വയനാട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിനുള്ള മാതൃകാ പെരുമാറ്റചട്ടവുമായി ബന്ധപ്പെട്ട സംശയനിവാരണം നടത്തുന്നതിനും പരാതികളില്‍ അടിയന്തര പരിഹാര നടപടി സ്വീകരിക്കുന്നതിനും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരം ജില്ലാതലത്തില്‍ മോണിറ്ററിങ് സെല്‍ രൂപീകരിച്ചു. ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയായ ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള ചെയര്‍പെഴ്സണായ സെല്ലിന്റെ കണ്‍വീനര്‍ പഞ്ചായത്ത് ഉപഡയറക്ടര്‍ പി. ജയരാജാണ്. ജില്ലാ പൊലീസ് മേധാവി ജി.പൂങ്കുഴലി, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ കെ.ജയപ്രകാശ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. മുഹമ്മദ് എന്നിവര്‍ സമിതിയില്‍ അംഗങ്ങളാണ്.
സമിതിയുടെ ആദ്യയോഗം ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. പെരുമാറ്റചട്ടം കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന് നിരീക്ഷണം ശക്തമാക്കാന്‍ യോഗം തീരുമാനിച്ചു. യോഗത്തില്‍ അംഗങ്ങള്‍ക്കു പുറമെ എ.ഡി.എം. കെ. അജീഷ്, എം.സി.സി നോഡല്‍ ഓഫീസറായ ഡെപ്യൂട്ടി കലക്ടര്‍ ഇ. മുഹമ്മദ് യൂസുഫ് എന്നിവര്‍ പങ്കെടുത്തു.