ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടന കാലത്ത് കോവിഡ് 19 വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ‘കരുതലോടെ ശരണയാത്ര’ ബോധവത്ക്കരണ കാമ്പയിന്റെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ പി.ബി. നൂഹ്  നിര്‍വഹിച്ചു. കാമ്പയിന്‍ ലോഗോ പ്രകാശനം ചെയ്താണ് കളക്ടര്‍ ഉദ്ഘാടനം നിര്‍വഹിച്ചത്.
ശബരിമല തീര്‍ത്ഥാടനകാലത്ത് കോവിഡ് 19 വ്യാപനം തടഞ്ഞു സുരക്ഷിതവും ആരോഗ്യപൂര്‍ണവും ആക്കുന്നതിനുവേണ്ടി ജില്ലാ ഭരണകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും, ആരോഗ്യ കേരളം പത്തനംതിട്ടയുടെയും ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന ബോധവത്കരണ കാമ്പയിനാണ് ‘കരുതലോടെ ശരണയാത്ര’.
ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് വളരെ ഫലപ്രദമായൊരു കാമ്പയിനായി ഇതു മാറുമെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് പറഞ്ഞു. കോവിഡ് രോഗബാധയില്ലാത്ത ഒരു ശബരിമല തീര്‍ഥാടനകാലം ഉറപ്പുവരുത്താന്‍ ഈ കാമ്പയിന്‍ വഴി സാധിക്കട്ടെയെന്നും ജില്ലാ കളക്ടര്‍ ആശംസിച്ചു.
തീര്‍ത്ഥാടനകാലത്ത് അനുവര്‍ത്തിക്കേണ്ട കോവിഡ് 19 മാനദണ്ഡങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ട് രോഗവ്യാപനം തടയുക, മലകയറുമ്പോള്‍ ശ്രദ്ധിക്കേണ്ട ആരോഗ്യകരമായ ശീലങ്ങള്‍ തീര്‍ത്ഥാടകരിലേക്ക് എത്തിച്ചുകൊണ്ട് ഹൃദയാഘാതം, ശ്വാസതടസം എന്നിവ മൂലമുള്ള അപകടങ്ങള്‍ കുറയ്ക്കുക, ശബരിമല തീര്‍ത്ഥാടനത്തോട് അനുബന്ധിച്ച് ആരോഗ്യവകുപ്പ് നടപ്പിലാക്കുന്ന പരിപാടികള്‍ തീര്‍ത്ഥാടകരിലും ജനങ്ങളിലും എത്തിക്കുക എന്നതാണ് ‘കരുതലോടെ ശരണയാത്ര’ കാമ്പയിന്റെ ലക്ഷ്യങ്ങള്‍.
എങ്ങനെയാണ് ക്യാമ്പയിന്‍ പ്രവര്‍ത്തിക്കുക?
പ്രിന്റ്, ഇലക്ട്രോണിക്്, സോഷ്യല്‍ മീഡിയ വഴി സന്ദേശങ്ങള്‍ പ്രചരിപ്പിക്കും. നിലയ്ക്കല്‍, പമ്പ തീര്‍ത്ഥാടനപാത, പ്രധാന ഇടത്താവളങ്ങള്‍ എന്നിവിടങ്ങളില്‍ ആരോഗ്യ സന്ദേശങ്ങള്‍ അടങ്ങിയ ബഹുഭാഷാ ബോര്‍ഡുകള്‍ സ്ഥാപിക്കും. മലകയറുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വിവിധ ഭാഷകളില്‍ രേഖപ്പെടുത്തിയ ബാനറുകള്‍ പ്രധാന സ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിക്കും. തീര്‍ഥാടകര്‍ക്ക് അവബോധം നല്‍കുന്നതിനായി പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ വിവിധ ഭാഷകളില്‍ അനൗണ്‍സ്മെന്റ് നടത്തും. തീര്‍ഥാടനകാലം പുരോഗമിക്കുന്നതനുസരിച്ച് വരുന്ന മാറ്റങ്ങള്‍ക്കും സാഹചര്യങ്ങള്‍ക്കും അനുസൃതമായി ബോധവല്‍ക്കരണ സന്ദേശങ്ങള്‍ രൂപപ്പെടുത്തി പ്രചരിപ്പിക്കും.
സംസ്ഥാനത്തിനകത്തു നിന്നും പുറത്തു നിന്നും നിരവധി ആളുകള്‍ തീര്‍ത്ഥാടനത്തിന് എത്തിച്ചേരുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ ശരിയായി നടപ്പാക്കുന്നതിനും ഇതിനോടനുബന്ധിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും ഈ ക്യാമ്പയിന്‍ സഹായകരമാകും.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എ.എല്‍ ഷീജ, ആരോഗ്യ കേരളം പത്തനംതിട്ട ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എബി സുഷന്‍, ഡെപ്യൂട്ടി ഡിഎംഒ: ഡോ.എം.എസ് രശ്മി, ജില്ലാ എഡ്യുക്കേഷന്‍ മീഡിയ ഓഫീസര്‍ എ.സുനില്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.