തദ്ദേശ തിരഞ്ഞെടുപ്പ് ദിവസം വോട്ട് ചെയ്യുന്നിന് സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് അവധി അനുവദിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിറക്കി. വേതനം കുറയ്ക്കാതെ അവധി നൽകാനാണ് ഉത്തരവ്.

സ്വകാര്യ വാണിജ്യ-വ്യാപാര സ്ഥാപനങ്ങളിലെയും മറ്റ് സ്ഥാപനങ്ങളിലെയും ജീവനക്കാർക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്ന ജില്ലകളുടെ അടിസ്ഥാനത്തിൽ അവധി അനുവദിച്ചിരിക്കുന്നത്. ഡിസംബർ എട്ടാം തിയതി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലേയും ഡിസംബർ പത്തിന് കോട്ടയം എറണാകുളം, തൃശൂർ, പാലക്കാട്,  വയനാട് ജില്ലകളിലേയും ഡിസംബർ 14ന് മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സ്വന്തം ജില്ലക്ക് പുറത്ത് ജോലിയുള്ളവർക്ക് വോട്ടെടുപ്പ് ദിവസം സ്വന്തം ജില്ലയിലെ പോളിംഗ് സ്‌റ്റേഷനിൽ പോയി വോട്ടു ചെയ്യാൻ പ്രത്യേക അനുമതി നൽകാമെന്നും ഉത്തരവിൽ പറയുന്നു. അവധി നൽകാത്തത് പിഴ ഈടാക്കാവുന്ന കുറ്റമാണ്.