ലഹരി ഉപയോഗിക്കുന്നവര്‍ക്കെതിരെയുള്ള നിയമ നടപടികള്‍ ശക്തമാക്കുന്നതിനായി നിയമഭേദഗതി അനിവാര്യമാണെന്ന് എക്സൈസ് കമ്മീഷനര്‍ ഋഷിരാജ് സിങ് പറഞ്ഞു. വാളയാറില്‍ കാറില്‍ കടത്തിയ 36 കോടിയുടെ ഹാഷിഷ് ഓയില്‍ പിടിച്ചെടുത്ത എക്സൈസ് ഉദ്യോഗസ്ഥരെ അനുമോദിച്ച് സംസാരിക്കുകയായിരുന്നു എക്സൈസ് കമ്മീഷനര്‍.
നിലവില്‍ ഒരു കിലോയില്‍ താഴെ ലഹരി പദാര്‍ഥങ്ങള്‍ കൈവശം വെയ്ക്കുന്നവര്‍ക്ക് എളുപ്പത്തില്‍ ജാമ്യം ലഭിക്കുന്ന അവസ്ഥയാണുള്ളത്. ഒരു കിലോ എന്നത് നൂറ് ഗ്രാമാക്കി മാറ്റുവാനും പിഴ വര്‍ധിപ്പിക്കാനുമുള്ള നിയമഭേദഗതിക്ക് കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കഞ്ചാവ് ഉള്‍പ്പടെയുള്ള ആധുനിക ലഹരി പദാര്‍ഥങ്ങളുടെ ഉപയോഗം കുട്ടികളിലാണ് കൂടുതല്‍ കണ്ടുവരുന്നത്. ഇത്തരം കേസുകളില്‍ ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം നിലവില്‍ പൊലീസിന് മാത്രമേ കേസെടുക്കാന്‍ അധികാരമുള്ളൂ. എക്സൈസിനും ജുവനൈല്‍ ജസ്റ്റിസ് നിയമം ഉപയോഗിക്കാനുള്ള അധികാരം ആവശ്യപ്പെടും.
സംസ്ഥാനത്ത് മെഡിക്കല്‍ സ്റ്റോറുകളില്‍ ഡോക്റ്ററുടെ കുറിപ്പില്ലാതെ നര്‍ക്കോട്ടിക് മരുന്നുകള്‍ വിതരണം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഡ്രഗ് ഇന്‍സ്‌പെക്റ്റര്‍മാരുടെ സഹായത്തോടെ എക്സൈസ് വകുപ്പ് മെഡിക്കല്‍ സ്റ്റോറുകളില്‍ പരിശോധന നടത്തുന്നുണ്ട്. പരിശോധനയുടെ ഭാഗമായി 23 മെഡിക്കല്‍ സ്റ്റോറുകള്‍ കഴിഞ്ഞ വര്‍ഷം അടച്ചുപൂട്ടി. എല്ലാ ജില്ലകളിലും എക്സൈസ് വകുപ്പില്‍ മനശാസ്ത്രജ്ഞനെ നിയമിക്കും. വാളയാറില്‍ പ്രവര്‍ത്തിച്ചിരുന്ന വാണിജ്യ നികുതി വകുപ്പ് ചെക്ക് പോസ്റ്റ് എക്സൈസ് ചെക്പോസ്റ്റാക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടും. എക്സൈസ് വകുപ്പ് ആധുനികവത്ക്കരിക്കുന്നതിന്റെ ഭാഗമായി ഡ്രോണ്‍ കാമറകള്‍ ഉപയോഗിക്കും. ആദ്യ ഘട്ടത്തില്‍ കാമറകള്‍ വാടകയ്ക്കെടുത്ത് പ്രവര്‍ത്തിപ്പിക്കും. വനപ്രദേശങ്ങളിലും എത്തിപ്പെടാന്‍ പ്രയാസമുള്ളയിടങ്ങളിലും ഡ്രോണ്‍ കാമറകള്‍ ഉപയോഗിച്ച് കഞ്ചാവ് കൃഷി, വ്യാജ വാറ്റ് എന്നിവ കണ്ടെത്താനാകും.എക്സൈസ് വകുപ്പ് നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്നതിനാലാണ് കേരളത്തില്‍ ലഹരിക്കെതിരെയുള്ള കേസുകള്‍ വര്‍ധിക്കുന്നത്. ‘വിമുക്തി’ പദ്ധതിയില്‍ ലഹരിക്കെതിരെയുള്ള ബോധവത്ക്കരണ പ്രവര്‍ത്തനം മികച്ച രീതിയില്‍ നടക്കുന്നുണ്ടെന്നും എക്സൈസ് കമ്മീഷനര്‍ പറഞ്ഞു.