കോട്ടയം: ഉഴവൂര്‍, പാമ്പാടി താലൂക്ക് ആശുപത്രികളില്‍ കോവിഡ് രോഗികള്‍ക്കായി കേന്ദ്രീകൃത ഓക്സിജന്‍ വിതരണ സംവിധാനം സജ്ജമാക്കി. ഉഴവൂര്‍ ആശുപത്രി സെക്കന്‍ഡ് ലൈന്‍ ചികിത്സാകേന്ദ്ര(എസ്.എല്‍.ടി.സി)മായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. പാമ്പാടി ആശുപത്രിയിലെ സി.എഫ്.എല്‍.ടി.സി പുതിയ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി എസ്.എല്‍.ടി.സിയാക്കി മാറ്റി.
ജില്ലാ കളക്ടര്‍ എം. അഞ്ജന വീഡിയോ കോണ്‍ഫറന്‍സിലൂടെ രണ്ടു കേന്ദ്രങ്ങളുടെയും ഉദ്ഘാടനം നിര്‍വഹിച്ചു. ഉഴവൂരില്‍ 154ഉം പാമ്പാടിയില്‍ 50ഉം കിടക്കളാണുള്ളത്. ഇത് യഥാക്രമം 230ഉം 100ഉം കിടക്കകളായി വര്‍ധിപ്പിക്കാനാകും. ഇതോടെ ജില്ലയില്‍ വിവിധ സെക്കന്‍ഡ് ലൈന്‍ ചികിത്സാ കേന്ദ്രങ്ങളിലായി ഓക്‌സിജന്‍ സംവിധാനമുള്ള 461 കിടക്കകളായി.
കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി, കോട്ടയം ജനറല്‍ ആശുപത്രി, വൈക്കം താലൂക്ക് ആശുപത്രി എന്നിവയാണ് മറ്റു ചികിത്സാ കേന്ദ്രങ്ങള്‍. പാലാ ജനറല്‍ ആശുപത്രിയിലും മുണ്ടക്കയം കുടുംബാരോഗ്യ കേന്ദ്രത്തിലും ഈ സംവിധാനം സജ്ജീകരിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു. ഇതുകൂടി പൂര്‍ത്തിയാകുന്നതോടെ ജില്ലയില്‍ കേന്ദ്രീകൃത ഓക്സിജന്‍ വിതരണ സംവിധാനമുള്ള 800 കിടക്കള്‍ സജ്ജമാകുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.
ഉദ്ഘാടനച്ചടങ്ങില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ്, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. വ്യാസ് സുകുമാരന്‍, ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം. മാത്യു, ആശുപത്രി സൂപ്രണ്ടുമാരായ ഡോ. ജെസി സെബാസ്റ്റ്യന്‍, ഡോ. കെ.എ മനോജ്, തുടങ്ങിയവര്‍ പങ്കെടുത്തു