പാലക്കാട് : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയകക്ഷികളും സ്ഥാനാര്‍ഥികളും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

*രണ്ട് സമുദായങ്ങള്‍, ജാതി, ഭാഷ വിഭാഗങ്ങള്‍ തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷം മൂര്‍ച്ഛിക്കുന്നതിനിടയാകുന്ന പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകരുത്.

*എതിര്‍ രാഷ്ട്രീയകക്ഷി നേതാക്കളെ വ്യക്തിപരമായി തേജോവധം ചെയ്യുന്നതും സ്വകാര്യതയെ ഹനിക്കുന്നതുമായ പ്രചാരണം പാടില്ല.

*തെളിവില്ലാത്ത ആരോപണങ്ങള്‍ എതിര്‍കക്ഷിയെ പറ്റിയോ അവരുടെ പ്രവര്‍ത്തകരെ പറ്റിയോ ഉന്നയിക്കരുത്.

*ആരാധനാലയങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനുള്ള വേദിയാക്കരുത്.

*ജാതി മത വികാരങ്ങള്‍ മുതലെടുത്ത് വോട്ട് പിടിക്കുന്നത് കുറ്റകരമാണ്

നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്

*നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ പോകുന്ന സ്ഥാനാര്‍ഥിക്കൊപ്പം മൂന്ന് അകമ്പടി വാഹനങ്ങള്‍ മാത്രമേ വരണാധികാരിയുടെ ഓഫീസിന്റെ 100 മീറ്റര്‍ ചുറ്റളവില്‍ പ്രവേശിക്കാന്‍ പാടുള്ളൂ.(കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ അകമ്പടി വാഹനങ്ങള്‍ നിയന്ത്രിച്ചിട്ടുണ്ട്)

*കോവിഡ് 19 നിയന്ത്രണങ്ങളുടെ ഭാഗമായി വരണാധികാരിയുടെ മുറിയിലേക്ക് സ്ഥാനാര്‍ത്ഥി ഉള്‍പ്പെടെ  മൂന്നു പേര്‍ക്ക് മാത്രമേ പ്രവേശനമുള്ളൂ.

സൂക്ഷ്മപരിശോധന ക്രമീകരണം

*നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കുമ്പോള്‍ സ്ഥാനാര്‍ത്ഥിക്കൊപ്പം തിരഞ്ഞെടുപ്പ് ഏജന്റ്, നിര്‍ദ്ദേശകന്‍ എന്നിവര്‍ക്കാണ് വരണാധികാരിയുടെ മുറിയില്‍ പ്രവേശനം.ഇവര്‍ക്കു പുറമേ സ്ഥാനാര്‍ത്ഥി എഴുതി നല്‍കുന്ന മറ്റൊരാള്‍ക്ക്  കൂടി (ആവശ്യമെങ്കില്‍ വക്കീല്‍)  പ്രവേശിക്കാനാകും.