനത്തില്‍ മലപ്പുറം ജില്ല ഇന്ന് മറ്റുജില്ലകള്‍ക്ക് കൂടി മാതൃകയാണെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന നഷ്ടപരിഹാര വിതരണം വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സ്പീക്കര്‍.
77 കിലോമീറ്റര്‍ ദൂരം കാപ്പിരിക്കാട് വരെയുള്ള സ്ഥലത്ത് ഭൂമി നഷ്ടപ്പെടുന്നവരുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും പിന്തുണ കേരള ചരിത്രത്തില്‍ തന്നെ മാതൃകാപരമാണ്. വഴിതെറ്റിക്കാനും നാടിന്റെ വികസനത്തിനെതിരായ നിലപാട് സ്വീകരിക്കുന്നവരോടും ഒരു നാട് എങ്ങനെ പ്രതികരിച്ചു എന്നുള്ള ഒരു പാഠം കൂടിയാണിത്. വികസനം ഇന്നേക്ക് വേണ്ടി മാത്രമല്ല, തലമുറകള്‍ക്കു വേണ്ടി കൂടിയാണ്. ദീര്‍ഘവീക്ഷണമുള്ള ഭരണാധികാരികള്‍ ഭാവിതലമുറയ്ക്കുവേണ്ടിയുള്ള നിക്ഷേപമായി വികസനത്തെ കാണുമ്പോള്‍ ആ നിക്ഷേപത്തെ അതേ അളവില്‍ കാണാനുള്ള ശേഷിയും ശക്തിയും പൊതുസമൂഹത്തിനുണ്ടാവണം. അതിനെതിരെ നില്‍ക്കുന്നവരെ ഒറ്റപ്പെടുത്താനും കഴിയണം.
കേരളത്തിന്റെ വികസനരംഗത്ത് സഹകരിക്കാന്‍ ജനങ്ങള്‍ തയ്യാറാണ്, അവര്‍ക്കാവശ്യമായ നിലയില്‍, അവരുടെ കണ്ണുനീരില്ലാതെ അവരെ വിഷമിപ്പിക്കാതെ ന്യായമായ നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറായാല്‍ ഏത് പദ്ധതിയും ഏറ്റെടുക്കാന്‍ ജനങ്ങള്‍ തയ്യാറാണെന്നതിന്റെ ഒന്നാന്തരം പാഠമാണിതെന്നും സ്പീക്കര്‍ പറഞ്ഞു. വികസനകാര്യങ്ങളില്‍ നമ്മള്‍ യാന്ത്രികമായി സമീപിക്കാതെ അത് നടപ്പിലാക്കണം എന്ന ഇച്ഛാശക്തിയോടുകൂടി ഇടപെടാന്‍ സാധിക്കണം. ഇച്ഛാശക്തിയോടെ നടപ്പിലാക്കുമ്പോള്‍ ജനങ്ങളോട് ശത്രുതാപരമായിട്ടല്ല ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിച്ചുകൊണ്ടാണ് നടപ്പിലാക്കുക എന്നുകൂടി നമുക്ക് അവരെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞാല്‍ അത് തീര്‍ച്ചയായും ജനങ്ങള്‍ സ്വീകരിക്കുമെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.