കൊല്ലം : ശബരിമല മണ്ഡല-മകരവിളക്ക് ഉത്സവകാലത്ത് തീര്‍ത്ഥാടകര്‍ക്കിടയില്‍ രോഗവ്യാപനം തടയുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ ആരോഗ്യ വകുപ്പ് ആരംഭിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലതയുടെ അധ്യക്ഷതയില്‍ കൂടിയ അവലോകന യോഗം പ്രവര്‍ത്തന രൂപരേഖ തയ്യാറാക്കി. തീര്‍ത്ഥാടന കാലയളവില്‍ കോവിഡ് പ്രോട്ടോകോള്‍ ഉറപ്പുവരുത്തുന്നതിന് അഞ്ച് ഭാഷകളില്‍ നിര്‍ദേശങ്ങള്‍ പ്രധാന സ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിക്കും.

അച്ചന്‍കോവില്‍, ആര്യങ്കാവ്, കുളത്തൂപ്പുഴ, ഓച്ചിറ, കൊട്ടാരക്കര, വെട്ടിക്കവല തുടങ്ങിയ ഇടത്താവളങ്ങളില്‍ ശുചിത്വവും ഭക്ഷണ സുരക്ഷിതത്വവും ഉറപ്പാക്കും.ഫസ്റ്റ് എയ്ഡ്, പനി നിര്‍ണയം, സാനിറ്റൈസര്‍ സൗകര്യം എന്നിവ ഏര്‍പ്പെടുത്തും. ഇടത്താവള മേഖലകളിലും സഞ്ചാരപാതകളിലുമുള്ള കുടിവെള്ള ഉറവിടങ്ങളുടെ ക്ലോറിനേഷന്‍, ഭക്ഷണ വിതരണ സ്ഥാപനങ്ങളുടെ ശുചിത്വം ഇവ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തില്‍ പരിശോധിച്ച് ഉറപ്പുവരുത്തും.

ഹോട്ടല്‍ ജോലിക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കും. ബസ് സ്റ്റേഷനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സ്വാബ് ശേഖരണത്തിനുള്ള സൗകര്യം ഒരുക്കും. പുനലൂര്‍, ആര്യങ്കാവ് എന്നിവിടങ്ങളില്‍ ആംബുലന്‍സ് സൗകര്യം ലഭ്യമാക്കും. ബ്ലോക്ക്-പി എച്ച് സി മെഡിക്കല്‍ ഓഫീസര്‍മാര്‍ വിവിധ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുമെന്നും ഡി എം ഒ അറിയിച്ചു.