ആലപ്പുഴ: തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന പൊതുതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ടുള്ള സംശയങ്ങള്‍ക്ക് നിവാരണം നടത്തുന്നതിനും പരാതികളില്‍ അടിയന്തര നടപടി സ്വീകരിക്കുന്നതിനും രൂപീകരിച്ച ജില്ലാതല മോണിറ്ററിംഗ് സെല്‍ ഇന്ന് (നവംബർ17) വൈകീട്ട് മൂന്നിന് കളക്ടറുടെ ചേമ്പറില്‍ ആദ്യയോഗം ചേരും.
ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റികള്‍ രൂപീകരിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ സെക്രട്ടറി നേരത്തെ ഉത്തരവിറക്കിയിരുന്നു. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടറാണ് മോണിട്ടറിംഗ് സെല്ലിന്റെ ചെര്‍പേഴ്‌സണ്‍. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കണ്‍വീനറും ജില്ലാ പോലീസ് മേധാവി, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്നിവര്‍ അംഗങ്ങളുമാണ്.
പെരുമാറ്റച്ചട്ട ലംഘനം സംബന്ധിച്ച പരാതികളില്‍ ഉടന്‍ പരിഹാരം കാണുന്നതിന് മോണിട്ടറിംഗ് സെല്‍ നടപടി സ്വീകരിക്കും. കുറ്റക്കാര്‍ക്കെതിരെ ആവശ്യമെങ്കില്‍ നിയമനടപടി സ്വീകരിക്കും. കമ്മീഷന്റെ ഇടപെടല്‍ ആവശ്യമുള്ള വിഷയങ്ങള്‍ റിപ്പോര്‍ട്ട് സഹിതം കമ്മീഷന്റെ ശ്രദ്ധയില്‍ പെടുത്തണമെന്നും ഉത്തരവില്‍ പറയുന്നു.
രണ്ടു ദിവസത്തില്‍ ഒരിക്കല്‍ സെല്‍ യോഗം ചേരും.