സംസ്ഥാന മന്ത്രി സഭയുടെ രണ്ടാം വാർഷികം ബഹുജന പങ്കാളിത്തത്തോടെ ആഘോഷിക്കുമെന്ന് വനം-മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പ് മന്ത്രി അഡ്വ. കെ രാജു പറഞ്ഞു. മെയ് 18 മുതൽ ഒരാഴ്ച നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾ ജില്ലയിൽ സംഘടിപ്പിക്കും. ഇതിനു മുന്നോടിയായി മെയ് ഏഴു മുതൽ 13 വരെ വകുപ്പുകളുടെ വിപണന- പ്രദർശന മേള സംഘടിപ്പിക്കും. മന്ത്രിസഭാ വാർഷികവുമായി ബന്ധപ്പെട്ട ജില്ലാതല ഉദ്യോഗസ്ഥരുടെ ആലോചനാ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ വകുപ്പും നടപ്പാക്കുന്ന വികസന ക്ഷേമ പദ്ധതികൾ സംബന്ധിച്ച ബോധവൽക്കരണം ക്ലാസ്സുകളും കലാ-സാംസ്‌കാരിക പരിപാടികളും മേളയുടെ ഭാഗമാകും. ആഘോഷപരിപാടികളിൽ ഗ്രീൻ പ്രോട്ടോക്കോൾ കർശനമായി പാലിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. വിവിധ വകുപ്പുകളുടെ സേവനങ്ങൾ കൂടുതലായി ജനങ്ങളിൽ എത്തുന്ന വിധത്തിൽ പരിപാടികൾ സംഘടിപ്പിക്കണം. എല്ലാ വകുപ്പുകളുടെയും സേവനങ്ങളുടെ നേർക്കാഴ്ചയാകണം കോട്ടയത്തെ വിപണന മേളയെന്നും അദ്ദേഹം നിർദ്ദേശിച്ചു. ആഘോഷ പരിപാടികൾ ജനകീയമായി സംഘടിപ്പിക്കുന്നതിന് വിപുലമായ സ്വാഗത സംഘം രൂപീകരിക്കും. ഇതിനായി ജില്ലയിലെ എംപിമാർ,എം.എൽ.എമാർ, ഗ്രാമ-ബ്ലോക്ക്-മുനിസിപ്പാലിറ്റി അധ്യക്ഷ•ാർ, വകുപ്പു മേധാവികൾ എന്നിവരുടെ യോഗം ഏപ്രിൽ 12 വൈകിട്ട് മൂന്നിന് കോട്ടയത്ത് ചേരുമെന്നും അദ്ദേഹം പറഞ്ഞു.
വിപുലമായ പരിപാടികളാണ് ജില്ലയിൽ ആസൂത്രണം ചെയ്യുന്നത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തിൽ പഞ്ചായത്ത്, ബ്ലോക്ക് തലത്തിലും നിയോജക മണ്ഡലങ്ങളിലും വിവിധ വകുപ്പുകളുടെ പൂർത്തിയായ പദ്ധതികളുടെ ഉദ്ഘാടനവും ഭരണാനുമതി കിട്ടിയിട്ടുള്ള പ്രോജക്ടുകളുടെ നിർമ്മാണോദ്ഘാടനവും സംഘടിപ്പിക്കും. സ്‌കൂൾ വിദ്യാർത്ഥികൾക്ക് അടുത്ത അദ്ധ്യയന വർഷത്തേയ്ക്കുള്ള പാഠപുസ്തകങ്ങൾ മെയ് രണ്ടിന് വിതരണം ചെയ്യും. ഫലവൃക്ഷ-ഔഷധസസ്യ തൈകൾ സോഷ്യൽ ഫോറസ്ട്രി, ദാരിദ്ര്യലഘുകരണ വിഭാഗം, കുടുംബശ്രീ എന്നിവയുടെ ആഭിമുഖ്യത്തിൽ വിതരണം ചെയ്യും. എൽ.പി, യു.പി വിദ്യാർത്ഥികൾക്കുള്ള യൂണിഫോം വിതരണവും മെയ് രണ്ടിന് നടത്തും.
നാഗമ്പടം മൈതാനിയിലാണ് വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ പ്രദർശന-വിപണന വിപണനമേള നടത്തുന്നത്. ഇതിനുള്ള പ്രാഥമിക തയ്യാറെടുപ്പുകൾ വകുപ്പുകൾ നടത്തിക്കഴിഞ്ഞു. ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ നാൽപ്പതോളം സ്റ്റാളുകൾ മേളയിൽ ക്രമീകരിക്കും. നാടൻ ഭക്ഷണശാലയും കേരളത്തിന്റെ തനതുരുചിയും മേളയുടെ ഭാഗമാകും. വിവിധ വകുപ്പുകൾ നടത്തുന്ന തയ്യാറെടുപ്പുകൾ സംബന്ധിച്ച വിശദമായ അവലോകനം മന്ത്രി നടത്തി. വനം വകുപ്പ്, കെഎഫ്ഡിസി എന്നിവയുടെ സംയുക്തസ്റ്റാളും വനശ്രീ ഉല്പന്നങ്ങളുടെ പ്രത്യേക സ്റ്റാളും മേളയിൽ ഉണ്ടാകും. മൃഗസംരക്ഷണ വകുപ്പിന്റെ പെറ്റ് ഷോ ഉൾപ്പെടെയുള്ള സ്റ്റാളുകളും മേളയുടെ ഭാഗമാകും. മേളയുടെ ഒരു ദിവസം ചക്ക മഹോത്സവം ആഘോഷിക്കും. ക്ഷീരവകുപ്പിന്റെ ആഭിമുഖ്യത്തിൽ വിവിധ ഉല്പന്നങ്ങളുടെ വില്പനയും പ്രദർശനവും നടക്കും. കൃഷി, പട്ടികജാതി-പട്ടികവർഗ സ്വാശ്രയ സഹകരണ സംഘങ്ങൾ, കയർ ഫെഡ്, മത്സ്യഫെഡ്, എക്സൈസ്, ഖാദി, വനിതാ കോർപ്പറഷൻ, ആരോഗ്യം, അനെർട്ട്, കെഎസ്ഇബി, സിവിൽ സപ്ളെസ്, ടൂറിസം, വ്യവസായം, പോലീസ്, എംപ്ലോയ്മെന്റ് ഓഫീസ്, സാമൂഹ്യസുരക്ഷ, ജലസേചനം, ഗ്രാമവികസനം, വിദ്യാഭ്യാസം, ജലഗതാഗതം, ഭക്ഷ്യസുരക്ഷ, തുടങ്ങിയ വകുപ്പുകളുടെ സ്റ്റാളുകൾ പ്രദർശനത്തിനുണ്ടാകും. കൂടാതെ സർക്കാരിന്റെ പുതിയ നാലു മിഷനുകളുടെ പ്രവർത്തനവും നേട്ടങ്ങളും വിശദമാക്കുന്ന നവകേരളം പ്രത്യേക സ്റ്റാളും സജ്ജീകരിക്കും. ഇതിൽ ആർദ്രം, ലൈഫ്, ഹരിതകേരളം, പൊതുവിദ്യാഭ്യാസ യജ്ഞം എന്നിവ പ്രത്യേകമായി അവതരിപ്പിക്കും. അക്ഷയയുടെ എല്ലാ സേവനങ്ങളും ഉൾപ്പെടുത്തിക്കൊണ്ടുള്ള മാതൃകാ അക്ഷയ കേന്ദ്രം പ്രത്യേകം സജ്ജമാക്കും. സഹകരണസംഘത്തിന്റെ ആഭിമുഖ്യത്തിൽ എസ്പിസിഎസിന്റെ പുസ്തക പ്രദർശനവും വില്പനയും മെഡിക്കൽ കോളേജിന്റെ ആഭിമുഖ്യത്തിലുള്ള പ്രത്യേക പ്രദർശനം, ആരോഗ്യ വകുപ്പ്, ഭാരതീയ ചികിത്സാ വകുപ്പ്, ഹോമിയോ എന്നിവയുടെ ക്ലിനിക്കുകൾ, പാമ്പാടി ആർടിഐയുടെ പ്രത്യേക സ്റ്റാൾ എന്നിവയും കുമരകം കാർഷിക ഗവേഷണ കേന്ദ്രം, ജില്ലാ ഇലക്ട്രിക്കൽ വകുപ്പ് എന്നിവയുടെ പ്രത്യേക സാന്നിധ്യവും മേളയിലുണ്ടാകും. സഞ്ചരിക്കുന്ന മണ്ണ് പരിശോധന ലാബും മേളയിൽ ക്രമീകരിക്കും. സൗജന്യ മെഡിക്കൽ ക്യാമ്പും മേളയുടെ ഭാഗമാകും. വ്യവസായ വകുപ്പിന്റെ കൈത്തറി നെയ്ത്തിന്റെ നേരിട്ടുള്ള പ്രവർത്തന പ്രദർശവും മേളയെ ആകർഷകമാക്കും.
ജില്ലാ കളക്ടർ ഡോ. ബി. എസ്. തിരുമേനി ജില്ലയിൽ വിവിധ വകുപ്പുകളുടെ ആഭിമുഖ്യത്തിൽ നടത്താൻ ഉദ്ദേശിക്കുന്ന പരിപാടികൾ ആമുഖമായി അവതരിപ്പിച്ചു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ സിനി കെ. തോമസ് സ്വാഗതം ആശംസിച്ചു. എ.ഡി.എം.കെ.രാജൻ,പിആർഡി മേഖലാ ഡെപ്യൂട്ടി ഡയറക്ടർ കെ. അബ്ദുൽ റഷീദ്, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ സംസാരിച്ചു.