പഴങ്ങാലം സര്‍വീസ് സഹകരണ ബാങ്കിന്റെ പഴങ്ങാലംമുക്ക് ശാഖ സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നാടിന് സമര്‍പ്പിച്ചു. നികുതി സമ്പ്രദായത്തില്‍ വന്ന മാറ്റം കാരണം ഉണ്ടായ സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കെ സഹകരണ മേഖലയുടെ ഇടപെടല്‍ എല്ലാ മേഖലകള്‍ക്കും ഗുണകരമായി എന്ന് അദ്ദേഹം ഉദ്ഘാടന വേളയില്‍ പറഞ്ഞു. കേരള ബാങ്ക് രൂപീകരണത്തോടെ എല്ലാ കാര്‍ഷിക വായ്പാ സംഘങ്ങളിലും ആധുനിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താനാകും. കാലഘട്ടം ആവശ്യപ്പെടുന്ന മാറ്റങ്ങള്‍ വരുത്തുക വഴി സഹകരണ മേഖല കൂടുതല്‍ ജനകീയമാക്കാനായെന്നും അദ്ദേഹം വ്യക്തമാക്കി.
നെടുമ്പന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. നാസറുദ്ദീന്‍ അധ്യക്ഷനായി. മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രാജീവ്, അംഗം ആര്‍. ബിജു, ജില്ലാ പഞ്ചായത്ത് അംഗം സി.പി. പ്രദീപ്, നെടുമ്പന ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സി. സന്തോഷ്, ഷീലാ മനോഹരന്‍, നെടുമ്പന സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എന്‍. സന്തോഷ്, അസിസ്റ്റന്റ് രജിസ്ട്രാര്‍ ബി.എസ്. പ്രവീണ്‍ദാസ്, പഴങ്ങാലം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഡി. വേണുഗോപാലപിള്ള, വൈസ് പ്രസിഡന്റ് ആര്‍. സുരേഷ്, സെക്രട്ടറി പത്മ വി. സിംഗ്, രാഷ്ട്രീയ കക്ഷി നേതാക്കള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.