തിരുവനന്തപുരം: കോവിഡ് പോസിറ്റീവായ രോഗികളെയും കൊണ്ടുപോകുന്ന സ്വകാര്യ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് രണ്ട് സെറ്റ് പി.പി.ഇ കിറ്റുകള്‍ നിര്‍ബന്ധമാക്കി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ ഉത്തരവിട്ടു. ഇക്കാര്യം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഉറപ്പുവരുത്തണം. ഡ്രൈവര്‍മാര്‍ രോഗിയുമായി ആശുപത്രിയിലെത്തിയാലുടന്‍ മാറി ഉപയോഗിക്കുന്നതിനായി ആശുപത്രി അധികൃതര്‍ പുതിയ പി.പി.ഇ കിറ്റ് നല്‍കണം.
\സ്വകാര്യ ആശുപത്രിയിലാണ് രോഗിയുമായി പോകുന്നതെങ്കില്‍ തൊട്ടടുത്തുള്ള 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ആശുപത്രിയെ സമീപിച്ചാല്‍ ഡ്രൈവര്‍മാര്‍ക്ക് പുതിയ പി.പി.ഇ കിറ്റ് ലഭിക്കും. കോവിഡ് രോഗികളെ കൊണ്ടുപോകാന്‍ ചില സ്വകാര്യ ആംബുലന്‍സുകള്‍ അധിക ചാര്‍ജ് ഈടാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ തിരുവനന്തപുരം, ആറ്റിങ്ങല്‍ റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍മാരോട് നിര്‍ദ്ദേശിച്ചതായും ജില്ലാ കളക്ടര്‍ അറിയിച്ചു.