കാസര്‍ഗോഡ് :  കോവിഡ് പ്രതിരോധനത്തിന് മാസ്‌ക് ധരിക്കേണ്ട ആവശ്യകതയും സാനിറ്റൈസര്‍ ഉപയോഗിക്കേണ്ട ആവശ്യകതയും കുരുന്നുകള്‍ മൊബൈല്‍ സെല്‍ഫി വീഡിയോയിലൂടെ വിളിച്ച് പറഞ്ഞപ്പോള്‍,അത് കോവിഡ് പ്രതിരോധത്തിന്റെ വേറിട്ടൊരു മാതൃകയായി. കോവിഡ് പ്രതിരോധ പ്രവര്‍നത്തനത്തിന്റെ ഭാഗമായി ഐഇ സി ജില്ലാതല കോര്‍ഡിനേഷന്‍ കമ്മിറ്റി പത്ത് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കായി സംഘടിപ്പിച്ച മൊബൈല്‍ സെല്‍ഫി വീഡിയോ മത്സരത്തിനെയാണ് കുട്ടികള്‍ ഉത്സവമാക്കിയത്. മത്സരത്തിലേക്ക് മലയാളം,കന്നട,തുളു,ഇംഗ്ലീഷ് ഭാഷകളിലായി 85 ഓളം സെല്‍ഫി വീഡിയോകളാണ് ലഭിച്ചത്. ശങ്കരമ്പാടിയിലെ മൂന്ന് വയസ്സുകാരി വേദ മുതല്‍ കോവിഡ് പ്രതിരോധത്തിന്റെ വ്യത്യസ്ത സന്ദേശങ്ങളുമായി സെല്‍ഫി വീഡിയോയില്‍ നിറഞ്ഞു നിന്നു. മത്സരത്തില്‍ ചെമ്മനാട്ടെ സെമീര്‍-അല്‍ഫാന ദമ്പതികളുടെ മകള്‍ സുഹറ സെബ ഒന്നാംസ്ഥാനം കരസ്ഥമാക്കി.

രണ്ടാംസ്ഥാനം കാറഡുക്കയിലെ സേതുരാജ്-കൃഷ്ണ കൃപ ദമ്പതികളുടെ മകന്‍ അതുല്‍ കൃഷ്ണനും മൂന്നാംസ്ഥാനം മാലക്കല്ലിലെ പുതുപ്പറമ്പില്‍ അരുണ്‍ ചാക്കോ- റീന മേരി തോമസ് ദമ്പതികളുടെ മകന്‍ അഡോണ്‍ ജോണും കരസ്ഥമാക്കി. പ്രോത്സാഹന സമ്മാനം ശങ്കരമ്പാടിയിലെ വിജയന്‍ ശങ്കരമ്പാടി-പി സുനിത ദമ്പതികളുടെ മകള്‍ വേദയും, ഋതശ്രീ കെ മാധവും, കരസ്ഥമാക്കി.ആദ്യത്തെ മൂന്ന് സ്ഥാനക്കാര്‍ക്ക് സമ്മാനമായി 5000,3000,2000 രൂപ നിക്ഷേപമുള്ള നാഷണല്‍ സേവിങ്‌സ് കിസാന്‍ വികാസ് പത്രയുടെ പാസ് ബുക്കും ജില്ലാ കളക്ടര്‍ നല്‍കുന്ന സാക്ഷ്യ പത്രവും സമ്മാനിക്കും. പ്രോത്സാഹന സമ്മാനമായി വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യും.

ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അധ്യക്ഷനായ ജൂറി പാനലാണ് വിജയികളെ തിരഞ്ഞെടുത്തത്. കേരള തുളു അക്കാദമി ചെയര്‍മാന്‍ ഉമേശ് എം സാലിയാന്‍,മാഷ് പദ്ധതി കോര്‍ഡിനേറ്റര്‍ പി വിദ്യ,ജില്ലാ മാസ് മീഡിയ ഓഫീസര്‍ അബ്ദുള്‍ ലത്തീഫ്്, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ എസ് സയന, സാമൂഹ്യ സുരക്ഷ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ജിഷോ ജെയിംസ് എന്നിവരാണ് വിജയികളെ തെരഞ്ഞെടുത്ത പാനലിലെ അംഗങ്ങള്‍. ശിശുദിനത്തില്‍ ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബുവാണ് കളക്ടറേറ്റില്‍ നടത്തുന്ന ചടങ്ങില്‍ സമ്മാനം വിതരണം ചെയ്യുക .ദേശീയ ആരോഗ്യ ദൗത്യമാണ് സമ്മാനം സ്‌പോണ്‍സര്‍ ചെയ്തത്