ജില്ല പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ സ്‌കൂൾ കലാ- ശാസ്ത്ര- കായിക മേള വിജയികളായ 1448 പ്രതിഭകളെ ആദരിച്ചു. തുടർന്ന് കായികമേള വിജയികൾക്ക് കാഷ് പ്രൈസും വിതരണം ചെയ്തു. കലോത്സവ വിജയികളായ 800, ശാസ്ത്ര മേള വിജയികളായ 375, കായിക മേള വിജയികളായ 273 പേരാണ് ആദരിക്കപ്പെട്ടത്. സംസ്ഥാന കായിക മേളയിൽ ഒന്നാം സ്ഥാനം നേടിയ 128 പേർക്ക് 3000 രൂപ, രണ്ടാം സ്ഥാനം നേടിയ 98 പേർക്ക് 2000 രൂപ, മൂന്നാം സ്ഥാനം നേടിയവർക്ക് 1000 രൂപ വീതവും നൽകി. മുൻസിപ്പൽ ടൗൺ ഹാളിൽ നടന്ന പരിപാടി കെ.വി. വിജയദാസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ. ശാന്തകുമാാരി അധ്യക്ഷയായി. മറ്റു ജില്ലകൾക്ക് മാതൃകയായ കലാ- കായിക വൈഭവമാണ് പാലക്കാട് ജില്ല പ്രകടിപ്പിക്കുന്നതെന്ന് കെ.വി. വിജയദാസ് എം.എൽ.എ പറഞ്ഞു. സംസ്ഥാനത്തിന് അഭിമാനം സമ്മാനിക്കുന്ന പ്രതിഭകളെ കേരള സർക്കാർ സംരക്ഷിക്കും. കേന്ദ്ര സർക്കാർ ജോലിയിൽ നിന്ന് ഒഴിവാക്കിയ ഫുട്ബോൾ താരം സി.കെ. വിനീതിന് കേരള സർക്കാർ ജോലി നൽകി. 14 വർഷത്തിന് ശേഷം സന്തോഷ് ട്രോഫി ജേതാക്കളായ കേരള ടീമിലെ 11 പേർക്ക് സർക്കാർ ജോലി നൽകാൻ തീരുമാനമായെന്നും എം.എൽ.എ പറഞ്ഞു. ജില്ലാ പഞ്ചായത്ത് അംഗം സി. അച്ചുതൻ, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ പി. കൃഷ്ണൻ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.സി. ബാലഗോപാൽ, ജില്ല പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ. ബിനുമോൾ, ശാസ്ത്ര ക്ലബ് സെക്രട്ടറിമാരായ വി.എ. അരുൺകുമാർ, ശാന്തൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.
കായിക പ്രതിഭകൾക്കുള്ള കാഷ് പ്രൈസ് വിതരണം ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.എൻ. കണ്ടമുത്തൻ വിശിഷ്ടാതിഥിയായി വിദ്യാർഥികളുടെ വിവിധ മേഖലകളിലെ കഴിവുകൾ വർധിപ്പിക്കാനായി നടപ്പാക്കിയ പദ്ധതികളുടെ വിജയമാണ് ഈ നേട്ടമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ജില്ല പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ. ബിനുമോൾ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം പി. ശ്രീജ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.സി. ബാലഗോപാൽ തുടങ്ങിയവർ പങ്കെടുത്തു.