തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇടുക്കി ജില്ലയിൽ കൺട്രോൾറൂം തിങ്കളാഴ്ച പ്രവർത്തനം ആരംഭിക്കും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവരങ്ങൾ കൃത്യമായി ഏകോപിപ്പിക്കുക, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ലഭിക്കുന്ന പരാതികൾ, അപേക്ഷകൾ, ഫോൺ സന്ദേശങ്ങൾ എന്നിവ കൃത്യമായി രേഖപ്പെടുത്തി ജില്ലാ കളക്ടർ, വരണാധികാരികൾ, ഉപ വരണാധികാരികൾ, മറ്റ് അധികാരികൾ എന്നിവർക്ക് കൈമാറുക, സന്ദേശങ്ങൾ കൃത്യമായി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തുക, ഇ-മെയിൽ സന്ദേശങ്ങൾ കൃത്യമായി പരിശോധിക്കുക, വരണാധികാരികൾ, ഉപവരണാധികാരികൾ എന്നിവർക്ക് ആവശ്യമെങ്കിൽ സാങ്കേതിക സഹായം ലഭ്യമാക്കുക എന്നിവയാണ് കൺട്രോൾ റൂമിൻ്റെ പ്രവർത്തന ചുമതലകൾ. ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കളക്ടറുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് കൺട്രോൾ റൂമിൻ്റെ പ്രവർത്തനം.

ജില്ലാ ഇൻഫർമേഷൻ ഓഫീസിൻ്റെ മുകളിലത്തെ നിലയിലെ ഹാളിലാണ് കൺട്രോൾ റൂം ആരംഭിക്കുന്നത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കുന്നതിനും സംശയം ദൂരികരിക്കുന്നതിനും പൊതുജനങ്ങൾക്കും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഉദ്യാഗസ്ഥർക്കും കൺട്രോൾ റൂമിൽ വിളിക്കാവുന്നതാണ്. രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെയാണ് കൺട്രോൾറൂം പ്രവർത്തിക്കുക.
കൺട്രോൾ റൂം ഫോൺ നമ്പറുകൾ –
04862 232400, 232440
9496328171.

#election2020