കോട്ടയം : കോവിഡ് പ്രതിരോധ മുന്‍കരുതലിന്‍റെ ഭാഗമായി ക്രിമിനല്‍ നടപടി നിയമം 144 പ്രകാരം കോട്ടയം ജില്ലയില്‍  പ്രഖ്യാപിച്ച നിരോധാനജ്ഞ നീട്ടില്ലെന്നും രോഗ പ്രതിരോധത്തിനായുള്ള നിയന്ത്രണങ്ങള്‍ തുടരുമെന്നും ജില്ലാ കളക്ടര്‍ എം. അഞ്ജന അറിയിച്ചു.

നിരോധനാജ്ഞയുടെയും കോവിഡ് പ്രതിരോധ നടപടികളുടെയും നിര്‍വഹണം ഉറപ്പാക്കുന്നതിനായി നിയോഗിക്കപ്പെട്ട സെക്ടര്‍ മജിസ്ട്രേറ്റുമാരുടെ നേതൃത്വത്തിലുള്ള നിരീക്ഷണ സംഘങ്ങളുടെ പ്രവർത്തന കാലാവധി തീർന്നെങ്കിലും മുന്‍പ് നിലവിലുണ്ടായിരുന്നതുപോലെ ഇന്‍സിഡന്‍റ് കമാന്‍ഡര്‍മാര്‍ രോഗപ്രതിരോധവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളുടെ മേല്‍നോട്ടം നിര്‍വഹിക്കും. എല്ലാ കേന്ദ്രങ്ങളിലും നിരീക്ഷണത്തിന് ക്വിക്ക് റെസ്പോണ്‍സ് ടീമുകള്‍ ഉണ്ടാകും.

സാമൂഹിക അകലം പാലിക്കാതിരിക്കുക, മാസ്ക് ഉപയോഗിക്കാതിരിക്കുകയോ ശരിയായ രീതിയില്‍ ഉപയോഗിക്കാതിരിക്കുകയോ ചെയ്യുക, അനാവശ്യമായി കൂട്ടം കൂടുക തുടങ്ങിയ നിയമലംഘനങ്ങള്‍ക്കെതിരെ പിഴ ഇടാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ തുടരും.

സെക്ടര്‍ മജിസ്ട്രേറ്റുമാരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘത്തിന്‍റെ സേവനം ജില്ലയില്‍ സന്പര്‍ക്ക വ്യാപനത്തിന്‍റെ തോത് കുറയ്ക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചതായി കളക്ടര്‍ പറഞ്ഞു. ഇതുവരെ കോവിഡ് രോഗപ്രതിരോധ നിര്‍ദേശ ലംഘനങ്ങളുമായി ബന്ധപ്പെട്ട് 31494 പേര്‍ക്കെതിരെ ഇവര്‍ നടപടി സ്വീകരിച്ചു.