എറണാകുളം: ആളും ആരവവും ഒഴിവാക്കി പരമാവധി ലളിതവും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടും തെരഞ്ഞെടുപ്പ് പ്രചരണം നടത്തണമെന്ന് തിരഞ്ഞെടുപ്പു കമ്മീഷന്റെ നിര്‍ദേശം. നോട്ടീസുകള്‍ക്കും ലഘുലേഖകള്‍ക്കും ബദലായി സാമൂഹിക മാധ്യമങ്ങള്‍ പ്രധാന പ്രചരണ രീതിയായി തിരഞ്ഞെടുക്കാനും കമ്മീഷൻ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് പരസ്യ ബോര്‍ഡുകള്‍, ബാനറുകള്‍ എന്നിവ സ്ഥാപിക്കുന്നത് സംബന്ധിച്ച വിവരങ്ങള്‍ വരണാധികാരിയെ നിശ്ചിത ഫോറത്തില്‍ അറിയിക്കണം. സ്ഥാനാര്‍ത്ഥികള്‍ക്ക് ഹാരം, ബൊക്ക, നോട്ടുമാല, ഷാള്‍ തുടങ്ങിയവ നല്‍കിക്കൊണ്ടുള്ള സ്വീകരണ പരിപാടികള്‍ സംഘടിപ്പിക്കാൻ കോവിഡ് പശ്ചാത്തലത്തില്‍ വിലക്കുണ്ട്. ജാഥ, ആള്‍ക്കൂട്ടം, കൊട്ടിക്കലാശം എന്നിവയും നടത്താന്‍ പാടില്ല. പൊതുയോഗങ്ങളും കുടുംബയോഗങ്ങളും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു മാത്രമേ നടത്താൻ പാടുള്ളു. പൊതുയോഗങ്ങള്‍ നടത്തുന്നതിന് പോലീസില്‍ നിന്നും മുൻകൂര്‍ അനുമതി വാങ്ങണം.

തിരഞ്ഞെടുപ്പ് പ്രചരണത്തിൻറെ ഭാഗമായുള്ള ഭവന സന്ദര്‍ശനത്തിന് പരമാവധി അഞ്ചു പേര്‍ മാത്രമേ പാടുള്ളു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടു വേണം ഭവന സന്ദര‍്ശ‍നം നടത്താൻ. മാസ്ക്, സാനിറ്റൈസര്‍ തുടങ്ങിയവ ഉപയോഗിക്കണമെന്നുള്ള സന്ദേശവും തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമാക്കണം.

പ്രചരണത്തിനുള്ള വാഹനങ്ങള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്നും അനുമതി വാങ്ങിയ ശേഷമേ രൂപമാറ്റം വരുത്താവൂ. കോവിഡ് പശ്ചാത്തലത്തില്‍ റോഡ് ഷോ, റാലികള്‍ എന്നിവക്ക്പരമാവധി മൂന്നു വാഹനങ്ങള്‍ മാത്രമേ ഉപയോഗിക്കാന്‍ സാധിക്കൂ. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പത്രം, റേഡിയോ, സാമൂഹിക മാധ്യമങ്ങള്‍, ടെലിവിഷന്‍ തുടങ്ങിയവയില്‍ നിയമാനുസരണം മാത്രമേ പരസ്യം നല്‍കാൻ പാടുള്ളു.

രാഷ്ട്രീയ കക്ഷികളോ സ്ഥാനാര്‍ത്ഥികളോ ജാതി, മത, സമുദായങ്ങള്‍ തമ്മില്‍ ഭാഷാപരമോ മതപരമോ ആയ ഭിന്നതക്ക് ആക്കം കൂട്ടുന്ന തരത്തിലോ വിദ്വേഷ പ്രചരണങ്ങള്‍ നടത്തുവാനോ പാടില്ല. മറ്റു കക്ഷികളുടെ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും പൊതു പ്രവര്‍ത്തനവുമായി ബന്ധമില്ലാത്ത സ്വകാര്യ ജീവിതത്തിലെ വശങ്ങളെ വിമര്‍ശിക്കാൻ പാടില്ല. ജാതിയുടെയും മതത്തിന്‍റെയും പേരില്‍ വോട്ടു തേടാനും വോട്ട് ബഹിഷ്കരിക്കാനും പാടില്ല.