മുട്ടറ മരുതിമല ഇക്കോ ടൂറിസം പദ്ധതി ജില്ലയുടെ വിനോദ സഞ്ചാര മേഖലയ്ക്ക് കൂടുതല്‍ ഉണര്‍വേകുമെന്ന് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. പദ്ധതിയുടെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
കോവിഡ് പ്രതിസന്ധി ഏറ്റവും കൂടുതല്‍ ബാധിച്ചത് വിനോദസഞ്ചാര മേഖലയെയാണ്. എന്നിരുന്നാലും വികസന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോവുകയാണ് സംസ്ഥാന സര്‍ക്കാര്‍. പ്രകൃതിയുടെ സംരക്ഷണം ഉറപ്പാക്കിയുള്ള പ്രവര്‍ത്തനങ്ങളാണ് വിനോദ സഞ്ചാര മേഖലയില്‍ നടത്തുന്നത്. മരുതിമലയിലെ അപൂര്‍വയിനം ചെമ്പന്‍ കുരങ്ങുകളുടെ സംരക്ഷണം ഉറപ്പാക്കിയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നടത്തിയിരിക്കുന്നത്. ജില്ലയുടെ മുഖ്യ ടൂറിസം കേന്ദ്രമായി മരുതിമല മാറുമെന്നും മന്ത്രി പറഞ്ഞു.
വെളിയം ഗ്രാമപഞ്ചായത്തിലെ മുട്ടറയിലാണ് മരുതിമല ഇക്കോ ടൂറിസം പദ്ധതി യാഥാര്‍ഥ്യമായത്. വെളിയം പഞ്ചായത്തിന് 37 ഏക്കര്‍ റവന്യൂ ഭൂമി 20 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കിയാണ് പദ്ധതി നടപ്പാക്കിയത്. വെളിയം ഗ്രാമപഞ്ചായത്തിനും ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിനുമാണ് പദ്ധതിയുടെ മേല്‍നോട്ടം. ടൂറിസം വകുപ്പ് മുഖേന 70 ലക്ഷം രൂപ ചെലവഴിച്ചാണ് രണ്ട് ഘട്ടങ്ങളിലായി പദ്ധതി പൂര്‍ത്തീകരിച്ചത്. ജലസേചന വകുപ്പിനായിരുന്നു നിര്‍മാണ ചുമതല.
വൈദ്യുതീകരണം, കുഴല്‍ക്കിണര്‍ വഴി ശുദ്ധജല ലഭ്യത എന്നിവ ഉറപ്പാക്കി. ഇന്‍ഫര്‍മേഷന്‍ സെന്റര്‍, കഫെറ്റേരിയ, പാത്ത് വേ, സംരക്ഷണ വേലികള്‍, ടോയ്ലറ്റ് സൗകര്യം, മൂന്ന് സെറ്റ് വിശ്രമ മന്ദിരങ്ങള്‍ എന്നിവയുമുണ്ട്. പ്രവേശനകവാടം, റോഡ് വേ എന്നിവയുടെ നിര്‍മാണവും പൂര്‍ത്തീകരിച്ചു.
പി അയിഷാ പോറ്റി എം എല്‍ എ ശിലാഫലകം അനാച്ഛാദനം ചെയ്തു.
